ഇടുക്കിയുടെ പ്രഥമ വനിത കലക്ടർ ഇന്ന് പടിയിറങ്ങും
text_fieldsചെറുതോണി: ജില്ലയിലെ പ്രഥമ വനിത കലക്ടർ ഷീബ ജോർജ് തിങ്കളാഴ്ച പടിയിറങ്ങും. മൂന്ന് വർഷവും ഒമ്പത് ദിവസവും എന്ന ചരിത്ര നേട്ടവുമായാണ് കലക്ടർ മടങ്ങുന്നത്. ഡെപ്യൂട്ടി കലക്ടറായുള്ള ആദ്യപോസ്റ്റിങ് ഇടുക്കിയിലായിരുന്നത് മൂലം സങ്കീർണമായ മലയോരപട്ടയ വിഷയങ്ങളെ തുടക്കത്തിൽത്തന്നെ പരിചയപ്പെട്ടു. ആ അനുഭവസമ്പത്ത് ഭൂപ്രശ്നങ്ങളിൽ തുണയായി. നിയമങ്ങളും ചട്ടങ്ങളും ഉൾക്കൊണ്ട് പ്രവർത്തിക്കുമ്പോഴും മലയോരനാടിന്റെ ഹൃദയത്തുടിപ്പറിഞ്ഞ് പ്രവർത്തിച്ച കലക്ടർ കൂടിയായിരുന്നു ഷീബ ജോർജ്.
മൂന്നാർ അഡ്വഞ്ചർ പാർക്ക്, വാഗമൺ അഡ്വഞ്ചർ പാർക്ക്, പാര ഗ്ലൈഡിങ് പദ്ധതികൾ, കാർഷിക മേഖലയിലെ ഇടപെടൽ, വൻകിട കോർപറേറ്റുകളുടെ സി.എസ്.ആർ ഫണ്ട് പ്രയോജനപ്പെടുത്തിയുള്ള ‘ഇടുക്കി ഒരു മിടുക്കി’ പദ്ധതി എന്നിവയും ശ്രദ്ധിക്കപ്പെട്ടു. ഇടമലക്കുടിയിലെ വനാവകാശരേഖ വിതരണം , റോഡ് നിർമാണം, എറണാകുളം ജില്ലയിൽനിന്നും ഇടമലക്കുടിയുടെ ഒരു ഭാഗം ഇടുക്കിയോട് കൂട്ടിച്ചേർത്ത് കേരളത്തിലെ ഏറ്റവും വിസ്തൃതിയുള്ള ജില്ലയായി മാറിയതും ഈ കാലഘട്ടത്തിലാണ്.
മൂന്ന് വർഷത്തിനുള്ളിൽ 17,726 പട്ടയങ്ങളിലാണ് നടപടി സ്വീകരിച്ചത്. ലോവർ പെരിയാർ പദ്ധതി പ്രദേശത്തുനിന്ന് 1971ൽ കുടിയൊഴിപ്പിക്കപ്പെട്ട 72 കുടുംബത്തിന് പകരമായി അനുവദിച്ച ഭൂമിയുടെ പട്ടയ വിതരണം, പട്ടിശ്ശേരി ഡാം നിർമാണവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് വാസയോഗ്യമായ ഭൂമി തുടങ്ങിയ വിതരണം ചെയ്യാൻ കഴിഞ്ഞതായും ഷീബ ജോർജ് പറഞ്ഞു.
കല്ലാർകുട്ടി ഡാം, പത്തുചെയിൻ പദ്ധതി പ്രദേശങ്ങളിലെ കൈവശക്കാരുടെ പട്ടയവിഷയം സർക്കാർ ശ്രദ്ധയിൽപെടുത്താനും പ്രത്യേക ടീമിനെ നിയോഗിച്ച് സർവ്വേ നടപടി അന്തിമഘട്ടത്തിൽ എത്തിക്കാനും കഴിഞ്ഞു. ഇത്തരത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന ജില്ലയിലെ നിരവധി പ്രശ്നങ്ങളിൽ ഇടപെടുകയും പരിഹാരം കാണുകയും കൈയേറ്റം ഒഴിവാക്കുന്നതിനും ഈഘട്ടത്തിൽ സാധിച്ചു. ഈ അനുഭവസമ്പത്തിന്റെ വെളിച്ചത്തിൽതന്നെയാകണം ഷീബ ജോർജ് റവന്യൂ വകുപ്പിന്റെ അഡീ. സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.