എച്ച്.എം.സി മുടങ്ങുന്നു; ഇടുക്കി മെഡിക്കല്‍ കോളജ് പ്രവർത്തനം പ്രതിസന്ധിയിലേക്ക്
text_fieldsചെറുതോണി: ഹോസ്പിറ്റൽ മാനേജിങ് കമ്മിറ്റി (എച്ച്.എം.സി) ചേരാത്തതിനാൽ ഇടുക്കി മെഡിക്കല്‍ കോളജ് പ്രവർത്തനം പ്രതിസന്ധിയിലേക്ക്. ജൂണിലാണ് അവസാനമായി കമ്മിറ്റി ചേര്‍ന്നത്. മൂന്നുമാസത്തിനുള്ളില്‍ കമ്മിറ്റി ചേരണമെന്നാണ് നിയമം. ബുധനാഴ്ചത്തെ യോഗത്തിൽ കലക്ടര്‍ എത്താതിരുന്നത് സ്ഥിതി കൂടുതൽ വഷളാക്കുമെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. അടിയന്തര പ്രാധാന്യമുള്ള പദ്ധതികളുടെ തീരുമാനമെടുക്കാന്‍ ഇക്കാരണത്താൽ കഴിഞ്ഞില്ല. പുതിയ കലക്ടർ ചാർജെടുത്തത് മൂന്ന് മാസങ്ങൾക്കുമുമ്പ് മാത്രമാണ്.
ആറുമാസത്തിനുള്ളില്‍ മുടങ്ങിക്കിടക്കുന്നഅടിയന്തര പ്രാധാന്യമുള്ള പല പദ്ധതികളും പൂര്‍ത്തിയാക്കാനുള്ള അനുവാദത്തിനായിട്ടാണ് കമ്മിറ്റി ചേര്‍ന്നത്. മെഡിക്കല്‍ കോളജിലെ ബ്ലഡ് ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടം അറ്റകുറ്റപ്പണി നടത്തി ശുചീകരിക്കേണ്ട സമയം കഴിഞ്ഞു. ഇതു നന്നാക്കണമെങ്കില്‍ ഓപറേഷന് തിയറ്റര്‍ അടച്ചിടേണ്ടിവരും. വളരെ തയാറെടുപ്പോടെ ചേയ്യേണ്ടതാണ് ബ്ലഡ് ബാങ്കിന്റെ നവീകരണം. അടുത്ത മാസം ബ്ലഡ് ബാങ്കിന്റെ പരിശോധന നടക്കേണ്ടതാണ്. ഇതിനു മുമ്പ് പണിതീര്‍ത്തില്ലെങ്കില്‍ അംഗീകാരം നഷ്ടപ്പെടും. പണമുണ്ടെങ്കിലും അനുമതി ലഭിക്കാത്തതാണ് തടസ്സം. പുതിയ ഓക്സിജന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കാത്തതാണ് മറ്റൊരു പ്രശ്നം. പണിപൂര്‍ത്തിയായിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. ഓക്സിജന്‍ പ്ലാന്റില്‍ ഓക്സിജന്‍ നിറച്ചില്ലെങ്കില്‍ ഇതിന്റെ അനുമതിയും നഷ്ടമാകും. പണിപൂര്‍ത്തിയാക്കി 10,000 ലിറ്റര്‍ ഓക്സിജനുമായി ലോറി ഇവിടെയെത്തിയതാണ്. ലോറി മെഡിക്കല്‍ കോളജിലേക്ക് കയറ്റാൻ കഴിയാത്തതിനാല്‍ ലോഡുമായി തിരിച്ചുപോകുകയായിരുന്നു. കോഴിക്കോട് കേന്ദ്രമായ കമ്പനിയാണ് പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇവരും ഇതു സംബന്ധിച്ച് ഓക്സിജന്‍ നിറച്ചില്ലെങ്കില്‍ അംഗീകാരം നഷ്ടമാകുമെന്ന് അറിയിച്ച് കത്ത് നല്‍കിയിട്ടുണ്ട്.
വഴി നന്നാക്കിയാല്‍ മാത്രമേ ഓക്സിജന്‍ കയറ്റി വരുന്ന ലോറി മെഡിക്കല്‍ കോളജ് കയറ്റാന്‍ കഴിയുകയുള്ളൂ. ഡിസംബറിൽ ഹൃദ്രോഗിയായ മധ്യവയസ്കനുമായി വന്ന കെ.എസ്.ആര്.ടി.സി ബസ് വളരെ ബുദ്ധിമുട്ടിയാണ് ആശുപത്രിയിലെത്തിയത്. റോഡു നന്നാക്കുന്നതിനുള്ള ടെൻഡര്‍ നടപടി പൂര്‍ത്തിയായതാണ് ഇതിനുള്ള നടപടി വൈകുന്നതാണ് തടസ്സം. മെഡിക്കല്‍ കോളജില്‍ ഇതുവരെ11 കെ.വി ലൈന്‍ ചാര്ജ്ചെയ്തിട്ടില്ല. കെ.എസ്.ഇ.ബി ഇതിനായി മെഡിക്കല്‍ കോളജുവരെ ലൈന്‍ വലിച്ചു പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോമ്പൗണ്ടിനുള്ളിലെ പണി കിറ്റ്കോയാണ് ചെയ്യേണ്ടത്. അവര്‍ ബാക്കി പണി ചെയ്യാത്തതിനാല്‍ പലതും നിർത്തിവെച്ചിരിക്കുകയാണ്.
അതിനിടെ 36 ഡോക്ടര്‍മാര്‍ക്കായി പൈനാവില്‍ നല്‍കിയിരുന്ന ക്വാര്‍ട്ടേഴ്സുകള്‍ നഴ്സിങ് വിദ്യാർഥികൾക്ക് നല്‍കാനുള്ള തീരുമാനം മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ജീവനക്കാര്‍ പറയുന്നു. ഇതു സംബന്ധിച്ച് തീരുമാനമെടുക്കാനും കഴിഞ്ഞില്ല. മാര്‍ച്ചില്‍ ഐ.എം.സിയുടെ പരിശോധനയുള്ളതാണ് അതിനുമുമ്പ് നിരവധി പരാതികള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ എച്ച്.എം.സി നടക്കാതിരുന്നതിലാണ് അംഗങ്ങള്‍ പ്രതിഷേധിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.