അനുമതി നിഷേധിച്ച് 726 പട്ടയങ്ങൾ
text_fieldsചെറുതോണി: പട്ടയം നൽകുന്നതിന് അനുമതി നിഷേധിച്ചതിനെത്തുടർന്ന് ഇടുക്കി, കഞ്ഞിക്കുഴി വില്ലേജുകളിലായി നല്കിയതും നടപടികൾ പൂര്‍ത്തിയായതുമായ 726 പട്ടയങ്ങൾ അനിശ്ചിതത്വത്തിൽ. പട്ടയം നൽകുന്നതിനെ സംബന്ധിച്ച് പരാതിയുണ്ടായതിനെത്തുടര്‍ന്ന് പട്ടയ വിതരണം നിർത്തിവെച്ച് സര്‍ക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് ഈ പട്ടയങ്ങളുടെ കാര്യത്തിൽ അനിശ്ചിതത്വമുണ്ടായത്.
വിജിലന്സുള്പ്പെടെ അഞ്ച് ഏജന്‍സികൾ ഇതുസംബന്ധിച്ച് അന്വേഷണം നടത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഫയൽ ഇപ്പോഴും പൊടിപിടിച്ചു കിടക്കുകയാണ്. പല പട്ടയങ്ങളും നിബന്ധനകൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനാലാണ് തടഞ്ഞുവെച്ചിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.
ബാക്കിയുള്ളവരുടെ അപേക്ഷകളും കെട്ടിക്കിടക്കുകയാണ്. ഒരുവര്‍ഷമായി പട്ടയ നടപടികൾ ഒന്നും നടക്കുന്നില്ല. ഇതുസംബന്ധിച്ച് പുതിയ ഉത്തരവ് നല്‍കാത്തതിനാലാണ് പട്ടയ നടപടികൾ പുനരാരംഭിക്കാത്തത്. മൂന്ന് ചെയിൻ, ഗാന്ധിനഗർ കോളനി എന്നിവടങ്ങളിൽ പട്ടയം നല്‍കരുതെന്ന് കലക്ടർ രേഖാമൂലം നിർദേശം നല്‍കിയിട്ടുണ്ടെന്ന് തഹസില്‍ദാർ പറഞ്ഞു. എന്നാൽ, മറ്റുള്ള പ്രദേശത്ത് പട്ടയം കൊടുക്കരുതെന്ന് പറഞ്ഞിട്ടില്ലെങ്കിലും ഒരു ഓഫിസിലും അപേക്ഷ വാങ്ങുകയോ നടപടികൾ പൂര്‍ത്തിയാക്കുകയോ ചെയ്തിട്ടില്ല. പട്ടയ ഉത്തരവുകളിൽ വ്യക്തമല്ലാത്തതിനാൽ ഉദ്യോഗസ്ഥർ നടപടികളിൽനിന്ന് വിട്ടുനില്‍ക്കുകയാണ്.
പട്ടയം നല്‍കിയതുമായി ബന്ധപ്പെട്ട് അന്നത്തെ തഹസില്‍ദാർ വിന്‍സെന്റിനെ സസ്പെൻഡ് ചെയ്തിരുന്നു. ഉദ്യോഗസ്ഥർ പട്ടയ നടപടികളിൽ സഹകരിക്കാത്തതിന് പിന്നിൽ ഇതും ഒരു കാരണമാണ്. ഇടുക്കിയിൽ സ്ഥിരമായി തഹസില്‍ദാർ ഇല്ലാത്തതും പ്രതിസന്ധിയായാണ്.
രണ്ടു തഹസില്‍ദാര്‍മാർ സസ്പെൻഷനിലാവുകയും പിന്നീട് വന്നവർ സ്ഥലംമാറിപ്പോകുന്നതും പട്ടയനടപടികളെ ബാധിച്ചിട്ടുണ്ട്. നിലവിലെ തഹസിൽദാർ എത്തിയിട്ട് രണ്ടുമാസമേ ആയിട്ടുള്ളൂ. അദ്ദേഹത്തിന് കൊല്ലത്തേക്ക് സ്ഥലംമാറ്റം വന്നിട്ടുണ്ട്. എ.വൈ, പി.എം.എ.വൈ തുടങ്ങിയ ഭവന നിർമാണ പദ്ധതികളിൽ പ്രത്യേക കൈവശരേഖ അനുവദിക്കാൻ ഇടുക്കി താലൂക്ക് അസൈൻമെന്റ് കമ്മിറ്റിയിൽ ലഭിച്ച 33 അപേക്ഷകളിൽ 28 എണ്ണം പാസാക്കിയതായി തഹസിൽദാർ പറഞ്ഞു.
പാറപ്പുറമ്പോക്ക്, നിരോധിത മേഖല തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് തടഞ്ഞുവെച്ച അപേക്ഷ വീണ്ടും പരിശോധന നടത്തി അർഹതപ്പെട്ടവര്‍ക്ക് മുഴുവൻ കൈവശരേഖ നല്‍കണമെന്ന് താലൂക്ക് വികസന സമിതി അംഗങ്ങൾ തഹസില്‍ദാറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്ക് കൈവശരേഖ നൽകാനുള്ള അനുവാദം സർക്കാർ നൽകിയിട്ടും കഞ്ഞിക്കുഴി പഞ്ചായത്തിൽനിന്ന് മാത്രമേ ഇതുവരെ അപേക്ഷ ലഭിച്ചിട്ടുള്ളൂവെന്നും റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.