വികസന പാതയിൽ ചെറുതോണി
text_fieldsപ്രളയവും കോവിഡും കടന്നു പോയി. ഇടുക്കി ജില്ല ആസ്ഥാനമായ ചെറുതോണിക്കിനി വികസനത്തിന്റെ നാളുകളാണ്. പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഇടുക്കി കാണാൻ വിനോദ സഞ്ചാരികൾ വീണ്ടുമെത്തിത്തുടങ്ങി. ചെറുതോണി പട്ടണത്തിന്റെ മുഖഛായ തന്നെ മാറ്റുന്ന പാലത്തിന്റെ നിർമാണ ജോലികൾ അവസാന ഘട്ടത്തിലാണ്. ഇടുക്കിയുടെ ചിരകാല സ്വപ്നമായ ഇടുക്കി മെഡിക്കൽ കോളജ് ഒരു മാസത്തിനുള്ളിൽ പൂർണ സജ്ജമാകും. ആധുനിക രീതിയിലുള്ള ബസ് ടെർമിനലിന്റെ ജോലികളും പുരോഗമിക്കുന്നു.
കൊടും വനമായിരുന്ന ചെറുതോണി പ്രദേശത്തേക്ക് 1950ന് ശേഷമാണ് ജനങ്ങൾ കുടിയേറി തുടങ്ങിയത്. ഇടുക്കി അണക്കെട്ടിന്റെ പ്രാരംഭ ജോലികൾ ആരംഭിച്ചതോടെ ജനവാസവും കൂടി. വാഴത്തോപ്പ് പഞ്ചായത്ത് നിലവിൽ വന്നത് ചെറുതോണിയുടെ വളർച്ചക്ക് ആക്കം കൂടി. ഇടുക്കി ഡാം നിർമാണ കാലത്ത് സാമഗ്രികൾ കൊണ്ടുവരാൻ നിർമിച്ച പഴയ പാലം കഴിഞ്ഞ പ്രളയത്തിൽ ഡാം തുറന്നു വിട്ടതോടെ തകർന്നു.
അമ്പതോളം കച്ചവടസ്ഥാപനങ്ങളും ഒലിച്ചുപോയി. പുതിയ പാലം പൂർത്തിയാകുന്നതോടെ ചെറുതോണിയുടെ വ്യാപാര, വാണിജ്യ മേഖലയിൽ വൻ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.
സഞ്ചാരികളുടെ വസന്തഭൂമി
സീസൺ തുടങ്ങിയതോടെ ഇടുക്കി ആർച് ഡാം സന്ദർശിക്കാൻ നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്. മനം കുളിർപ്പിക്കുന്ന പ്രകൃതി സൗന്ദര്യവും നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഇടുക്കി തടാകവും കാനനഭംഗിയും മലനിരകളും ആരെയും ആകർഷിക്കും ജില്ല പഞ്ചായത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ചരിത്ര മ്യൂസിയവും ഹിൽവ്യൂ പാർക്കും കൊലുമ്പൻ സമാധിയുമെല്ലാം ഇവിടത്തെ ആകർഷണങ്ങളാണ്. 60 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന മൂന്നു പുഴകളെ തടഞ്ഞുനിർത്തുന്ന ഒരൊറ്റ ജലസംഭരണി.
പ്രധാന കവാടം കഴിഞ്ഞ് ആറു കിലോമീറ്ററിലധികം വരുന്ന റോഡിലൂടെ നടക്കുമ്പോൾ വിവിധ വലുപ്പത്തിലുള്ള നിരവധി തുരങ്കങ്ങൾ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തും. അണക്കെട്ട് സ്ഥിതി ചെയ്യുന്നിടത്തുനിന്ന് കിഴക്ക് തെക്കു ദിശകളിലായി ഏകദേശം ഒന്നര മണിക്കൂർ ബോട്ടുയാത്രക്കുള്ള ദൂരത്തിലാണ് പ്രകൃതിദത്തമായ ജലസംഭരണി. ചെറുതോണി പട്ടണത്തിൽനിന്ന് തൊടുപുഴക്ക് പോകുന്ന വഴിയിൽ ആർച് ഡാമിലേക്ക് തിരിയുന്ന ജങ്ഷനിലാണ് കൊലുമ്പൻ സമാധിയും വെങ്കല പ്രതിമയോടു കൂടിയ മണ്ഡപവും. ഡാമിലേക്ക് പോകുന്ന വഴിയിലാണ് ഹിൽവ്യൂ പാർക്ക്. ഇവിടെ ആരംഭിച്ച സാഹസിക വിനോദ സഞ്ചാര പദ്ധതികൾ അണക്കെട്ട് കാണാനെത്തുന്ന സന്ദർശകരെ ആകർഷിക്കുന്നു. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന ഹിൽ വ്യൂ പാർക്കിൽ വാഴത്തോപ്പ് സർവിസ് സഹകരണ ബാങ്കാണ് സാഹസിക ടൂറിസത്തിന് തുടക്കം കുറിച്ചത്.
മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ജലാശയത്തിന്റെയും കോട്ടയം, എറണാകുളം ജില്ലകളുടെയും വിദൂര കാഴ്ചകൾ ആരെയും മോഹിപ്പിക്കും. പാൽക്കുളംമേടും കാൽവരി മൗണ്ടുമാണ് മറ്റ് ആകർഷണങ്ങൾ. നാടുകാണി പവിലിയനിൽ നിന്നാൽ കൗതുകങ്ങളുടെ താഴ്വര കാണാം. അതിവേഗം വളരുന്ന ജില്ല ആസ്ഥാനം സഞ്ചാരികളുടെ കൂടി പ്രിയ കേന്ദ്രമായി മാറുകയാണ്.
വികസനത്തിനായി ഒരുമിക്കാം
ലോക ഭൂപടത്തിൽ അടയാളപ്പെടുത്തപ്പെട്ട ഇടുക്കി 1972ൽ രൂപം കൊണ്ടപ്പോൾ വികസനം സ്വപ്നം കണ്ടവർക്ക് അര നൂറ്റാണ്ടിലേറെ കാത്തിരിക്കേണ്ടിവന്നു. വൈകിവന്ന വസന്തം ജില്ല ആസ്ഥാനത്തിന്റെ മുഖഛായക്ക് മനോഹരമായ രൂപവും ഭാവവും നൽകി വരികയാണ്. അരനൂറ്റാണ്ടിന്റെ കാത്തിരിപ്പ് സഫലമാക്കി ചെറുതോണിയിൽ ബസ്സ്റ്റാൻഡും മെഡിക്കൽ കോളജും നിലവിൽവന്നു കഴിഞ്ഞു. ചെറുതോണിയുടെ വികസനത്തിന് മാസ്റ്റർ പ്ലാൻ തയാറായി.
ഇടുക്കി എം.എൽ.എയും മന്ത്രിയുമായ റോഷി അഗസ്റ്റിനും മറ്റ് നേതാക്കളും വികസനത്തിന്റെ കാര്യത്തിൽ പക്ഷമില്ലാതെ പ്രവർത്തിച്ചതിൽ സർക്കാറിനെയും ജനപ്രതിനിധികളെയും ത്രിതല പഞ്ചായത്തുകളെയും അഭിനന്ദിക്കുന്നു. വികസനത്തിനായി നമുക്ക് ഒരുമിക്കാം.
കുതിക്കുന്നു, പുതിയ കാലത്തിലേക്ക്
അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമം ഇട്ട് ഇടുക്കി ജില്ല ആസ്ഥാനത്തിന്റെ കവാടമായ ചെറുതോണിയും വികസനത്തിന്റെ പുളകച്ചാർത്ത് അണിയുന്നു. പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കാൻ ചെറുതോണി ആറിന് കുറുകെ പുത്തൻ സാങ്കേതികവിദ്യയോടെ നിർമിക്കുന്ന കൂറ്റൻപാലം, പ്രൗഢഗംഭീരമായ ബസ് ടെർമിനൽ, ജില്ലയുടെ ആരോഗ്യ രംഗത്തെ വിപ്ലവകരമായ കാൽവെപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന ഇടുക്കി മെഡിക്കൽ കോളജ്, മലയോര ഹൈവേ, ടൂറിസം മേഖലയിലെ വൻ കുതിച്ചുചാട്ടം...അങ്ങനെ വികസനത്തിന്റെ പെരുമ്പറ മുഴങ്ങുകയാണ്.
ചെറുതോണിയും ജില്ല ആസ്ഥാനവും വികസിപ്പിക്കാനാവശ്യമായ ഭൂവിസ്തൃതിയുണ്ടെങ്കിലും നിർമാണനിരോധനം ഉൾപ്പെടെയുള്ള നിയമക്കുരുക്കുകൾ പലപ്പോഴും വിഘാതം സൃഷ്ടിച്ചിരുന്നു. എന്നാൽ, ജില്ല ആസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഇപ്പോൾ നടന്നുവരുന്ന പദ്ധതികൾ എന്തുകൊണ്ടും ശ്ലാഘനീയമാണ്. അതിന് നേതൃത്വവും പ്രോത്സാഹനവും നൽകുന്ന സർക്കാറിനെ ഈ അവസരത്തിൽ അഭിനന്ദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.