ഇടുക്കി താലൂക്ക് സഭയില്‍ പൊലീസിനും എക്സൈസിനും വിമർശനം
text_fieldsചെറുതോണി: ഇടുക്കി താലൂക്ക് സഭയില്‍ ഉദ്യോഗസ്ഥർക്കെതിരെ അംഗങ്ങളുടെ പ്രതിഷേധം. ജില്ല ആസ്ഥാന മേഖലകളില്‍ ലഹരി ഉപയോഗവും പരസ്യമായ പുകവലിയടക്കം വ്യാപകമായിട്ടും പൊലീസ്, എക്സൈസ്, ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. തടിയമ്പാട് ബിവറേജസിൽ മൊത്തവ്യാപാരമാണ് നടക്കുന്നതെന്നും അംഗങ്ങൾ ആരോപിച്ചു. മണിയാറന്‍കുടി, മരിയാപുരം, തടിയമ്പാട് മേഖലകളിൽ ചില കടകൾ കേന്ദ്രീകരിച്ച് മദ്യം ചില്ലറയായി വില്‍ക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ അറിവോടെയാണ് വിൽപനയെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി.
സ്കൂളുകള്‍ക്കു സമീപം ലഹരിവസ്തുക്കൾ പരസ്യമായി വില്‍ക്കുന്നതായും കുട്ടികൾ ഇത് പരസ്യമായി ഉപയോഗിക്കുന്നതായും അംഗങ്ങൾ പരാതിപ്പെട്ടു.
പൊതുസ്ഥാപനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും പരസ്യമായി പുകവലിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്ന് വനിത അംഗങ്ങൾ ആവശ്യപ്പെട്ടു. സ്ഥിരമായി പരിശോധന നടത്തി കേസെടുക്കുകയും മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവത്കരണ ക്ലാസ് നടത്തണമെന്നും തഹസില്‍ദാർ അഭിപ്രായപ്പെട്ടു. ചെറുതോണി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ആർ.ടി.ഒ വിളിച്ച സർവകക്ഷി യോഗത്തിലെടുത്ത തീരുമാനം നടപ്പാക്കാത്തതിൽ അംഗങ്ങൾ അതൃപ്തി രേഖപ്പെടുത്തി.
മൂന്നു ബോര്‍ഡ് സ്ഥാപിച്ചെങ്കിലും തുടർ നടപടിയുണ്ടായില്ല. ഇതിനെതിരെ വീണ്ടും ആർ.ടി.ഒക്ക് കത്തു നല്കാൻ തീരുമാനിച്ചു. വാഴത്തോപ്പ് കെ.എസ്.ഇ.ബിയുടെ 13 ഹെക്ടർ തിരിച്ചെടുത്തതായും ബാക്കി സ്ഥലം വിട്ടുകൊടുക്കാൻ റവന്യൂ വകുപ്പിന് കത്തയച്ചിട്ടുണ്ടെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.
വാഴത്തോപ്പ് പഞ്ചായത്തിലെ കെ.എസ്.ഇ.ബി കോളനിയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ കാട്ടുപന്നി ശല്യം തടയാൻ ലൈസന്‍സുള്ള കര്‍ഷകർ അപേക്ഷ നല്കിയാൽ ഉടൻ അനുവാദം നല്‍കുമെന്ന് പ്രസിഡന്റ് ജോർജ് പോൾ അറിയിച്ചു. വാഴത്തോപ്പ്, കഞ്ഞിക്കുഴി വില്ലേജുകളിൽ നല്കിയ പട്ടയങ്ങൾ സംബന്ധിച്ച പുനരന്വേഷണം പൂര്‍ത്തിയായതായും കഞ്ഞിക്കുഴിയിലെ പട്ടയങ്ങൾ പരിശോധിക്കുകയാണെന്നും തഹസില്‍ദാർ പറഞ്ഞു. പരിശോധന പൂര്‍ത്തിയായ ഫയലുകൾ കലക്ടര്‍ക്ക് നല്കി.
ബാക്കി ഫയലുകൾ 15 ദിവസത്തിനകം നല്‍കും. കലക്ടർ പറയുന്നതുപോലെ തുടർ നടപടികൾ നടത്തുമെന്നും വീണ്ടും സ്ഥല പരിശോധന ആവശ്യമാണെന്നും തഹസില്‍ദാർ പറഞ്ഞു. മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയി അധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, തഹസില്‍ദാർ ഡിക്സി ഫ്രാന്‍സിസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.