കഞ്ഞിക്കുഴിയിൽ വൻ വ്യാജമദ്യ നിർമാണ യൂനിറ്റ്; മദ്യവും വാറ്റുപകരണങ്ങളും പിടികൂടി
text_fieldsചെറുതോണി: കഞ്ഞിക്കുഴിയിൽ എക്സൈസ് സംഘം വൻ വ്യാജമദ്യ നിർമാണ യൂനിറ്റ് കണ്ടെത്തി.ഇവിടെ നടത്തിയ പരിശോധനയിൽ 70 ലിറ്റർ വ്യാജമദ്യം, കരാമൽ സ്പിരിറ്റ്, 760 വ്യാജ ഹോളാഗ്രാം സ്റ്റിക്കറുകൾ, മദ്യം നിറക്കാൻ സൂക്ഷിച്ച 2940 കുപ്പി, 350 ലിറ്ററിന്റെ നാല് പ്ലാസ്റ്റിക് ബാരൽ, 480 കുപ്പിയടപ്പ്, പമ്പുസെറ്റ്, പ്ലാസ്റ്റിക് കന്നാസുകൾ, ട്രേകൾ, ബക്കറ്റ് തുടങ്ങിയവ പിടിച്ചെടുത്തു.
കഞ്ഞിക്കുഴി സ്വദേശി ബിനു മാത്യുവിന്റെ വീട്ടിലാണ് നിർമാണം നടന്നിരുന്നത്. കഴിഞ്ഞ ദിവസം പൂപ്പാറയിൽ 35 ലിറ്റർ വ്യാജ മദ്യവുമായി ബിവറേജസ് ജീവനക്കാരനടക്കം നാല് പേരെ ശാന്തമ്പാറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യം വാങ്ങി ചില്ലറ വിൽപന നടത്തുന്നവർക്ക് ബിവറേജസ് ഔട്ട്ലറ്റിൽനിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൈമാറാനെത്തിയ മദ്യമാണ് പിടികൂടിയത്.
പൂപ്പാറ ബിവറേജസിലെ ജീവനക്കാരൻ തിരുവനന്തപുരം കോലിയക്കോട് ഉല്ലാസ് നഗർ സ്വദേശി ബിനു, സുഹൃത്ത് പോത്തൻകോട് സ്വദേശി പുത്തൻവീട്ടിൽ ബിജു, കഞ്ഞിക്കുഴി തള്ളക്കാനം തോട്ടുപുറത്ത് സ്വദേശി ബിനു മാത്യു, മകൻ എബിൻ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.പൂപ്പാറ തലക്കുളത്തിനു സമീപം വാഹന പരിശോധനക്കിടയിലാണ് ഇവർ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പിൽനിന്ന് 35 ലിറ്റർ വരുന്ന 70 കുപ്പി വ്യാജമദ്യം കണ്ടെത്തിയിരുന്നു.
ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കിട്ടിയത്. എം.സി മദ്യത്തിന്റെയും സർക്കാറിന്റെയും വ്യാജ സ്റ്റിക്കർ പതിപ്പിച്ച കുപ്പിയിലാണ് മദ്യം നിറച്ചിരുന്നത്. മൂന്നാർ സർക്കിൾ ഇൻസ്പെക്ടർ ജി. രാജീവ്, ഇടുക്കി സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ കെ.ഡി. സതീശൻ, ഇൻസ്പെക്ടർ ഡി. അരുൺ, എക്സൈസ് ഇൻസ്പെക്ടർമാരായ സെബാസ്റ്റ്യൻ ജോസഫ്, വി.പി. മനൂപ്, പി.കെ. സുരേഷ്, പ്രിവന്റിവ് ഓഫിസർമാരായ കെ.ഡി. സജിമോൻ, രാജേഷ് നായർ, ഷിജു ദാമോദരൻ, കെ.ആർ. ബിജു, കെ.കെ. സുരേഷ്, എസ്. ബാലസുബ്രഹ്മണ്യൻ, കെ.എൻ. രാജൻ, പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) എൻ.വി. ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.