ഇതാ ഇടുക്കിയുടെ ചോക്ലേറ്റ് ഗ്രാമം
text_fieldsചെറുതോണി: വില കുറഞ്ഞ കാലത്ത് കൊക്കോ ചെടികൾ വെട്ടിക്കളഞ്ഞതോർത്ത് പരിതപിക്കുന്ന കർഷകരാണിപ്പോൾ കേരളത്തിൽ. ഇപ്പോൾ കിലോ കൊക്കോ പരിപ്പിന് വില ആയിരവും കടന്നിരിക്കുന്നു. കൊക്കോ മരങ്ങൾക്ക് കാവൽ ഏർപ്പെടുത്തേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ. അതിനിടയിലാണ് കൊക്കോ കൃഷിയിൽ ആഗോള ശ്രദ്ധയാകർഷിച്ച് ഇടുക്കിയിലെ ഒരു ഗ്രാമം തലയുയർത്തി നിൽക്കുന്നത്. മുരിക്കാശ്ശേരിക്ക് സമീപത്തെ മങ്കുവ എന്ന ഗ്രാമമാണ് കൊക്കോയുടെ പേരിൽ ലോകശ്രദ്ധയിൽ പതിഞ്ഞിരിക്കുന്നത്.
മങ്കുവ, തേക്കിൻതണ്ട് തുടങ്ങിയ പ്രദേശത്ത് താമസിക്കുന്ന നാനൂറോളം കുടുംബങ്ങളിൽ കൊക്കോ കൃഷിയില്ലാത്ത ഒരു വീടുമില്ല. 10 സെന്റ് മുതൽ അഞ്ച് ഏക്കർ വരെ കൃഷി ചെയ്യുന്ന കർഷകരുണ്ടിവിടെ. പൂർണമായും ജൈവ കൃഷിയായതിനാൽ കാഡ്ബറീസ്, പോപ്സർ തുടങ്ങി നിരവധി വൻകിട കമ്പനികൾ നേരിട്ടെത്തി കർഷകരിൽനിന്നും കൊക്കോ സംഭരിക്കുന്നു. നൈജീരിയ, കാനഡ, ഘാന, മഡഗാസ്കർ എന്നീ രാജ്യങ്ങളിലും തമിഴ്നാട്, കർണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലും ഉൽപാദിപ്പിക്കുന്ന കൊക്കോകളേക്കാൾ ഗുണനിലവാരവും വലുപ്പവും തൂക്കവുമുണ്ടെന്നതാണ് മങ്കുവ കൊക്കോയുടെ പ്രത്യേക. വേനൽക്കാലത്ത് കായ്ക്കുള്ളിൽ ജലാംശം കുറവാണെങ്കിലും 400 ഗ്രാം വരെയുള്ള കായ് ലഭിക്കാറുണ്ടെന്ന് കർഷകനായ പാടശ്ശേരിൽ ബെന്നി പറയുന്നു. അനുകൂലമായ കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതയുമാണ് കൂടുതൽ വിളവ് കിട്ടാൻ കാരണമെന്ന് അനുഭവസ്ഥർ പറയുന്നു.
മണ്ണുത്തി കാർഷിക സർവകലാശാലയിൽ വികസിപ്പിച്ച അത്യുൽപാദന ശേഷിയുള്ള കൊക്കോയിൽനിന്ന് വിളവെടുപ്പിൽ രണ്ടരക്കിലോ കൊക്കോ പരിപ്പിന് ലഭിച്ചപ്പോൾ മങ്കുവ കൊക്കോയിൽനിന്ന് ഏഴ് കിലോഗ്രാം വരെ ലഭിച്ചിട്ടുണ്ട്. ഇത് ഒരപൂർവ സംഭവമാണെന്ന് കൃഷിശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു. ഇതേക്കുറിച്ചറിയാൻ വിദഗ്ദ്ധ സംഘംതന്നെ എത്തിയിരുന്നു. കൊക്കോ കൃഷി ആരംഭിക്കുന്ന കാലത്ത് കിലോക്ക് അഞ്ച് മുതൽ 11 രൂപ വരെ മാത്രമാണ് വിലയുണ്ടായിരുന്നുവെങ്കിൽ ക്രമേണ വർധിച്ച് 60ഉം 80ഉം ആയി മാറി. ഇപ്പോൾ ആയിരവും കടന്നു.
വില കുറവായ കാലത്തും മങ്കുവക്കാർ കൊക്കോ കൃഷി കൈവിട്ടില്ല. കൊക്കോ മാത്രം തനിവിളയായി കൃഷി ചെയ്യുന്നത് നഷ്ടമാണ്. ഒപ്പം കവുങ്ങും ജാതിയും നട്ടുവരുന്നു. കീടബാധയുണ്ടാകുമ്പോൾ മിതമായ അളവിൽ മാത്രം തുരിശും ബോഡോമിശ്രിതവും ഉപയോഗിക്കും. നവംബർ ഡിസംബർ മാസങ്ങളിലാണ് പുഴുബാധയും കേടും കൂടുതൽ കണ്ടുവരുന്നത്. ചാരനിറം, വയലറ്റ്, പച്ച തുടങ്ങിയ വിവിധ നിറത്തിലുള്ള കായ്കൾ മങ്കുവ കൊക്കോയുടെ പ്രത്യേകതകളാണ്. മഴക്കാലത്ത് മാത്രമാണ് കായ്കൾ കേടുവരുന്നത്. കൊക്കോക്ക് സ്വപ്ന വില കിട്ടുന്ന ഈ സീസണിൽ ആഹ്ലാദത്തിലും സന്തോഷത്തിലുമാണ് മങ്കുവയിലെ കൊക്കോ കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.