ഇടുക്കി ഗവ. നഴ്സിങ് കോളജ്; അസൗകര്യങ്ങൾക്ക് നടുവിലേക്ക് അടുത്ത ബാച്ചുകൂടി
text_fieldsചെറുതോണി: അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന ഇടുക്കി മെഡിക്കൽ കോളജിലെ നഴ്സിങ് കോളജിലേക്ക് അടുത്ത ബാച്ച് ക്ലാസ് നവംബർ 10ന് മുമ്പ് തുടങ്ങുന്നു. 70 കുട്ടികൾ കൂടിയാണ് കോളജിലേക്ക് എത്തുന്നത്. ഇപ്പോഴുള്ള സൗകര്യത്തിൽ ക്ലാസുകൾ നടത്താനാണ് തീരുമാനം.
കഴിഞ്ഞ വർഷത്തെ മെഡിക്കൽ കോളജ് വിദ്യാർഥികളുടെ പ്രവേശന നടപടികൾ അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോഴാണ് നഴ്സിങ് കോളജുകളിലേക്ക് ബി.എസ്സി പഠനത്തിന് അപേക്ഷ ക്ഷണിച്ചത്.
റാങ്ക് പട്ടികയിലുണ്ടായിരുന്ന കുട്ടികൾ സർക്കാർ മേഖലയിൽ പഠനം നടത്താൻ ലഭിച്ച അവസരം പാഴാക്കിയില്ല. 60 സീറ്റിലും വേഗം അഡ്മിഷൻ പൂർത്തിയായി. ഇത്തവണ ആദ്യ അലോട്ട്മെന്റിൽത്തന്നെ ഇടുക്കി മെഡിക്കൽ കോളജും ഇടംപിടിച്ചു. ഇതോടെ മെറിറ്റ് പട്ടികയിൽ മുന്നിലായിരുന്ന പല കുട്ടികൾക്കും പ്രവേശനം ലഭിച്ചു.
ഇവർകൂടി എത്തുന്നതോടെ നഴ്സിങ് കോളജിലെ കുട്ടികളുടെ എണ്ണം 130 ആകും ആദ്യ ബാച്ചിൽ കൂടുതലും പെൺകുട്ടികളാണുണ്ടായിരുന്നത്. ഇവർക്കുള്ള ഹോസ്റ്റൽ നിർമാണം പൂർത്തിയായെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ പലതുമില്ല.
ലൈബ്രറി, ലബോറട്ടറി സൗകര്യങ്ങളും ആരംഭിച്ചിട്ടില്ല. നഴ്സിങ് കൗൺസിൽ നിർദേശപ്രകാരമുള്ള സൗകര്യങ്ങൾ കെട്ടിടത്തിൽ ലഭ്യമല്ലാതിരുന്നിട്ടും ആരോഗ്യ സർവകലാശാലയുടെ പ്രത്യേക അംഗീകാരം വാങ്ങിയാണ് കോളജ് പ്രവർത്തനം തുടങ്ങിയത്.
രണ്ടുമാസത്തിനുള്ളിൽ എല്ലാം ശരിയാക്കാമെന്ന ഉറപ്പിലാണ് അംഗീകാരം വാങ്ങിയതെന്ന് പറയന്നു. പിന്നീട് ഒരു സെമസ്റ്റർ പൂർത്തീകരിച്ച് പരീക്ഷയും നടന്നു. ഇപ്പോൾ രണ്ടാമത്തെ സെമസ്റ്റർ പരീക്ഷയും കഴിഞ്ഞു. നിലവിലെ സൗകര്യങ്ങൾ വിപുലപ്പെടുത്തിയില്ലെങ്കിൽ അനുമതി ലഭിക്കില്ല. ഇതുവരെ അഖിലേന്ത്യ നഴ്സിങ് കൗൺസിൽ അംഗീകാരം കോളജിനായിട്ടുമില്ല. അംഗീകാരമില്ലെങ്കിൽ പരീക്ഷാഫലം നൽകാൻ സർവകലാശാലക്ക് ബുദ്ധിമുട്ടാകും.
അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ രക്ഷകർത്താക്കൾക്കും കുട്ടികൾക്കും നൽകിയ വാഗ്ദാനം പാലിക്കപ്പെടാത്തതിൽ പി.ടി.എ യോഗം അതൃപ്തി രേഖപ്പെടുത്തി. സൗകര്യങ്ങൾ കുറവായതിനാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ കുട്ടികൾ വൻതുക ചെലവാക്കി സ്വകാര്യ ലോഡ്ജുകളെ ആശ്രയിക്കേണ്ടിവരും. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.