ഇടുക്കിക്കുത്ത് വെള്ളച്ചാട്ടം; വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു
text_fieldsചെറുതോണി: മരിയാപുരം പഞ്ചായത്തിലെ ഇടുക്കിക്കുത്ത് വെള്ളച്ചാട്ടത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള തീരുമാനം വൈദ്യുതി ബോർഡ് ഉപേക്ഷിച്ചു. രണ്ടു ഘട്ടങ്ങളിലായിട്ടായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാന പൊതുമേഖല സ്ഥാപനമായ തൃശൂർ സ്റ്റീൽ ഇൻഡസ്ട്രീസും പാലക്കാട്ടെ ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററിലെ വിദഗ്ധരും നടത്തിയ പഠനറിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചെങ്കിലും വെളിച്ചം കണ്ടില്ല.
ഒന്നാം ഘട്ടത്തിൽ 40 മീറ്റർ ഉയരത്തിൽ ആറിഞ്ചു വ്യാസമുള്ള പൈപ്പിൽ കൂടി വെള്ളം തിരിച്ചുവിട്ട് 15 കിലോവാട്ടിന്റെ ഒരു യൂണിറ്റും ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു പദ്ധതി. പൂർത്തിയാക്കാൻ 50 ലക്ഷം രൂപയാണ് പഠനത്തിൽ നിർദ്ദേശിച്ചിരുന്നത്. ശേഷിക്കുന്ന വെള്ളം തടയണ നിർമിച്ച് ചെറുതോണി- ഇടുക്കി മേഖലയിലെ വ്യാപാര സ്ഥാപനങ്ങൾക്കും കാർഷിക- ഗാർഹിക ആവശ്യങ്ങൾക്കും ഉപയോഗിക്കാമെന്നായിരുന്നു ശിപാർശ.
രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരമാകുമായിരുന്ന പദ്ധതി ബോർഡിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും മൂലം നടന്നില്ല. ഇതിനുപുറമെ ജില്ലയിലെ നൂറോളം ചെറുകിട ജലവൈദ്യുത പദ്ധതികളുടെ സാധ്യതകൾ പാലക്കാട്ടു നിന്നെത്തിയ ഇൻറഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററിലെ വിദഗ്ധർ കണ്ടെത്തി പഠന വിഷയമാക്കിയിരുന്നു.
നാരകക്കാനം വെള്ളച്ചാട്ടം, മരിയാപുരം കുത്ത്, കരിമ്പൻ കുത്ത് എന്നിവയും വാഴത്തോപ്പ് പഞ്ചായത്തിലെ മുക്കണ്ണൻ കുടി, പേപ്പാറ, ചെറുതോണി, പള്ളിത്താഴം കുത്ത്, പാൽക്കുളംമേട് തുടങ്ങിയവയും കാമാക്ഷി പഞ്ചായത്തിലെ ഒരു വെള്ളച്ചാട്ടവും സംഘം സന്ദർശിച്ചിരുന്നു.
കൂടാതെ മൂന്നാർ പഞ്ചായത്തിലെ കോഴിവാലൻ കുത്ത്, അറക്കുളം പഞ്ചായത്തിലെ ഇലപ്പിള്ളി, അടിമാലി പഞ്ചായത്തിലെ വാളറകുത്ത്, ചീയപ്പാറകുത്ത്, കഞ്ഞിക്കുഴി പഞ്ചായത്തിലെ പുന്നയാർ വെള്ളച്ചാട്ടം, കീഴാർകുത്ത്, വാത്തിക്കുടി പഞ്ചായത്തിലെ വെള്ളച്ചാട്ടം, രാജാക്കാട് പഞ്ചായത്തിലെ പന്നിയാർ, കള്ളിമാലി വെള്ളച്ചാട്ടങ്ങളും ഐ.ആർ.ടി.സി. ഉദ്യോഗസ്ഥർ പരിശോധിച്ച് റിപ്പോർട്ട് നൽകിയിരുന്നു.
ടൂറിസം വകുപ്പുമായി കൈകോർത്ത് ജലസംഭരണികളെ ബന്ധപ്പെടുത്തി പൂന്തോട്ടങ്ങളും ഔഷധത്തോട്ടങ്ങളും ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നു. നിർദ്ദിഷ്ഠ നാരകക്കാനം ചെറുതോണി റോപ് വേയുടെ ഒരറ്റം ഇടുക്കി കുത്തിനടുത്ത് സ്ഥാപിക്കാനും ഇടുക്കിയിൽ സ്റ്റേഡിയം, പെരിയാർ ഷോപ്പിങ്ങ് കോപ്ലക്സ് ജില്ലപഞ്ചായത്തിനടുത്ത് ഹെലിപ്പാഡ് എന്നിവ സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു. വൈദ്യുതി വകുപ്പും ടൂറിസം വകുപ്പും സംയുക്തമായി പ്ലാൻ ചെയ്തിരുന്ന പദ്ധതികളൊക്കെ ഇപ്പോഴും കടലാസിലൊതുങ്ങുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.