പക്ഷിപ്പനി; അതിർത്തിയിൽ വാഹന പരിശോധന, പിടിച്ചെടുക്കാനും നിർദേശം
text_fieldsകുമളി: സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ കോഴികളിൽ പക്ഷിപ്പനി രോഗം ബാധിച്ചത് കണ്ടെത്തിയതിനെ തുടർന്ന് കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് കോഴി, മുട്ട, താറാവ് എന്നിവ കൊണ്ടുവരുന്നത് വിലക്കി തമിഴ്നാട് അധികൃതർ. ആലപ്പുഴ ജില്ലയിൽ നിന്നും തമിഴ്നാടിന്റെ മിക്ക ജില്ലകളിലേക്കും താറാവ്, മുട്ട, നാടൻ കോഴി എന്നിവ വില്പന നടത്തിവന്നിരുന്നു. ഇതാണ് ഇപ്പോൾ തടഞ്ഞിരിക്കുന്നത്. ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി ബാധിച്ച് നിരവധി താറാവുകൾ, കോഴികൾ എന്നിവ ചത്തതിനെ തുടർന്നാണ് നടപടി.
കേരളത്തിൽ നിന്ന് കോഴി, കോഴിമുട്ട, താറാവ്, കാലിത്തീറ്റ, കോഴിത്തീറ്റ, മറ്റ് ഉത്പന്നങ്ങൾ എന്നിവയുമായി അതിർത്തി കടക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ തേനി കളക്ടർ ആർ.ഷജീവന കഴിഞ്ഞ ദിവസം നിർദേശം നൽകി. ഇതോടൊപ്പം തേനി ജില്ലയിലെ വിവിധ ഫാമുകളിൽ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ജില്ലയിലെ കുമളി, കമ്പംമെട്ട്, ബോഡിമെട്ട് എന്നീ അതിർത്തി മേഖലകളിൽ തമിഴ്നാട് മൃഗസംരക്ഷണ അധികൃതരുടെ മേൽനോട്ടത്തിൽ താൽക്കാലിക ചെക് പോസ്റ്റുകൾ തയാറാക്കിയാണ് കേരളത്തിൽ നിന്ന് വരുന്ന വാഹനങ്ങൾ പരിശോധിക്കുന്നത്. മുഴുവൻ വാഹനങ്ങളിലും അണുനാശിനി തളിച്ച് അണുവിമുക്തമാക്കിയ ശേഷമാണ് യാത്ര ചെയ്യാൻ അനുവദിക്കുന്നത്.
വേനൽ കടുത്തതോടെയാണ് പല ഭാഗത്തും പക്ഷിപ്പനി ബാധിച്ച് കോഴികൾ ചാകുന്നത്. വേഗം പടരുമെന്നതിനാൽ രോഗം ബാധിച്ച പ്രദേശങ്ങളിൽ കൂട്ടത്തോടെ കോഴി, താറാവ് എന്നിവ ചാകുന്നതാണ് പതിവ്. തമിഴ്നാട്ടിലും പതിവായി രോഗം ബാധിച്ച് കോഴികൾ കൂട്ടത്തോടെ ചാകാറുണ്ടെങ്കിലും ഇക്കാര്യം മറച്ചു വെയ്ക്കുന്നതും പതിവാണ്. കേരളത്തിന്റെ പല ഭാഗത്തേയ്ക്കും ഓരോ ദിവസവും ആയിരകണക്കിന് കോഴികളും കോഴിമുട്ടകളുമാണ് തമിഴ്നാട്ടിൽ നിന്നെത്തിക്കുന്നത്. ഇവ, അതിർത്തിയിൽ ഒരു വിധത്തിലുമുള്ള പരിശോധനയുമില്ലാതെയാണ് കേരളത്തിലെ കടകളിൽ വിറ്റഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.