കോടതിവിധി തിരിച്ചടിയായി; എഴുന്നൂറോളം കർഷകരുടെ പട്ടയം ശീതീകരണിയിൽ
text_fieldsചെറുതോണി: ജില്ലയില്‍ പട്ടയനടപടികള്‍ പൂർത്തിയായ എഴുന്നൂറോളം കർഷകരുടെ പട്ടയങ്ങൾ വിതരണം ചെയ്യുന്നത് മരവിപ്പിച്ചു. പരിസ്ഥിതി പ്രവര്‍ത്തകര്‍ പട്ടയ നടപടികളിലെ അപാകത ചൂണ്ടി ഹൈകോടതിയില്‍ നല്കിയ കേസിന്റെ വിചാരണ നടക്കുന്നതിനാലാണ് പട്ടയ വിതരണ നടപടികൾ നിർത്തിവെക്കാൻ നിർദേശിച്ചത്. നടപടിക്രമം വ്യക്തമായി പാലിച്ച് പൂർത്തിയായ പട്ടയങ്ങൾ പോലും ഇതോടെ ഫ്രീസറിലായി. ഇടുക്കിയില്‍ പട്ടയമേള നടത്തുന്നതിന് തീയതി നിശ്ചയിച്ചിരുന്നെങ്കിലും ഇതോടെ മാറ്റി വെക്കുകയായിരുന്നു.
അതിനിടെ രണ്ടുമാസം മുമ്പ് 93 റൂള്‍പ്രകാരം 2000ത്തോളം അപേക്ഷകർക്ക് ഇടുക്കി ടൗണ്‍ഹാളില്‍ നടന്ന മേളയില്‍ പട്ടയം നല്‍കിയിരുന്നു. ഇതിൽപ്പെടാത്ത വനഭൂമി കുടിയേറ്റ ക്രമവല്ക്കരിക്കൽ ചട്ടം 64 പ്രകാരമുള്ള പട്ടയങ്ങളാണ് കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ഇതുപ്രകാരം ഇടുക്കി, കഞ്ഞിക്കുഴി വില്ലേജുകളിലെ 760 പേര്‍ക്ക് നടപടികള്‍ പൂര്‍ത്തിയായിട്ടും പട്ടയം കൊടുക്കാന്‍ കഴിയുന്നില്ല.
പട്ടയ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഫയലുകള്‍ പൂര്‍ത്തിയാക്കിയതെന്ന പരാതിയിലാണ് നടപടി സ്റ്റേ ചെയ്തത്. ഇതിന്റെ പേരില്‍ ഇടുക്കി തഹസില്‍ദാരെ സസ്പെന്റ് ചെയ്തിരുന്നു. പിന്നീട് ഇതു സംബന്ധിച്ചുള്ള പരാതിയുടെ അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനാല്‍ പട്ടയം നല്കാന് കഴിയില്ലെന്നാണ് നിലവിലുള്ള ഉദ്യോഗസ്ഥര്‍ പറയുന്നത്.
പട്ടയം നല്‍കുന്നതിന് മുഴുവന്‍ നടപടികളും പൂര്‍ത്തിയായവയാണ് ഇപ്പോള്‍ തടഞ്ഞുവെച്ചിരിക്കുന്നതെന്ന് കർഷകർ പറയുന്നു. പലരും പട്ടയത്തിനായി പണമടക്കുകയും ചെയ്തിട്ടുണ്ട്. കഞ്ഞിക്കുഴി വില്ലേജിലെ ആദിവാസികള്‍ക്ക് പട്ടയം നല്‍കുന്നതിനായി നടത്തിയ പരിശോധനയില്‍ 500 ഓളം പേരെ കണ്ടെത്തിയിരുന്നു.
ഇവരുടെയും പട്ടയ നടപടികള്‍ പൂര്‍ത്തിയായതാണ്. ഇതും തടഞ്ഞുവെച്ചവയിൽ പെടും. കഞ്ഞിക്കുഴി വനമേഖലയില്‍ കൊടുത്ത അനധികൃതപട്ടയങ്ങള് റദ്ദുചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടാതെ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 4000ത്തോളം പട്ടയങ്ങള്‍ നല്‍കുന്നതിനും നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇവ നല്‍കുന്നതിനും കോടതിവിധി തടസ്സമായിരിക്കുകയാണ്.
തോപ്രാംകുടി, വാത്തിക്കുടി, മുരിക്കാശേരി മേഖലകളില്‍ ഏലം കുത്തകപാട്ടം എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ ഇവിടെയും പട്ടയ നടപടികള്‍ നടക്കുന്നില്ല. പുതിയതായി എത്തിയ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട ഒരു ഫയലിലും ഒപ്പിടില്ലെന്ന നിലപാടിലാണ്. സര്‍ക്കാര്‍ വ്യക്തമായ നിയമം പാസാക്കിയാല്‍ മാത്രമേ നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയൂ. നിയമം പാലിക്കാതെ പട്ടയം നല്കിയാല് തങ്ങളുടെ ജോലിയെ ബാധിക്കുമെന്നുള്ളതിനാലാണ് ഉദ്യോഗസ്ഥര്‍ പട്ടയ നടപടികളില്‍ നിന്ന് പിൻമാറി നിൽക്കുന്നത്.
ജില്ലയില്‍ ഇനിയും പതിനായിരക്കണക്കിനാളുകള്‍ക്ക് പട്ടയം ലഭിക്കാനുണ്ട്. സര്‍ക്കാര്‍ പട്ടയം ലഭിക്കാത്തവരുടെ വിവിരശേഖരണം നടത്തുന്നുണ്ട്. ഇതിനുമുമ്പും പലതവണ വിവരങ്ങള്ശേഖരിക്കുകയും അപേക്ഷ വാങ്ങുകയും ചെയ്തിട്ടുണ്ടെങ്കിലും പട്ടയം നല്‍കുന്നതിന് കേസ് നിലവിലുള്ളതിനാല്‍ കഴിയുന്നില്ല. പട്ടയം ലഭിക്കാനുള്ളവരുടെ പട്ടികയിൽ ആദ്യകാല കുടിയേറ്റ കര്‍ഷകർ പോലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.