മഞ്ഞപ്പിത്തം പടരുന്നു; ഇടുക്കി രോഗത്തിന്റെ പിടിയിൽ
text_fieldsചെറുതോണി: ജില്ല ആസ്ഥാന മേഖലയായ മരിയാപുരം പഞ്ചായത്തിലും വാഴത്തോപ്പ് പഞ്ചായത്തിലും മഞ്ഞപ്പിത്തം പടരുന്നു. മരിയാപുരം പഞ്ചായത്തിൽ മാത്രം ഒരുമാസത്തിനുള്ളിൽ രോഗം ബാധിച്ച് മൂന്നുപേർ മരിച്ചു. മഞ്ഞപ്പിത്തം ഉൾപ്പെടെ പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോൾ ആരോഗ്യവകുപ്പ് നിഷ്ക്രിയമായി നിലകൊള്ളുന്നതായി ആരോപണമുണ്ട്.
ഒരുമാസത്തിനുള്ളിൽ മരിയാപുരം പഞ്ചായത്തിൽ മാത്രം മൂന്നുപേർ മരിച്ചിട്ടും അധികൃതർ മുൻകരുതൽ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മഞ്ഞപ്പിത്തം വ്യാപിക്കുന്നതിന്റെ ഉറവിടം കണ്ടെത്താൻ ഇനിയുമായിട്ടില്ല.
മഞ്ഞപ്പിത്തം പടരുമ്പോഴും പ്രതിരോധ നടപടിയില്ലെന്നാണ് ആരോഗ്യ വകുപ്പിനെതിരെ നാട്ടുകാരുടെ പരാതി. മരിയാപുരം പഞ്ചായത്തിൽ മാത്രം നിലവിൽ പല വീടുകളിലും ഒന്നിലധികം പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്. തടിയംപാട് കേന്ദ്രീകരിച്ച് പല ഓട്ടോ- ടാക്സി തൊഴിലാളികളും രോഗഭീഷണിയിലാണ്.
ഒന്നരമാസം മുമ്പ് ഇടുക്കിയിലെ പൊതുപ്രവർത്തകന്റെ ഭാര്യ മഞ്ഞപ്പിത്തം ബാധിച്ച് മരണമടഞ്ഞിരുന്നു. മരിയാപുരം ആരോഗ്യ കേന്ദ്രത്തിലും മെഡിക്കൽ കോളജിലും ചികിത്സ തേടിയെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞയാഴ്ച വിമലഗിരി സ്വദേശിയായ ഓട്ടോ ഡ്രൈവർ മഞ്ഞപ്പിത്തം ബാധിച്ച് മരണമടഞ്ഞു. നാലുദിവസം മുമ്പാണ് ഉപ്പുതോട് സ്വദേശിനിയായ വീട്ടമ്മയും മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. പതിനാറാംകണ്ടം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നാല് ദിവസത്തോളം ചികിത്സ തേടിയിരുന്ന ഇവർ രോഗം കുറയാതെ വന്നതോടെ കരിമ്പനിലെ സ്വകാര്യ ആശുപത്രിയെയും ആശ്രയിച്ചിരുന്നു.
രണ്ടിടത്തും ലാബ് ടെസ്റ്റുകൾ നടത്തി രോഗം കണ്ടെത്താതെയാണ് നാലുദിവസത്തിനുശേഷം മറ്റെവിടേക്കെങ്കിലും പോയിക്കൊള്ളാൻ ഇവർക്ക് നിർദേശം നൽകിയത്. തുടർന്ന് ഇടുക്കി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രണ്ടുമണിക്കൂറിന് ശേഷം വീട്ടമ്മ മരിച്ചു.
പ്രദേശത്തെ ആരോഗ്യകേന്ദ്രങ്ങളുടെയും ജില്ല ആരോഗ്യ വകുപ്പിന്റെയും നിഷ്ക്രിയത്വംകൊണ്ട് പല കുടുംബങ്ങളുടെയും ആശ്രയമായവർ മരണത്തിന് കീഴടങ്ങുന്ന സ്ഥിതിയാണ്.
ആരോഗ്യ മന്ത്രിയും ജില്ലയിലെ മന്ത്രിയും ജില്ല ആരോഗ്യ വകുപ്പും വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.