വിഷചികിത്സയിൽ പിതാവിന്റെ വഴിയേ അംബി
text_fieldsചെറുതോണി: സർപ്പവിഷ ഗവേഷണ രംഗത്ത് ദേശീയ തലത്തിൽ പേരെടുത്ത ഡോ. കൊർണോലിയോസിന്റെ മകൾ അംബിയും പിതാവിന്റെ പാതയിൽ. അറിയപ്പെടുന്ന സർപ്പവിഷ ഗവേഷകനായിരുന്ന കൊർണോലിയോസ് പാമ്പുവിഷത്തിന് മരുന്ന് കണ്ടുപിടിക്കുകയും 1968 നവംബർ 18ന് മുംബൈയിലെ ലാബോറട്ടറിയിൽ വിജയകരമായി പരീക്ഷിക്കുകയും ചെയ്തതോടെയാണ് കൂടുതൽ പ്രശസ്തനായത്. തുടർന്ന് നിരന്തര ഗവേഷണത്തിലൂടെ സർപ്പവിഷത്തിന് പല ഔഷധങ്ങളും കണ്ടുപിടിച്ച കൊർണോലിയോസിനെ അന്നത്തെ രാഷ്ട്രപതി വി.വി. ഗിരി രാഷ്ട്രപതി ഭവനിൽ ക്ഷണിച്ചുവരുത്തി അനുമോദിച്ചിരുന്നു.
1969 ജൂലൈ 28ന് കുണ്ടറയിൽ വിഷചികിത്സ ഗവേഷണ കേന്ദ്രം തുറന്നു. അപ്രതീക്ഷിതമായി 1972 മേയ് 31ന് പാമ്പുകടിയേറ്റായിരുന്നു കൊർണോലിയോസിന്റെ മരണം. ഇതോടെ, ഗവേഷണകേന്ദ്രം തകർന്നു. കടബാധ്യതകൾ മൂലം എല്ലാം വിറ്റു. തുടർന്ന്, ഇദ്ദേഹത്തിന്റെ മകൾ അംബിയും ഭർത്താവ് ബേബി വേഴമ്പത്തോട്ടവും ഹൈറേഞ്ചിലെത്തി വെൺമണിയിൽ താമസമാക്കി.
പിതാവിന്റെ അമൂല്യ ഗ്രന്ഥങ്ങളും പകർന്നുകിട്ടിയ അറിവുകളുമാണ് അംബിയുടെ ആത്മവിശ്വാസം. പാമ്പുകടിയേറ്റ് വരുന്നവർക്കും ബന്ധുക്കൾക്കും അംബിയെ അത്രയേറെ വിശ്വാസമാണ്. ഭർത്താവ് ബേബിയും വിഷചികിത്സകനാണ്. ഇദ്ദേഹം ഒരിക്കൽ 300 വിഷപാമ്പുകളുമായി സർപ്പയജ്ഞം നടത്തിയിരുന്നു.
അംബിയുടെ അഭിപ്രായത്തിൽ കുഴിയണലിയാണ് ഏറ്റവും മാരക വിഷമുള്ളത്. മൂർഖന്റെ കടിയേൽക്കുന്നയാൾ മരിക്കാൻ 12 മില്ലിഗ്രാം വിഷം വേണമെങ്കിൽ കുഴിയണലിയുടേത് നാല് മില്ലിഗ്രാം മതി. പിതാവിന്റെ ഗവേഷണ കേന്ദ്രത്തിൽനിന്ന് പല ബാച്ചുകളിലായി വിഷചികിത്സ പഠിച്ചിറങ്ങിയ ആയിരത്തോളം ശിഷ്യന്മാർ കേരളത്തിനകത്തും പുറത്തുമുണ്ട്. നാല് ആൺമക്കളാണ് അംബിക്ക്. ഒരുമകൻ അകാലത്തിൽ വാഹനാപകടത്തിൽ മരിച്ചിരുന്നു. കൊർണോലിയോസിന്റെ ചരമദിനമായ ചൊവ്വാഴ്ച കുണ്ടറയിലെ കല്ലറയിൽ കുടുംബാംഗങ്ങൾ പ്രാർഥന നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.