കൈയേറ്റം: അന്വേഷണ റിപ്പോർട്ട് അട്ടിമറിച്ചത് റവന്യൂ-വനം ഉദ്യോഗസ്ഥർ
text_fieldsചെറുതോണി: ജില്ല ആസ്ഥാനം ഉൾപ്പെടെയുള്ള ഭൂമി കൈയേറ്റത്തെക്കുറിച്ച് ഹൈകോടതി ഉത്തരവനുസരിച്ച് വീണ്ടും അന്വേഷണം ആരംഭിക്കുന്നതിന് പ്രാരംഭ നടപടിയായി. അന്ന് കൈയേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് റവന്യൂ-വനം വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്.
കൈയേറ്റം പരിശോധിക്കുകയോ ഭൂമി ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങുകയോ ചെയ്തില്ല. പകരം കൈയേറ്റക്കാർക്ക് ഭൂമിയിൽനിന്ന് ആദായം ലഭിക്കുന്നതിനുള്ള സൗകര്യം ചെയ്തുകൊടുക്കുകയാണ് ഉണ്ടായത്. സർവേ നടത്തി ഭൂമി ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് 2003 ഡിസംബർ 23 ന് കലക്ടർക്ക് സർക്കാർ ഉത്തരവ് നൽകി.
43128/ ഇ 1/03 എന്ന റവന്യൂ വകുപ്പ് നമ്പറിലാണ് ഉത്തരവ് നൽകിയത്. ലാൻഡ് റവന്യൂ കമീഷണർ സർവേ ഡയറക്ടർ എന്നിവരുടെ സഹകരണത്തോടെ സമയബന്ധിതമായി കൈയേറ്റം ഒഴിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. തുടർന്ന് ഇതു നടപ്പാക്കാൻ റവന്യൂ-വനം വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
എന്നാൽ, നിർദേശം ഇവർ നടപ്പാക്കിയില്ല. റീസർവേപോലും നടത്തിയില്ല. സർക്കാർ ഉത്തരവിറങ്ങി 12 വർഷത്തിനു ശേഷമാണ് റീസർവേ നടത്താൻ കഴിഞ്ഞില്ലെന്ന് കാണിച്ച് ലാൻഡ് റവന്യൂ കമീഷണർ 2015 സെപ്റ്റബർ 17ന് എൽ.ആർ.ജെ ഒന്ന് 45119 / 2010 എന്ന നമ്പറിൽ സർക്കാറിന് മറുപടി നൽകിയത്.
ഭൂമിക്ക് രേഖകളോ അതിരുകളോ ഇല്ലെന്നും സഹകരിക്കുന്നില്ലെന്നും എല്ലായിടത്തും കൃഷി നടക്കുന്നുവെന്നും അതിനാൽ റീസർവേ നടത്താൻ കഴിഞ്ഞില്ലെന്നുമായിരുന്നു മറുപടി.
ഇത്രയും കാലമായിട്ടും നടപടിയുടെ പുരോഗതി നിരീക്ഷിക്കാൻ സർക്കാറും തയാറായില്ല. കലക്ടറോട് വിശദീകരണം ചോദിച്ചപ്പോൾ സർവേ നടത്താൻ കഴിഞ്ഞില്ലെന്നും അതുകൊണ്ട് കൈയേറ്റം തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ലെന്നും വിശദീകരിച്ച് കെ ഒന്ന് 340/02 എന്ന നമ്പറിൽ സർക്കാറിന് കത്ത് നൽകുകയായിരുന്നു.
അന്വേഷണ കമീഷൻ വരുന്നതോടെ കൈയേറ്റം അട്ടിമറിക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരെ കണ്ടെത്താൻ അന്വേഷണ സംഘം ശ്രമിച്ചേക്കും. പക്ഷേ, അവരിൽ എല്ലാവരും വിരമിച്ചുകഴിഞ്ഞു. പലരും മരണപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.