ഈ വരയിൽ തെളിയുന്നു, വർണ വിസ്മയം
text_fieldsചെറുതോണി: വരക്കാനുള്ള കഴിവ് ദൈവത്തിെൻറ വരദാനമെന്ന് വിശ്വസിക്കാനാണ് കുളക്കുറ്റി ജോസിന് ഇഷ്ടം. ഇതിനകം വരച്ചുതീർത്തത് പതിനായിരക്കണിക്കിന് ചിത്രങ്ങൾ. നൂറുകണക്കിന് അമച്വർ നാടകങ്ങൾക്ക് രംഗപടവുമൊരുക്കി. നാട്ടുവിശുദ്ധിയുടെ വർണങ്ങൾ ചാലിച്ച് ഒരു ഗ്രാമത്തിെൻറ വാണിജ്യ സ്ഥാപനങ്ങൾക്ക് മുഖപടം തീർത്ത കലാകാരൻ കൂടിയാണ് ജോസ്.
കഴിഞ്ഞ 40 വർഷമായി ചേലച്ചുവട്ടിലെ ഏതെങ്കിലുമൊരു സ്ഥാപനത്തിന് മുന്നിൽ കൈയിലൊരു ബ്രഷുമായി ജോസിനെ കാണാം. സാന്ദ്രതയും ആഴവും കണക്കുകൂട്ടി നിറങ്ങളിൽ അക്ഷരങ്ങൾ ചാലിച്ചെടുക്കുന്നതിൽ ജോസ് പുലർത്തുന്ന സൂക്ഷ്മത വേറിട്ടതാണ്.
ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ ചേലച്ചുവട് ഗ്രാമം അതിെൻറ കല സാംസ്കാരിക ഭൂപടത്തിൽ നവീനകാലത്തെ ഫ്ലക്സ് ബോർഡുകൾക്കു മുമ്പ് എഴുതിച്ചേർത്ത പേരാണ് ജോസിന്‍റേത്. നാട്ടിലും ഗ്രാമപ്രദേശങ്ങളിലും അരങ്ങേറിയ അമച്വർ നാടകങ്ങൾക്ക് 'സംഘചിത്ര' പേരിൽ ജീവസ്സുറ്റ രംഗപടങ്ങൾകൊണ്ട് വ്യത്യസ്ത ദൃശ്യസംസ്കാരം രൂപപ്പെടുത്തുന്നതിൽ ജോസ് വഹിച്ച പങ്ക് സമകാലിക കല പ്രസ്ഥാനങ്ങൾക്ക് മാതൃകയാണ്. ഫ്ലക്സ് ബോർഡുകളുടെ തള്ളിക്കയറ്റത്തിനിടയിലും ജോസിന് വിശ്രമമില്ല. വൈക്കം മാളവിക പോലുള്ള പ്രഫഷനൽ നാടക ട്രൂപ്പുകൾ രംഗപടമൊരുക്കാൻ പലപ്പോഴും ജോസിനെ ക്ഷണിച്ചിട്ടുണ്ട്. കലോത്സവ വേദികളിലും തിളങ്ങി. എന്നാൽ, സ്വന്തം ഗ്രാമംവിട്ട് പുറത്തേക്കു പോകാറില്ല. ചേലച്ചുവട് പെരിയാർ വാലിയിൽ താമസിക്കുന്ന ജോസിെൻറ കലാപ്രവർത്തനത്തിന് പിന്തുണയുമായി ഭാര്യ മോളിയുമുണ്ട്. ആൻ മരിയ, അനിറ്റ, അഗസ്റ്റിൻ എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.