ചുരുളിയിലെ കുഴൽകിണറിൽ അമിത ജലപ്രവാഹം: കേന്ദ്രസംഘം എത്തി
text_fieldsചെറുതോണി: ചുരുളിയിൽ ഭൂഗർഭജല വകുപ്പ് നിർമിച്ച കുഴൽക്കിണറിൽ നിന്നുള്ള അമിത ജലപ്രവാഹം തടയുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘം എത്തി. ചുരുളിയിൽ ജില്ലാ പഞ്ചായത്തിന്റെ വഴിയോര വിശ്രമകേന്ദ്രത്തിന് വെള്ളം എത്തിക്കാൻ കുഴിച്ച കുഴൽക്കിണറിൽ നിന്നാണ് പത്തടി ഉയരത്തിൽ പുറത്തേക്ക് വെള്ളം ഒഴുകുന്നത്.
അമിത ജലപ്രവാഹത്തെത്തുടർന്ന് പരിസരപ്രദേശത്തെ നിരവധി കുഴൽക്കിണറുകളിൽ വെള്ളം വറ്റി.രണ്ടാഴ്ച മുമ്പാണ് കഞ്ഞിക്കുഴി പഞ്ചായത്തിൽ അഞ്ച് കുഴൽ കിണറുകൾ നിർമ്മിച്ചത്.ഇതിൽ ചുരുളിയിലെ കുഴൽക്കിണർ നിർമ്മിച്ചപ്പോൾ അമിതമായി വെള്ളം പുറത്തേക്ക് ഒഴുകുകയായിരുന്നു.
320 അടി താഴ്ചയിൽ ആണ് കുഴൽക്കിണർ നിർമ്മിച്ചത്. തുടർന്ന് പരിസരപ്രദേശങ്ങളിലെ 19 കുഴൽ കിണറുകളിലെയും മറ്റു കിണറുകളിലെയും ജലം വറ്റി. ഇതോടെ 42ഓളം കുടുംബങ്ങളാണ് വെള്ളമില്ലാതെ ദുരിതത്തിലായത്.
ഭൂഗർഭ ജല വകുപ്പിന്റെ ജില്ല ഓഫിസർമാർ സ്ഥലം സന്ദർശിച്ചെങ്കിലും പരിഹാരം കണ്ടെത്താനായില്ല. തുടർന്നാണ്, കേന്ദ്ര ഭൂഗർഭ വകുപ്പിലെ അനീഷ് അലിയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. 97 അടി താഴ്ചയിൽ വെള്ളം തടഞ്ഞ് പുറത്തേക്കുള്ള വെള്ളത്തിന്റെ ശക്തി കുറക്കാനാണ് കേന്ദ്ര സംഘത്തിന്റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.