മാലിന്യം തള്ളാൻ ദേശീയപാത; മൂക്കുപൊത്തി യാത്രക്കാരും ടൂറിസ്റ്റുകളും
text_fieldsചെറുതോണി: തൊടുപുഴ പുളിയന്മല ദേശീയപാതയിൽ കുയിലിമല കലക്ടറേറ്റ് മുതൽ കുളമാവ് വരെ സഞ്ചരിക്കണമെങ്കിൽ മൂക്കുപൊത്തണം.
വനവും വന്യമൃഗങ്ങളെയും കണ്ട് പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യാമെന്ന് കരുതുന്നുവെങ്കിൽ തെറ്റി. കേരളത്തിലെ മുഴുവൻ മാലിന്യങ്ങളും കൊണ്ടുവന്നുതള്ളുന്ന വനമേഖലയായി ഇവിടം മാറി. രാത്രിയായാൽ പല സ്ഥലങ്ങളിൽനിന്നാണ് ഇവിടെ മാലിന്യം കൊണ്ടുവന്നുതള്ളുന്നത്.
നാട്ടിലെ മുഴുവൻ മാലിന്യങ്ങളും കൊണ്ടുവന്നുതള്ളാൻ സർക്കാർ സംവരണം ചെയതിരിക്കുന്ന സ്ഥലമാണന്നു തോന്നും ഇവിടം കണ്ടാൽ. കാട്ടിൽ സ്വൈര്യവിഹാരം നടത്തുന്ന കാട്ടാനയടക്കമുള്ള വന്യമൃഗങ്ങൾ ഇതുഭക്ഷിച്ച് ജീവൻ കളയുന്നത് പുറം ലോകമറി യാറില്ല. തൊടുപുഴ, കട്ടപ്പന, കോതമംഗലം ഭാഗത്തുനിന്നാണ് കൂടുതലും മാലിന്യങ്ങൾ കൊണ്ടുവരുന്നത്. നവകേരള ശുചിത്വ മിഷൻ ഇടുക്കി ഡി.ഡി.സി അവലോകന യോഗത്തിൽ കുളമാവ്-ചെറുതോണി സംസ്ഥാന പാതയുടെ ഇരുവശങ്ങളിലും അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നത് തടയണമെന്നും ആവശ്യമായ മുൻകരുതൽ എടുക്കണമെന്നും ശക്തമായ ആവശ്യമുയർന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നഗരംപാറ റേഞ്ചിലെ വനം വകുപ്പ് ജീവനക്കാർ, വാച്ചർമാർ എന്നിവർ റോഡിന്റെ വശങ്ങളിൽ ബാരിക്കേഡ് നിർമിക്കുകയും മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു.
എന്നിട്ടും മാലിന്യം കൊണ്ടുവരുന്നതിൽ ഒരു കുറവുമില്ല. വനത്തിനുള്ളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടുകയും നിയമപരമായി ശിക്ഷിക്കുകയും ചെയ്യുമെന്ന് നഗരംപാറ റേഞ്ച് ഓഫീസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.