ഇടുക്കി ജില്ലയിലെ സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്നുവിതരണം പൂർത്തിയായി
text_fieldsചെറുതോണി: ജില്ലയിലെ സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്നു വിതരണം പൂർത്തിയാതോടെ ജില്ലയിലെ സർക്കാർ ആശുപത്രികളിലെ മരുന്നു ക്ഷാമത്തിനു പരിഹാരമായതായി ആരോഗ്യവകുപ്പറിയിച്ചു. 2023- 24 സാമ്പത്തികവർഷം വിതരണം ചെയ്യുന്നതിനനുവദിച്ച മരുന്നുകളുടെ 90 ശതമാനവും എത്തിച്ചു കഴിഞ്ഞതായി അധികൃതർ പറഞ്ഞു. മാർച്ച് 31ന് മുമ്പ് തന്നെ മരുന്നു വിതരണം പൂർത്തിയാകും.
മരുന്നെത്തിക്കുന്ന വാഹനങ്ങൾ കട്ടപ്പുറത്തായതോടെ ആശുപത്രിയിലേക്കുള്ള മരുന്നു വിതരണം പ്രതിസന്ധിയിലായിരുന്നു. 15 വർഷത്തിലധികം പഴക്കമുള്ളവാഹനങ്ങൾ നിരത്തിൽ ഇറക്കരുതെന്ന കേന്ദ്രസർക്കാർ നിയമം പ്രാബല്യത്തിൽ വന്നതാണ് വാഹനങ്ങൾ കട്ടപ്പുറത്താവാൻ കാരണം. ഇതോടെ ആരോഗ്യ വകുപ്പിന്റെ വാനും ജീപ്പുമടക്കം 47 വാഹനങ്ങളിൽ ഒറ്റയടിക്ക് 32 എണ്ണം കട്ടപ്പുറത്തായി. ആവശ്യത്തിന് വാഹനങ്ങൾ ഇല്ലാതായതോടെ മരുന്നു വിതരണം അവതാളത്തിലായി.
ഇടുക്കി മെഡിക്കൽ കോളജിന് സമീപം പ്രവർത്തിക്കുന്ന കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ ജില്ല മരുന്ന് വിതരണ കേന്ദ്രത്തിൽ നിന്നുള്ള മരുന്ന് വിതരണമാണ് വാഹനങ്ങളില്ലാത്തതിനാൽ അവതാളത്തിലായത്. മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് മരുന്നു വിതരണം ചെയ്യേണ്ടത്. ജീപ്പടക്കം 47 വാഹനങ്ങളിലാണ് ജില്ലയിലെ സർക്കാർ ആശുപത്രികളിലേക്ക് മരുന്നു വിതരണം ചെയ്തിരുന്നത്. ഈ വാഹനങ്ങൾ കട്ടപ്പുറത്തായതോടെ കരാർ അടിസ്ഥാനത്തിൽ രണ്ടു വാഹനം ഉപയോഗിച്ചാണ് ഇപ്പോൾ മരുന്നുവിതരണം നടത്തുന്നത്.
നിലവിൽ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം അതിരൂക്ഷമാണ്. ഇതിനിടയിലാണ് ഉള്ള മരുന്നുകൾ പോലും യഥാസമയം എത്തിക്കാൻ കഴിയാതെ വന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്കാണ് സർക്കാർ ആശുപത്രിയിൽ മരുന്ന് ഇല്ലാത്തത് സാരമായി ബാധിച്ചത്. സർക്കാർ കോടികളുടെ ആഡംബര വാഹനങ്ങൾ തരം പോലെ വാങ്ങുമ്പോൾ ആതുര സേവന മേഖലയിൽ കണ്ടം ചെയ്ത വാഹനങ്ങൾക്ക് പകരം പുതിയത് വാങ്ങാൻ മടിക്കുന്നു.
സ്വന്തം വാഹനത്തിൽ വന്ന് മരുന്ന് കൊണ്ടുപോകാൻ പഞ്ചായത്തുകളോട് നിർദേശിച്ചിരിക്കുകയാണ്. കോൺഫറൻസിൽ പങ്കെടുക്കാൻ വരുന്ന ഡോക്ടർമാർ സ്വന്തം വാഹനത്തിലും മരുന്നു കൊണ്ടുപോകുന്നുണ്ട്. മരുന്നുകൾ ആശുപത്രികളിൽ എത്തിച്ചെങ്കിലും തോട്ടം ആദിവാസി മേഖലകൾ ഉൾപ്പെടെയുള്ള ഉൾനാടൻ പ്രദേശങ്ങളിലെ പ്രതിരോധകുത്തിവെയ്പ്, മെഡിക്കൽ ക്യാമ്പ്, കിടപ്പു രോഗികളുടെ പരിചരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.