ഭൂപ്രശ്നം: ജനകീയ മാർച്ചിൽ പ്രതിഷേധമിരമ്പി
text_fieldsചെറുതോണി: ഭൂപ്രശ്നങ്ങളില്‍ സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കി ഇടുക്കിയില്‍ ജനകീയ കൂട്ടായ്മ. സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികാഘോഷ വേദിയിലേക്ക് കരിങ്കൊടിയേന്തി നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു.
ഇടുക്കിയിലെ ഭൂപ്രശ്നങ്ങളും പട്ടയ വിഷയങ്ങളും പരിഹരിക്കാൻ ഭൂനിയമം ഭേദഗതി ചെയ്യുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാത്തതിനെതിരെ പ്രതിഷേധിച്ച് അതിജീവന പോരാട്ട വേദിയും വ്യാപാരികളും കര്‍ഷകരും, അടക്കമുള്ള ജനകീയ കൂട്ടായ്മയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
ഇടുക്കിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് ചെറുതോണി പാലത്തിന് സമീപം ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. എന്നാല്‍, ഇത് ജനകീയ സമരങ്ങളുടെ തുടക്കമാണെന്നും ഇനിയുള്ള സമരങ്ങള്‍ തടത്ത് നിര്‍ത്താനാകില്ലെന്നും ജനകീയ കൂട്ടായ്മ നേതാക്കൾ പറഞ്ഞു. ജനകീയ പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പിയും സമരത്തില്‍ പങ്കെടുത്തു.
വരും ദിവസങ്ങളില്‍ കലക്ടറേറ്റിലേക്കും സെക്രട്ടേറിയറ്റിലേക്കും ഉൾപ്പെടെ സമരം സംഘടിപ്പിക്കാനാണ് ജനകീയ കൂട്ടായ്മയുടെ നീക്കം. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്‍റ് കെ.ആര്‍. വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറര്‍ സണ്ണി പൈമ്പിള്ളില്‍ അധ്യക്ഷത വഹിച്ചു.
റസാഖ് ചൂരവേലില്‍ വിഷയാവതരണം നടത്തി. പി.എം. ബേബി, ജോസുകുട്ടി കെ. ഒഴുകയില്‍, ജെയിംസ് പരുമല, വി.കെ. മാത്യൂ, പയസ് പുല്ലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.