പച്ചമരുന്നുകൾ കെട്ടിക്കിടക്കുന്നു; ആദിവാസികൾക്ക് മിച്ചം പട്ടിണി മാത്രം
text_fieldsചെറുതോണി: വനത്തിൽനിന്ന് ശേഖരിക്കുന്ന പച്ചമരുന്നുകൾ വാങ്ങാൻപോലും ആളില്ലാതെ കെട്ടിക്കിടക്കുമ്പോൾ അത് ശേഖരിച്ച ആദിവാസികൾക്ക് മിച്ചം പട്ടിണി മാത്രം. പാരമ്പര്യമായി പച്ചമരുന്ന് ശേഖരിച്ച് ഉപജീവനം നടത്തുന്ന നൂറുകണക്കിന് ആദിവാസികളാണ് ഇപ്പോൾ സങ്കടക്കയത്തിൽ പെട്ടിരിക്കുന്നത്. ഹൈറേഞ്ച് വനമേഖലയിൽനിന്ന് ആദിവാസികൾ ശേഖരിക്കുന്ന പച്ചമരുന്നുകൾ സഹകരണ വകുപ്പിന്റെ കീഴിലുള്ള പട്ടികവർഗ സഹകരണ സംഘമാണ് വാങ്ങുന്നത്. ഇത്തരം നൂറിലധികം സംഘങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പ്രവർത്തിക്കുന്നത് 25ൽ താഴെ മാത്രം. ജില്ലയിൽ അടിമാലി, ദേവികുളം, വാഴത്തോപ്പ് എന്നീ മൂന്നു സംഘങ്ങൾ മാത്രമാണുള്ളത്. വനം വകുപ്പ് അധികൃതർ വർഷംതോറും നൽകുന്ന ലൈസൻസ് പ്രകാരം സംഘം നൽകുന്ന തിരിച്ചറിയൽ കാർഡുമായാണ് ആദിവാസികൾ മരുന്ന് ശേഖരിക്കാൻ വനത്തിൽ പോകുന്നത്.
തേൻ, തെള്ളി, കസ്തൂരി മഞ്ഞൾ, കാട്ടുതുളസി, ചുണ്ട തുടങ്ങിയ 150ൽപരം പച്ചമരുന്നുകളാണ് വനത്തിൽനിന്ന് ശേഖരിക്കുന്നത്. ആദിവാസികളിൽനിന്ന് സംഘം വാങ്ങുന്ന മരുന്നുകൾ സഹകരണ സംഘം ഫെഡറേഷന് നൽകും. ഫെഡറേഷൻ ഇത് ലേലം ചെയ്ത് പണം സംഘത്തിന് കൈമാറും. മാർക്കറ്റിൽ വില കൂടിയിട്ടും ഇപ്പോഴും പഴയ വിലയ്ക്കു തന്നെയാണ് ഫെഡറേഷൻ പച്ചമരുന്ന് ലേലം ചെയ്യുന്നത്. അർഹമായ വില ലഭിക്കാതായതോടെ പലരും മരുന്ന് ശേഖരിക്കൽ നിർത്തി. 10 വർഷം മുമ്പുവരെ ഒരു സംഘത്തിൽ കുറഞ്ഞത് 100 ടൺ പച്ചമരുന്ന് എത്തിയിരുന്നു. ഇപ്പോഴത് 20 ടണ്ണിൽ താഴെയായി ചുരുങ്ങി. വനം വകുപ്പ് അധികൃതർ വർഷം തോറും കൃത്യമായി ലൈസൻസ് പുതുക്കി നൽകാറില്ലെന്നും ആദിവാസികൾ പറയുന്നു. ഇവർക്ക് ഇൻഷുറൻസോ മറ്റാനുകൂല്യമോ ഇല്ല. ഇപ്പോൾ ആദിവാസികൾ ശേഖരിക്കുന്ന മരുന്നുകൾ സംഘങ്ങളിൽ കെട്ടിക്കിടക്കുകയാണ്. സഹകരണ വകുപ്പിന്റെ കീഴിലാണ് പട്ടികവർഗ സംഘങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുമൂലം പട്ടികവർഗ വകുപ്പിൽനിന്ന് ആനുകൂല്യമൊന്നും ലഭിക്കുന്നുമില്ല. സംഘങ്ങൾ സഹകരണ വകുപ്പിൽനിന്ന് പട്ടികവർഗ വകുപ്പിന്റെ കീഴിലേക്കു മാറ്റുകയും മരുന്നുകൾക്ക് വിലവർധിപ്പിച്ചു നൽകാനും സർക്കാർ തയാറാകണമെന്നാണ് ആദിവാസികൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.