എല്ലാം'കലണ്ടർ'; പിതാവിെൻറ തൊഴിൽ ബ്രാൻഡ് നെയിമാക്കി മക്കൾ
text_fieldsചെറുതോണി: കരിമ്പൻ സ്വദേശി ബെന്നി ജോസഫിെൻറ കാർ, ബൈക്ക്, വീട്... എല്ലാത്തിെൻറയും പേര് 'കലണ്ടർ'. തീർന്നില്ല, ബെന്നിയുടെ സഹോദരന്മാരുടെയും അവരുടെ മക്കളുടെയും വാഹനങ്ങളുടെയും വീടുകളുടെയുമെല്ലാം പേര് 'കലണ്ടർ' എന്ന് തന്നെ. കലണ്ടർ വിറ്റ് കുടുംബം പോറ്റിയ പിതാവിനോടുള്ള സ്നേഹം നിലനിർത്താൻ 'കലണ്ടർ' എന്നത് ജീവിതത്തിെൻറ ബ്രാൻഡ് നെയിമായി സ്വീകരിച്ച മക്കളുടെ കഥയാണിത്.
കുടിയേറ്റകാലത്ത് 1950കളിൽ തൊടുപുഴ വഴിത്തല ഇരുട്ടുതോട്ടിൽനിന്ന് ഹൈറേഞ്ചിലെത്തിയതാണ് ബെന്നിയുടെ പിതാവ് പാപ്പച്ചൻ. പറക്കമുറ്റാത്ത അഞ്ചു മക്കളും ഭാര്യ റോസമ്മയുമായി കരിമ്പനിൽ ജീവിതം ആരംഭിച്ചു. കൃഷിയും കൂലിപ്പണിയും ചില്ലറ കച്ചവടവുമെല്ലാം ചെയ്തു നോക്കിയെങ്കിലും പച്ചപിടിച്ചില്ല. ഒടുവിൽ സ്വന്തമായി കണ്ടുപിടിച്ച തൊഴിലാണ് കലണ്ടർ വിൽപന.
ശിവകാശിയിൽനിന്നുള്ള ബഹുവർണ കലണ്ടറുകൾ കരിമ്പനിലെ പെരുന്നാൾ സ്ഥലത്തും ഉത്സവപ്പറമ്പുകളിലും വീടുകളിലും കൊണ്ടുനടന്ന് വിറ്റു. പിന്നീടത് ഉപജീവനമാർഗമായി. കലണ്ടർ കച്ചവടംകൊണ്ട് അഞ്ച് മക്കളെയും നല്ലനിലയിൽ പഠിപ്പിച്ചു.
ചെറുപ്പത്തിൽ മറ്റ് കുട്ടികൾ കലണ്ടർ പാപ്പച്ചെൻറ മകൻ എന്ന് വിളിച്ച് കളിയാക്കുമ്പോൾ വിഷമം തോന്നുമായിരുന്നു. എങ്കിലും പിന്നീട് ആ വിളി അഭിമാനമായി മാറിയെന്ന് ബെന്നി പറയുന്നു. അങ്ങനെയാണ് 'കലണ്ടർ' കുടുംബത്തിെൻറ ബ്രാൻഡ് നെയിമാക്കാൻ തീരുമാനിച്ചത്.
ബിരുദാനന്തര ബിരുദധാരിയായ ബെന്നി കേരളത്തിലെ 24 സഭകളുടെ സംയുക്ത സമിതിയുടെ സന്നദ്ധ സംഘടനയായ 'കാസ' യുടെ തമിഴ്നാട് പ്രോജക്ട് കോഓഡിനേറ്ററായി തിരുനൽവേലിയിൽ ജോലി ചെയ്യുകയാണ്. പാപ്പച്ചൻ 2012ൽ മരിച്ചു. ഏതാനും വർഷം മുമ്പ് അമ്മ റോസമ്മയും മരിച്ചു. ബിജു, പരേതനായ രാജു എന്നിവരാണ് െബന്നിയുടെ സഹോദരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.