നിരോധിത മേഖലയിൽ കോടികളുടെ നിർമാണം; അന്വേഷണം നിലച്ചു
text_fieldsചെറുതോണി: അനുയോജ്യമല്ലാത്ത പദ്ധതികൾ ആവിഷ്കരിച്ചും നിരോധിത മേഖലയിൽ നടപ്പാക്കുകയും ചെയ്ത് വിവിധ സർക്കാർ വകുപ്പുകൾ കോടികൾ നഷ്ടം വരുത്തുകയും ഉദ്യോഗസ്ഥർ വൻ തുക തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ നടന്ന അന്വേഷണം എങ്ങുമെത്തിയില്ല. റവന്യൂ, കെ.എസ്.ഇ.ബി, തദ്ദേശഭരണ വകുപ്പുകളിലെ 14 ഉദ്യോഗസ്ഥർക്കെതിരെ നടന്നുവന്ന അന്വേഷണമാണ് നിലച്ചത്.
1980ൽ നിർമാണ നിരോധന മേഖലയായി സർക്കാർ പ്രഖ്യാപിച്ച 238 ഹെക്ടർ സ്ഥലത്താണ് ഉദ്യോഗസ്ഥർ നിർമാണ പ്രവർത്തനങ്ങൾ നടത്തി കോടികൾ തട്ടിയെടുത്തത്. സർക്കാർ ഉത്തരവ് നിലനിൽക്കേ 1999ൽ ജില്ല പഞ്ചായത്ത് പട്ടികവർഗ വിഭാഗങ്ങളുടെ വികസനത്തിന് അനുവദിച്ച 75 ലക്ഷം രൂപ ചെലവഴിച്ച് ചെറുതോണിയിൽ പുഴക്ക് കുറുകെ ചെക്ക്ഡാം നിർമിച്ചു.
ഡാമിൽ വെള്ളം നിറച്ച് ബോട്ടിങ് നടത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ, ചെക്ക് ഡാമിൽ ചോർച്ചയുണ്ടെന്നു കണ്ടെത്തിയതിനാൽ വെള്ളം നിറക്കാനായില്ല. ഇതോടെ പദ്ധതി ഉപേക്ഷിച്ചു. 75 ലക്ഷം രൂപയാണ് അന്ന് പാഴായത്. പിന്നീട് ഇതിനോട് ചേർന്ന് 2000ൽ പുഴയുടെ പകുതിയോളം ഭാഗത്ത് കരിങ്കൽ കെട്ടി മണ്ണിട്ടു നികത്തി 10 ലക്ഷം രൂപ ചെലവഴിച്ച് ചിൽഡ്രൻസ് പാർക്ക് നിർമിച്ചു. 2008ൽ പാർക്ക് പൊളിച്ച് ഇവിടെ ടാറിങ് നടത്തി വീണ്ടും പദ്ധതി കൊണ്ടുവന്നു. കർഷക ഓപൺ മാർക്കറ്റ് എന്ന പേരിൽ രണ്ടു പദ്ധതിയാണ് കൊണ്ടുവന്നത്. 20 ലക്ഷം രൂപ മാറിയെടുത്തു. 2013ൽ ഇതേ സ്ഥലത്ത് വനിത കർഷക മാർക്കറ്റ് പദ്ധതി ആസൂത്രണം ചെയ്തു. ഇത്തവണ ബിൽ മാറിയത് 25 ലക്ഷം രൂപയുടേത്.
നിർമാണ നിരോധന മേഖലയിൽ സർക്കാർ ഏജൻസികളുടെ നിർമാണം കണ്ട് സ്വകാര്യ വ്യക്തികളും ഇവിടങ്ങളിൽ കെട്ടിടങ്ങൾ പണിതുയർത്തി. ഈ കെട്ടിടങ്ങൾക്ക് വാഴത്തോപ്പ് പഞ്ചായത്ത് നമ്പറും കെ.എസ്.ഇ.ബി വൈദ്യുതി കണക്ഷനും ജല അതോറിറ്റി വാട്ടർ കണക്ഷനും നൽകി. അനധികൃത നിർമാണങ്ങൾ വർധിച്ചതോടെ ചെറുതോണിയിലെ ഓട്ടോ ഡ്രൈവർ മാത്യു വിവരാവകാശ നിയമ പ്രകാരം ശേഖരിച്ച 90ലധികം രേഖകൾ സഹിതം വിജിലൻസ് കോടതിയിൽ ഹരജി നൽകി. തുടർന്ന് ടൗണിനോടു ചേർന്നുള്ള 60 കെട്ടിടങ്ങൾ പൊളിക്കാൻ സർക്കാറിനു കോടതി നിർദേശം നൽകി. ഇതിനെതിരെ വാഴത്തോപ്പ് പഞ്ചായത്ത് നൽകിയ ഹരജി കോടതി തള്ളി.
നിരോധനം നിലനിൽക്കുമ്പോൾത്തന്നെ 2015ൽ വാഴത്തോപ്പ് പഞ്ചായത്ത് മണ്ണുമാന്തി യന്ത്രം കൊണ്ട് പുഴ നിരത്തി മൈതാനം നിർമിച്ചു ഇതിനു പുറമെ മൂന്നുലക്ഷം രൂപ ചെലവഴിച്ച് മെറ്റൽ നിരത്തി പാർക്കിങ് സ്ഥലമാക്കി. ഇവിടെ പാർക്ക് ചെയ്യുന്ന വ്യക്തിയിൽനിന്ന് ടോൾ പിരിക്കാൻ സ്വകാര്യ വ്യക്തിക്ക് കരാറും നൽകി. നിരോധന മേഖലയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ അനുവാദം നൽകിയ 14 ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കോടതി ഉത്തരവനുസരിച്ചു കേസെടുത്തു. ഈ കേസാണ് അന്വേഷണം നിലച്ചത്. സർവിസിൽനിന്ന് വിരമിച്ചവരും അന്യ ജില്ലകളിൽ ഉന്നത പോസ്റ്റുകളിൽ ജോലി ചെയ്യുന്നവരുമൊക്കെ ഉൾപ്പെട്ട കേസിലാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.