സുരക്ഷാ വീഴ്ച: പരിശോധനയിൽ ഡാം സുരക്ഷിതം
text_fieldsചെറുതോണി (ഇടുക്കി): ചെറുതോണി അണക്കെട്ടിൽ ഉണ്ടായ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി പരിശോധിച്ചു. ഡാം സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു അഞ്ച് ഷട്ടറുകൾ ഉയർത്തിയുള്ള പരിശോധന.
ഡാം പൂർണ സുരക്ഷിതമാണെന്ന് പരിശോധനക്കുശേഷം ഡെപ്യൂട്ടി ചീഫ് എൻജിനീയർ പി.എൻ. ബിജു പറഞ്ഞു. റോപ്പിന് കേടുപാടൊന്നുമില്ലെന്നും റിപോർട്ട് ചീഫ് എൻജിനീയർക്ക് നൽകുമെന്നും ഇദ്ദേഹം പറഞ്ഞു.
ജൂൺ 22നാണ് അണക്കെട്ടിൽ അതിക്രമിച്ച് കയറിയ ഒറ്റപ്പാലം സ്വദേശിയായ യുവാവ് ഡാമിനോടനുബന്ധിച്ച ഹൈമാസ്റ്റ് ലൈറ്റുകളിലടക്കം പത്തോളം താഴിട്ട് പൂട്ടിയത്. ഷട്ടർ ഉയർത്തുന്ന ഭാഗങ്ങളിലടക്കം യുവാവ് എത്തിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
സുരക്ഷാ വീഴ്ചയുണ്ടായ സാഹചര്യത്തിൽ താൽക്കാലിക ജീവനക്കാരെ മാറ്റി പകരം പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലെ സി.സി ടി.വി കാമറകൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയിരുന്ന രണ്ട് ജീവനക്കാരെയാണ് മാറ്റിയത്.
ഹൈമാസ്റ്റ് ലൈറ്റുകളിൽ താഴിട്ട് പൂട്ടിയ ആൾ ഷട്ടർ ഉയർത്താൻ ഉപയോഗിക്കുന്ന ഇരുമ്പുവടത്തിൽ എന്തോ ഒഴിക്കുന്നതായി സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് ബോധ്യപ്പെട്ടിരുന്നു. ഇതിന്‍റെ സാമ്പിൾ രാസപരിശോധനക്ക് അയച്ചിട്ടുണ്ട്.
ഇരുമ്പുവടത്തിന് ബലക്ഷയമില്ലെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിരുന്നെങ്കിലും ഷട്ടർ ഉയർത്തി പരിശോധിക്കണമെന്ന നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഉയർത്തുകയായിരുന്നു.
സന്ദർശകർക്ക് അനുമതിയില്ലാത്ത ബുധനാഴ്ച പരിശോധന നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, കാലതാമസം ഒഴിവാക്കാനായി ചൊവ്വാഴ്ചയാക്കി.
അണക്കെട്ടിൽ അതിക്രമിച്ചു കയറിയ ശേഷം വിദേശത്തേക്ക് കടന്ന യുവാവിനെ പിടികൂടാൻ ലുക്കൗട്ട് നോട്ടീസിറക്കാനും നീക്കം നടക്കുന്നുണ്ട്. പൊലീസാണ് തുടർനടപടികൾ സ്വീകരിക്കേണ്ടതെന്നാണ് ഡാം സേഫ്റ്റി ഉദ്യോഗസ്ഥർ പറയുന്നത്.
പരിശോധനയുടെ ഭാഗമായി ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകൾ ഉയർത്തി പരിശോധിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.