16 ലക്ഷം മുടക്കി; വിശ്രമകേന്ദ്രവും ശൗചാലയവും; അടഞ്ഞുതന്നെ
text_fieldsചെറുതോണി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് 16 ലക്ഷം രൂപ മുടക്കി പുന്നയാറ്റിൽ നിർമിച്ച വിശ്രമകേന്ദ്രവും ശൗചാലയവും ആർക്കും പ്രയോജനമില്ലാതെ അടഞ്ഞുകിടക്കുന്നു. പുന്നയാർ വിനോദസഞ്ചാര കേന്ദ്രം വികസന പദ്ധതിയുടെ ഭാഗമായി ആറുമാസം മുമ്പാണ് നിർമാണം പൂർത്തിയാക്കിയത്. എന്നാൽ, പദ്ധതിക്കു വേണ്ടി തുക ചെലവഴിക്കാൻ ഉത്സാഹം കാണിച്ച ജനപ്രതിനിധികളും അധികൃതരും അതു തുറന്നുകൊടുക്കാൻ താൽപര്യം കാണിക്കുന്നില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന സമയത്താണ് ശൗചാലയം അടഞ്ഞുകിടക്കുന്നത്. ജില്ലയിലെതന്നെ അതിപ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഉയർന്നുവരുന്ന പ്രദേശമാണ് പുന്നയാർകുത്ത്. ഏതാനും വർഷംമുമ്പ് മാത്രമാണ് ഈ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത പുറംലോകം അറിഞ്ഞത്. ഇതോടെ മൺസൂൺ കാലത്തു പ്രതിദിനം നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് വരുന്നത്. മഴ സമയങ്ങളിലും മറ്റും ഇവിടെയെത്തുന്നവർക്ക് വിശ്രമിക്കാൻ സൗകര്യങ്ങളും വേറെയില്ല. ത്രിതല പഞ്ചായത്തുകൾ പുന്നയാർ ടൂറിസം വികസന പ്രവർത്തനങ്ങൾക്ക് ഒരു പരിഗണനയും നൽകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.