ഇന്ന് സാക്ഷരത ദിനം; അഗ്നിപരീക്ഷണങ്ങൾ അതിജീവിച്ച് അമല അക്ഷര വെളിച്ചത്തിലേക്ക്
text_fieldsചെറുതോണി: ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു തോപ്രാംകുടി പെരുംതൊട്ടി സ്വദേശിനി അമല ഉണ്ണിക്ക് അക്ഷരം പഠിക്കണമെന്നുള്ളത്. പക്ഷേ, ജീവിതസാഹചര്യം അതിനു പറ്റുന്നതായിരുന്നില്ല. മറ്റു കുട്ടികൾ സ്കൂളിൽ പോകുന്നതു കാണുമ്പോൾ നോക്കിനിന്നു നെടുവീർപ്പിടാനായിരുന്നു വിധി. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഗ്രാമത്തിലായിരുന്നു അമല ജനിച്ചത്. മാതാവ് തങ്കയെ കണ്ടതായിപോലും ഓർമയില്ല. മാതാവിന്റെ മരണശേഷം പിതാവ് വേലായുധൻ മറ്റൊരു വിവാഹം കഴിച്ചതോടെ അമലയുടെ കുട്ടിക്കാലം തൊട്ടടുത്ത വീടുകളിലെ അടുക്കളയിൽ ഒതുങ്ങി.
പഠിക്കണമെന്ന ആഗ്രഹം അമല തുടരെ പ്രകടിപ്പിച്ചതോടെ ജോലിക്കു നിന്ന വീട്ടുകാർ അമലയെ കോഴിക്കോട് അഗതിമന്ദിരത്തിലാക്കി പിന്നെ 10 വയസ്സു മുതൽ 16 വയസ്സു വരെ അവിടത്തെ അന്തേവാസി. അഗതിമന്ദിരത്തിൽനിന്നാണ് പത്താം വയസ്സിൽ ആദ്യക്ഷരം മനസ്സിലാക്കിയത്. തോപ്രാംകുടി സ്വദേശി ഉണ്ണി ജോൺ അമലയെ ജീവിതസഖിയാക്കി. അതിനുശേഷം അങ്കമാലിയിൽ ജോലി ചെയ്യുന്ന ഭർത്താവിനോടൊപ്പം പോയ അമല 2018ൽ അവിടെ സാക്ഷരത കോഴ്സിനു ചേർന്നു 2019ൽ നാലാംതരത്തിൽ വിജയിച്ചു. താമസം ഭർത്താവിനോടൊപ്പം തോപ്രാംകുടിയിലേക്കു മാറ്റിയതോടെ വാത്തിക്കുടി പഞ്ചായത്തിലെ പതിനാറാംകണ്ടം തുടർവിദ്യാകേന്ദ്രത്തിൽ ചേർന്നു. കട്ടപ്പന ജി.ടി.എച്ച്.എസ്.എസിലെ എഴാംതരം സമ്പർക്ക പഠനകേന്ദ്രത്തിൽനിന്ന് മികച്ച വിജയം കൈവരിച്ചെങ്കിലും അമലയുടെ ജീവിതം പിന്നീട് പോരാട്ടങ്ങളുടേതായിരുന്നു.
ജനനം രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ സർട്ടിഫിക്കറ്റിൽ ജനനത്തീയതി ചേർക്കാനായില്ല ഇതുമൂലം തുടർപഠനം മുടങ്ങി പല വാതിലും മുട്ടിയെങ്കിലും നടന്നില്ല. ഒടുവിൽ അമല ഇടുക്കി സബ് കലക്ടർ അരുൺ എസ്. നായരെ കണ്ട് സങ്കടം പറഞ്ഞു. അന്നുതന്നെ സബ് കലക്ടർ വാത്തിക്കുടി പഞ്ചായത്തിൽ ഇടപെട്ട് ജനനം രജിസ്റ്റർ ചെയ്തു സർട്ടിഫിക്കറ്റ് ശരിയാക്കി.
അമല തുല്യത കോഴ്സിൽ 2022 ബാച്ചിൽ പരീക്ഷയെഴുതി പത്താം തരത്തിൽ മികച്ച വിജയം നേടി. ഇനി ഹയർ സെക്കൻഡറി തുല്യത കോഴ്സിനു ചേരണമെന്നാണ് ആഗ്രഹം. ഭർത്താവ് ഓട്ടോറിക്ഷ ഡ്രൈവറാണ്. മക്കളായ എയ്ഞ്ചൽ എട്ടാം ക്ലാസിലും എൽബിൻ ഏഴാം ക്ലാസിലും പഠിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.