ഇടുക്കി മെഡിക്കൽ കോളജിൽ മരുന്ന് പേരിനു മാത്രം
text_fieldsചെറുതോണി: ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രയിൽ ആവശ്യത്തിന് മരുന്ന് കിട്ടാതെ രോഗികൾ വലയുന്നു. രണ്ടു മാസമായി മരുന്ന് ക്ഷാമം രൂക്ഷമാണ്. ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് ഡോക്ടർ കുറിച്ചുകൊടുക്കുന്ന മരുന്നുകളുടെ പകുതി പോലും ആശുപത്രിയിൽ നിന്ന് ലഭിക്കുന്നില്ല. നൂറുകണക്കിന് രോഗികളാണ് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രയിൽ നിത്യേന ചികിത്സ തേടിയെത്തുന്നത്. വിദൂര ദേശങ്ങളിൽ നിന്നെത്തുന്ന നിർധന രോഗികളാണ് മരുന്ന് ലഭിക്കാതെ ദുരിതത്തിലാകുന്നത്. പുറത്ത് നിന്ന് മരുന്ന് വാങ്ങാൻ പണമില്ലാത്തിനാൽ ഏറെ പേരും നിരാശരായി മടങ്ങുകയാണ് പതിവ്.
മെഡിക്കൽ കോളജിൽ രോഗികൾക്ക് ഇരിക്കാനോ കുടിവെള്ളത്തിനോ സംവിധാനമില്ല. പ്രായമായവരടക്കം രോഗികൾ മണിക്കൂറുകൾ ക്യൂ നിന്നാണ് ഒ.പി ടിക്കറ്റെടുക്കുന്നതും ഡോക്ടറെ കാണുന്നതും. പലപ്പോഴും ഒരുതവണ പരിശോധിക്കുന്ന ഡോക്ടർ ആയിരിക്കില്ല അടുത്ത തവണ വരുമ്പോൾ ഒ.പി വിഭാഗത്തിലുള്ളത്. മെഡിക്കൽ വിദ്യാർഥികളാണ് കൂടുതലും രോഗികളെ പരിശോധിച്ച് ചികിത്സ നിർദേശിക്കുന്നത്. സ്കാനിങ് ഉൾപ്പെടെ പരിശോധനകൾക്കും ഡോക്ടർമാരില്ല. ഇടുക്കി മെഡിക്കൽ കോളജിൽ താലൂക്കാശുപത്രികളിൽ ലഭിക്കുന്ന ചികിത്സ പോലും ലഭ്യമല്ലെന്ന് ജനങ്ങൾ പറയുന്നു. ഇപ്പോഴും പേരിൽ മാത്രമാണ് ഇടുക്കി ഗവ. മെഡിക്കൽ കോളജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.