ഇടുക്കി ഡാമിൽ ബോട്ട് സർവിസ് പുനരാരംഭിച്ചു
text_fieldsചെറുതോണി: ഇടുക്കി ഡാമിൽ നിർത്തിവെച്ചിരുന്ന ബോട്ട് സർവിസ് പുനരാരംഭിച്ചു. വാർഷിക അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് ബോട്ട് സർവിസ് നിർത്തിവെച്ചിരുന്നത്. ഇടുക്കി-ചെറുതോണി അണക്കെട്ടുകളുടെ ദൃശ്യഭംഗിയും കാനന കാഴ്ചകളും ആസ്വദിച്ച് വിനോദസഞ്ചാരികൾക്ക് ബോട്ട് സവാരി നടത്താൻ വർഷത്തിൽ 365 ദിവസവും അവസരമൊരുക്കിയിരിക്കുകയാണ് വനം വകുപ്പ്.
ഇടുക്കി തട്ടേക്കാട് ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസിയുടെ കീഴിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. രാവിലെ ഒമ്പതിന് ആരംഭിച്ച് വൈകീട്ട് അഞ്ചിന് അവസാനിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. മുതിർന്നവർക്ക് 155 രൂപയും 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 85 രൂപയുമാണ് ഫീസ്. ഇടുക്കി പദ്ധതിയുടെ തുടക്കം മുതലുള്ള ചരിത്രം സഞ്ചാരികൾക്ക് വിവരിച്ച് കൊടുക്കാൻ ഗൈഡും യാത്രികർക്കൊപ്പമുണ്ടാകും. ആനയുൾപ്പെടെ മറ്റ് വന്യജീവികളെയും യാത്രക്കിടയിൽ കാണാനാകും.
ഇടുക്കി പാക്കേജിൽപെടുത്തി അനുവദിച്ചിരിക്കുന്ന 10 സീറ്റിന്റെയും 18 സീറ്റിന്റെയും രണ്ട് ബോട്ടുകൾ ഉടൻ ലഭ്യമാകുമെന്ന് ഇടുക്കി ഫോറസ്റ്റ് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു. ആദിവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായാണ് ഇതിൽനിന്ന് ലഭിക്കുന്ന വരുമാനം വിനിയോഗിക്കുന്നത്.
ജീവനക്കാരും ആദിവാസികളാണ്. മുമ്പ് സംസ്ഥാന വൈദ്യുതി വകുപ്പിന് കീഴിലെ ഹൈഡൽ ടൂറിസം വിഭാഗം ബോട്ടിങ് സൗകര്യം ഒരുക്കിയിരുന്നെങ്കിലും കാലങ്ങളായി നിർത്തി വെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.