ഇടുക്കി ആസ്ഥാനത്തെ ഭൂമി കൈയേറ്റം; 20 വർഷത്തിനുശേഷം ചുവപ്പുനാടയുടെ കുരുക്കഴിയുന്നു
text_fieldsചെറുതോണി: ജില്ല ആസ്ഥാനത്തെ ഭൂമി കൈയേറ്റത്തെക്കുറിച്ച് നൽകിയ അന്വേഷണ റിപ്പോർട്ടിൽ 20 വർഷത്തിനുശേഷം നടപടി. ഹൈകോടതി ഉത്തരവനുസരിച്ച് അന്ന് സർവിസിലിരുന്ന 19 ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ അന്വേഷണം വരും. ജില്ല ആസ്ഥാനത്തെ ഭൂമി കൈയേറ്റത്തെക്കുറിച്ച് അന്നത്തെ ഇന്റലിജൻസ് അഡീഷനൽ ഡയറക്ടർ രാജൻ മധേക്കർ അന്വേഷിച്ച് സർക്കാറിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇപ്പോൾ നടപടി. 2004 ഏപ്രിൽ ഒന്നിനാണ് കലക്ടർക്ക് നടപടി ശിപാർശ ചെയ്ത് റിപ്പോർട്ട് നൽകിയത്. ജില്ല ആസ്ഥാനം, മൂന്നാർ, വാഗമൺ എന്നിവിടങ്ങളിലായി ഭൂമി കൈയേറി മൂവായിരത്തോളം വ്യാജപട്ടയങ്ങൾ നിർമിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൈയേറ്റങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ സാമുദായിക വ്യവസായ പ്രമുഖരാണെന്ന കണ്ടെത്തലാണ് നടപടി ചുവപ്പുനാടയിൽ കുരുങ്ങാൻ കാരണം. പൈനാവിൽ പ്രമുഖ രാഷ്ട്രീയ പാർട്ടി തന്നെ ഭൂമി കൈയേറി ഓഫിസ് നിർമിക്കുകയും ഈ കൈയേറ്റ ഭൂമിക്ക് പൈനാവ് സ്പെഷൽ തഹസിൽദാർ പട്ടയം നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കൈയേറ്റ ഭൂമിക്കു വ്യാജരേഖ ചമച്ച് വൻതുകകൾ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുക്കുകയും ചെയ്തിരുന്നു. വ്യാജരേഖകൾക്കെതിരെ നിരവധി കേസുകൾ എടുത്തെങ്കിലും രാഷ്ടീയ സ്വാധീനം ഉപയോഗിച്ച് നടപടി ഒഴിവാക്കുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. 60 കൈയേറ്റമാണ് ഇടുക്കി അണക്കെട്ട് പരിസരത്ത് നടന്നിരുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇടുക്കി ഡാം തുറന്നുവിട്ടാൽ വെള്ളം കയറാവുന്ന ഇത്തരം ഭൂമിയിൽ അനധികൃതമായി ബഹുനില കെട്ടിടങ്ങൾ നിർമിച്ചു. ഇത്തരം കൈയേറ്റക്കാർ നിയമവിധേയമാകാതെ റേഷൻകാർഡ്, വാട്ടർ കണക്ഷൻ, വൈദ്യുതി കണക്ഷൻ എന്നിവയെടുത്തു.
വൈദ്യുതി ബോർഡിന്റെ അധീനതയിലുള്ള ഭൂമിയിൽ നടന്ന കൈയേറ്റങ്ങളെക്കുറിച്ച് അധികൃതർ മൗനം പാലിച്ചതിലും ദുരൂഹതയുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പൈനാവ് മേഖലയിലെ 40ഓളം കൈയേറ്റക്കാരിൽ 20ഓളം പേർ തമിഴ്നാട്ടിലെ തേനി ജില്ലക്കാരാണ്. 1980 മുതൽ ഇവിടെ ഭൂമി കൈയേറി നിർമാണം നടത്തിയിരുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.
വിവരങ്ങൾ പുറത്തായതോടെ അനധികൃതമായി നിർമിച്ച പട്ടയങ്ങൾ സംബന്ധിച്ച രേഖകളും തണ്ടപ്പേർ ബുക്കും വ്യാജ പട്ടയനിർമാണത്തിനു ചുക്കാൻ പിടിച്ച ഇടുക്കി വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥർതന്നെ നശിപ്പിക്കുന്നതിന് കൂട്ടുനിന്നതായും റിപ്പോർട്ടിലുണ്ട്. വ്യാജപട്ടയലോബിയിൽ ഉദ്യോഗസ്ഥരെക്കൂടാതെ ചില നാട്ടുകാരും പങ്കാളികളാണന്ന് റിപ്പോർട്ടിൽ പറയുന്നു. അന്ന് നടപടിക്കു ശിപാർശ ചെയ്ത 19 ഉദ്യോഗസ്ഥരിൽ പലരും പെൻഷൻ പറ്റി. ഒരാൾ മരണപ്പെട്ടു. ഭൂമികൈയേറ്റത്തെക്കുറിച്ച് രാജൻ മധേക്കർ നൽകിയ റിപ്പോർട്ടനുസരിച്ച് കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായിട്ടില്ലെന്ന് കാണിച്ച് ചിലർ കോടതിയെ സമീപിച്ചതോടെയാണ് 20 വർഷത്തിനുശേഷം ഹൈകോടതിയുടെ ഉത്തരവുണ്ടായത്. 19 ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ അന്വേഷണം വേണ്ടി വരുമെന്നും ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.