നിർവഹണത്തിലെ പിഴവും അനാസ്ഥയും; വേരുപിടിക്കാതെ 25 ലക്ഷം തൈകൾ
text_fieldsകർഷകർക്ക് നൽകിയത് ഗുണനിലവാരമില്ലാത്തതും മിക്ക കൃഷിയിടത്തിലും സാധാരണ കാണുന്നതുമായ തൈകളായിരുന്നു. ഇതോെട പദ്ധതി തുടക്കത്തിൽത്തന്നെ പാളി. മാത്രവുമല്ല ഓരോ കൃഷിഭവനിലും കർഷകരുടെ ആവശ്യമനുസരിച്ചല്ല തൈകൾ കൊടുത്തതെന്നും ആരോപണമുണ്ടായി.
ചെറുതോണി: കൃഷിഭവനുകൾ വഴി കർഷകർക്ക് വിതരണം ചെയ്ത 25 ലക്ഷം ഫലവൃക്ഷത്തൈകളിൽ ഒന്നുപോലും വേരു പിടിച്ചില്ല. സർക്കാറിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായത്. ഫലവൃക്ഷ വ്യാപനത്തിനായി സർക്കാർ നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായിട്ടാണ് തൈകൾ വിതരണം ചെയ്തത്. 2021, ‘22 വർഷങ്ങളിലായിരുന്നു പദ്ധതി നടപ്പാക്കിയത്.
തുടക്കത്തിൽ തന്നെ കൃഷിഭവനുകളിൽ വിതരണത്തിനെത്തിച്ച ആയിരക്കണക്കിന് തൈകൾ കൃത്യമായി വിതരണം ചെയ്യാതെ കെട്ടിക്കിടന്ന് നശിച്ചിരുന്നു. നിർവഹണത്തിലെ പിഴവ് മൂലമാണ് കർഷകർക്ക് പ്രയോജനം ലഭിക്കാതെ പോയത്. കൃഷിഭൂമിക്ക് അനുയോജ്യമായ ഫല വൃക്ഷത്തൈകൾ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നട്ടുപിടിപ്പിക്കാനായിരുന്നു സർക്കാർ കൃഷിഭവനുകൾക്ക് നൽകിയ നിർദ്ദേശം. പാതയോരങ്ങൾ, പൊതുസ്ഥലങ്ങൾ, സർക്കാർ കെട്ടിട വളപ്പുകൾ, സ്കൂൾ കോമ്പൗണ്ടുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, എന്നിവ കൂടാതെ വീട്ടുവളപ്പുകളിലും നട്ടുവളർത്താനായിരുന്നു തീരുമാനം.
ഇവിടെയൊന്നും നട്ടുപിടിപ്പിച്ചില്ലെന്ന് മാത്രമല്ല കർഷകർക്ക് അധിക വരുമാനം കണ്ടെത്താമെന്ന ലക്ഷ്യവും നടന്നില്ല. പ്ലാവ്, മാവ്, മാതളം, പനീർചാമ്പ, റംബൂട്ടാൻ, അവക്കാഡോ, ഓറഞ്ച്, കടച്ചക്ക, മാംഗോസ്റ്റിൻ, ചാമ്പ, പപ്പായ, നേന്ത്രവാഴ, നാരകം, മുരിങ്ങ, പാഷൻ ഫ്രൂട്ട്, പേര, ആത്ത, വാളൻപുളി, കുടംപുളി, കറിവേപ്പില തുടങ്ങി 21 ഇനം ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യാനായിരുന്നു പദ്ധതി.
ഇതനുസരിച്ച് ജില്ലയിൽ 25 ലക്ഷം തൈകൾ നടാനായിരുന്നു ലക്ഷ്യം. ഹൈബ്രിഡ് ഇനത്തിലുള്ള തൈകൾ നൽകുക വഴി കർഷകർക്ക് അധികവരുമാനം ഉറപ്പാക്കുന്നതായിരുന്നു പദ്ധതി. തൈകൾ ഫാമുകളിൽ നിന്ന് നേരിട്ട് കൃഷിഭവനിലെത്തിക്കുകയായിരുന്നു. ഇതിറക്കുന്നതിനുള്ള കൂലി പഞ്ചായത്തുകൾ കൃഷിഭവനുകൾക്ക് നൽകണമെന്നായിരുന്നു വ്യവസ്ഥ. മിക്ക പഞ്ചായത്തുകളിൽ നിന്നും പണം നൽകിയില്ല.
തൈകൾ തിരിച്ചയക്കരുതെന്ന് കർശന നിർദേശം നൽകിയിരുന്നു. ഇതോടെ വെട്ടിലായ കൃഷി ഓഫിസർമാർ പലരും സ്വന്തം പോക്കറ്റിൽ നിന്ന് പണം കൊടുത്തു. ഉദ്ദേശിച്ച പോലെ കർഷകർ ആരും തൈ വാങ്ങിയില്ല. ചുരുക്കം ചില കർഷകർ മാത്രമാണ് വാങ്ങിയത്.
പദ്ധതി നടപ്പാക്കിയെന്ന് ഉറപ്പുവരുത്താൻ ഓരോ കൃഷി ഭവനിലും ഇറക്കിയ തൈകളുടെ എണ്ണവും കൈപ്പറ്റിയ കർഷകരുടെ പേരും വീട്ടുപേരും ഒപ്പും ആവശ്യപ്പെട്ടെങ്കിലും വളരെക്കുറിച്ച് പേർ മാത്രമാണ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.