വിയറ്റ്നാമിന് ഇവിടെയൊരു കുന്ന്
text_fieldsചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ 17ാം വാർഡായ വെൺമണിക്കടുത്തുള്ള സ്ഥലമാണ് വിയറ്റ്നാം കുന്ന്. കാൽനൂറ്റാണ്ട് മുമ്പ് ആർക്കും വേണ്ടാതിരുന്ന പ്രദേശം. ഇപ്പോൾ വിയറ്റ്നാം കുന്ന് ആകെ മാറിയിരിക്കുന്നു.ഈ പേര് എങ്ങനെ വന്നു എന്ന് പഴമക്കാർക്കും കൃത്യമായി അറിയില്ല. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശത്തെ കുടിയേറ്റ കർഷകർ പരിഹാസരൂപേണ വിളിച്ച പേര് പിന്നീട് സ്ഥിരമാകുകയായിരുന്നു എന്ന് പറയുന്നു. ചേലച്ചുവട്-വണ്ണപ്പുറം റോഡ് വന്നതോടെ വിയറ്റ്നാം കുന്നിെൻറ മുഖച്ഛായതന്നെ മാറി.
വരിക്കമുത്തനിൽനിന്ന് ഒന്നര കിലോമീറ്റർ ഉള്ളിലേക്ക് നടന്നാൽ വിയറ്റ്നാം കുന്നായി. കുടിവെള്ള ക്ഷാമംതന്നെയാണ് ഇപ്പോഴും ഇവിടുത്തെ പ്രധാന പ്രശ്നം. ഇതേച്ചൊല്ലി ചിലപ്പോൾ വാക്തർക്കങ്ങൾ വരെയുണ്ടാകും.റോഡും വൈദ്യുതിയും എത്തിയതോടെ നാട്ടിൻപുറത്തുനിന്ന് ആൾക്കാരെത്തി സ്ഥലങ്ങൾ വാങ്ങി. പുതിയ കെട്ടിടങ്ങളും റിസോർട്ടുകളും വരെ ഉയർന്നു. ചെറിയ പ്രദേശമായതിനാൽ ആദിവാസികളടക്കം ഇരുപതോളം കുടുംബങ്ങൾ മാത്രമാണിപ്പോഴുള്ളത്. മീനുളിയാൻ പാറ വിനോദസഞ്ചര കേന്ദ്രത്തിലേക്ക് ഇവിടെനിന്ന് മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ മതി.
ഇതുവഴിയുള്ള നടപ്പാത വികസിപ്പിച്ചാൽ വിയറ്റ്നാം കുന്ന് വഴി മീനുളിയാൻ പാറയിലെത്താം. പുരുഷന്മാർ തൊഴിൽ തേടി ജില്ലക്ക് വെളിയിലേക്ക് പോകുന്നത് സാധാരണമാണ്. ആദ്യകാലം മുതൽ പലരും കൃഷി നടത്തി പരാജയപ്പെട്ട സ്ഥലം കൂടിയാണിവിടം.മരച്ചീനി മാത്രമാണ് ഇവിടുത്തെ മണ്ണിനിണങ്ങുന്ന കൃഷി. അടുത്ത കാലത്ത് പട്ടയം സമ്പാദിച്ച് ചിലർ ഇവിടെ റിസോർട്ട് നിർമിച്ചതും വിവാദത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.