മെഡിക്കൽ കോളജ് വിദ്യാർഥി സമരം പിൻവലിച്ചു
text_fieldsചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിൽ വിദ്യാർഥികൾ നടത്തിവന്ന സമരം ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയെത്തുടർന്ന് അവസാനിപ്പിച്ചതായി വിദ്യാർഥി പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി വീണ ജോർജ് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. രണ്ടാംവർഷ ലാബിന്റെ ഇനിയുള്ള നിർമാണപ്രവർത്തനങ്ങളിൽ മന്ത്രി നേരിട്ട് ഇടപെടും. ജൂൺ 25 ന് മുമ്പേ ലാബ് പണി പൂർത്തീകരിച്ച് വിദ്യാർഥികൾക്ക് കൈമാറുമെന്ന് ഉറപ്പ് നൽകി. പെൺകുട്ടികളുടെ ഹോസ്റ്റലിന്റെ നിർമാണം ആഗസ്റ്റ് ഒന്നിന് മുമ്പ് പൂർത്തീകരിക്കും. അധ്യാപകരുടെ അപര്യാപ്ത സംബന്ധിച്ച് ഇപ്പോൾ തന്നെ സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ കോളജുകളിലേക്കുമായി 250 ഡോക്ടർമാരുടെ തസ്തിക സൃഷ്ടിച്ചുവെന്നും അതിൽ 52 എണ്ണം ഇടുക്കി മെഡിക്കൽ കോളജിന് അനുവദിച്ചിട്ടുണ്ടെന്നും അധ്യാപക അപര്യാപ്തത പരിഹരിക്കുമെന്നും ഉറപ്പ് നൽകി.
ചർമരോഗ വിഭാഗത്തിനായി അടിയന്തരമായി ഫാക്കൽറ്റിയെ നിയമിക്കാൻ ഡി.എം.ഇയെ നേരിട്ട് വിളിച്ച് നടപടി ആവശ്യപ്പെട്ടതായും ഉടനടി പരിഹരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും വിദ്യാർഥികൾ പറഞ്ഞു. ലക്ചർ ഹാളിന്റെ നിർമാണം അവസാന ഘട്ടത്തിലാണെന്നും പണി ഉടൻ പൂർത്തീകരിച്ച് രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി ചർച്ചയിൽ പറഞ്ഞു. രണ്ടാം വർഷ വിദ്യാർഥികൾക്കുള്ള ലാബിന്റെ പണി പൂർത്തീകരിച്ച് ഉടൻ പ്രവർത്തനം ആരംഭിക്കുക, ലക്ചർ ഹാൾ നിർമാണം പൂർത്തീകരിക്കുക, പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമാണം പൂർത്തീകരിച്ച് തുറന്ന് കൊടുക്കുക, അധ്യാപകരുടെയും സ്റ്റാഫുകളുടെയും അപര്യാപ്തത പരിഹരിക്കുക, കോളജിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, കോളജിൽ ഇനിയും ലഭ്യമാകാത്ത ത്രീ ഫേസ് കറന്റിന്റെ ലഭ്യത സാധ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ സമരമാരംഭിച്ചത്
സമരത്തിന്റെ രണ്ടാം ദിവസം തന്നെ കലക്ടറുമായി ചർച്ച നടത്തിയെങ്കിലും ഉചിതമായ തീരുമാനങ്ങളും മറുപടിയും ലഭിക്കാതെ വന്നപ്പോൾ സമരം തുടർന്നു. മൂന്നാം ദിവസം തിരുവനന്തപുരത്ത് വെച്ച് ഡി.എം.ഇയുമായി ചർച്ച നടത്തി. എന്നാൽ ഉറപ്പുകൾ പൂർണമാകാത്ത സാഹചര്യത്തിൽ സമരം മുന്നോട്ടുപോയി. തുടർന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ചർച്ചക്കായി ക്ഷണിക്കുകയും എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയും ആരോഗ്യ സർവകലാശാല ജനറൽ സെക്രട്ടറിയുമായ ഹരി, കോളജ് യൂണിയൻ ചെയർപേഴ്സൺ രോഷ്നി, രണ്ടാം വർഷ വിദ്യാർഥി ഹാജിറ എന്നിവരും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, ജില്ല സെക്രട്ടറി, ജില്ല പ്രസിഡന്റ് എന്നിവരും ചേർന്ന് മന്ത്രിയുടെ ഓഫിസിൽ രണ്ട് മണിക്കൂറിലേറെ ചർച്ച നടത്തി. തങ്ങൾ ഉന്നയിച്ച മുഴുവൻ വിഷയങ്ങളിലും ഉചിത നടപടികൾ ഉണ്ടാകുമെന്ന ഉറപ്പ് ലഭിച്ചതായി വിദ്യാർഥി പ്രതിനിധികൾ പറഞ്ഞു.
ത്രീ ഫേസ് കറന്റിന്റെ ലഭ്യതയുടെ കാര്യത്തിൽ കെ.എസ്.ഇ.ബിയിലേക്ക് മുഴുവൻ തുകയും അടച്ചുതീർത്തിട്ടില്ല. എത്രയും പെട്ടെന്ന് അതിന് പരിഹാരമുണ്ടാക്കും. കോളജിലെ റോഡിന്റെ നിർമാണവും കാലതാമസം ഉണ്ടാകാതെ പൂർത്തീകരിക്കുവാനുള്ള ഇടപെടൽ നടത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി. നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാത്തത് കരാറുകാരായ കിറ്റ്കോ യുടെ അലംഭാവം മൂലമാണെന്നും, കിറ്റ്കോ പ്രതിനിധിയെ വിളിച്ചു വരുത്തി നിർമാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
മൂന്നാം വർഷത്തിലേക്ക് കയറുമ്പോൾ ആവശ്യമായ സൗകര്യങ്ങൾ വിദ്യാർഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ തന്നെ നേരത്തെ ലഭ്യമാക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. നിയമസഭ സമ്മേളനത്തിന് ശേഷം കോളജിൽ നേരിട്ട് വന്ന് പുരോഗതി പരിശോധിക്കുകയും മുഴുവൻ വിദ്യാർഥികളുമായി സംസാരിക്കുകയും ചെയ്യുമെന്നും ഉറപ്പ് നൽകി. ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുകയും ഉചിതമായ രീതിയിൽ പരിഹരിക്കാൻ ഇടപെടുകയും ഉറപ്പ് നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ സമരം പിൻവലിക്കുന്നതായി വിദ്യാർഥിപ്രതിനിധികൾ പറഞ്ഞു. എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി ഹരി, വിദ്യാർഥി പ്രതിനിധികളായ എൻ.പി. റോഷ്നി സൂര്യദേവ്, പി.കെ. അശ്വതി, ജനന്ത്, സാനന്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.