അധികൃതരുടെ അനാസ്ഥ; വിനോദ സഞ്ചാര മേഖലയുടെ വികസനം ചുവപ്പുനാടയിൽ
text_fieldsചെറുതോണി: ഹൈറേഞ്ചിലെ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനായി ടൂറിസം വകുപ്പ് സമർപ്പിച്ച പദ്ധതി അധികൃതരുടെ അനാസ്ഥ മൂലം ചുവപ്പുനാടയിൽ കുരുങ്ങി. ഇതോടെ ടൂറിസ്റ്റുകളെ ആകർഷിക്കാനും വരുമാനം വർധിപ്പിക്കാനുമുള്ള ടൂറിസം വകുപ്പിന്റെ ലക്ഷ്യം അസ്ഥാനത്തായി. ഇടുക്കി അണക്കെട്ടിൽ ടൂറിസം വകുപ്പിന്റെ ബോട്ടുസവാരി നിർത്തിയിട്ട് അഞ്ചുവർഷമായി. ഇപ്പോൾ വനം വകുപ്പിന്റെ ബോട്ടുസവാരി മാത്രമാണുള്ളത്. ടൂറിസം വകുപ്പ് സ്ഥിരം ബോട്ടിങ് സംവിധാനം ഏർപ്പെടുത്തണമെന്നായിരുന്നു പ്രധാന ആവശ്യം.
എല്ലാ ദിവസവും ഓരോ മണിക്കൂർ വീതം നാലുതവണകളായി ബോട്ടിങ് നടത്തിയാൽ ഒരാൾക്ക് 200 രൂപ ഫീസീടാക്കിയാലും നഷ്ടമില്ലാതെ മുന്നോട്ടുപോകാൻ കഴിയുമെന്നായിരുന്നു ടൂറിസം വകുപ്പ് മുന്നോട്ടുവച്ച നിർദ്ദേശം. രാവിലെ എട്ടു മുതൽ വൈകീട്ട് നാലുവരെ ബോട്ടിങ് സമയം ക്രമീകരിച്ചായിരുന്നു കണക്കുകൂട്ടിയത്. ഇതിനായി ടൂറിസ്റ്റുകളുടെ സൗകര്യാർത്ഥം ടിക്കറ്റ് കൗണ്ടറും ഇക്കോ ഷോപ്പും നിർമിക്കണം. നിലവിൽ വിശേഷദിവസങ്ങളിൽ മാത്രം ഏർപ്പെടുത്തിയിരിക്കുന്ന ബോട്ടിങ് സംവിധാനം എല്ലാ ദിവസവുമാകുന്നതോടെ ഇടുക്കിയിൽ കൂടുതൽ സഞ്ചാരികൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പദ്ധതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നിർദേശങ്ങൾ കൊള്ളാം; നടപ്പാക്കണ്ടേ?
ബോട്ടിംഗിലൂടെ 30 ലക്ഷം രൂപയുടെ അധിക വരുമാനം കിട്ടുമെന്ന് ടൂറിസം വകുപ്പ് പറയുന്നു. ഈ തുക ഇന്റർ പ്രൊട്ടേഷൻ സെന്റർ നവീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനും ഉപയോഗിക്കാമെന്നാണ് ടൂറിസം വകുപ്പ് മുന്നോട്ടുവെച്ച നിർദ്ദേശം. എന്നാൽ സർക്കാർ അവഗണിച്ചതോടെ 20 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ട് വാങ്ങുന്നതിന് 20 ലക്ഷം രൂപ അനുവദിക്കാമെന്ന സർക്കാർ വാഗ്ദാനവും പാഴ്വാക്കായി. പദ്ധതി നടപ്പാക്കിയാൽ വെള്ളാപ്പാറയിൽ നിലവിലുള്ള ഷെഡ് പരിഷ്കരിച്ച് ഇന്റർ പ്രൊട്ടേഷൻ സെന്ററാക്കാമെന്നായിരുന്നു തീരുമാനം. ഇക്കോ ടൂറിസം പദ്ധതി നടപ്പിലായാൽ ഇതിലൂടെ ലഭിക്കുന്ന വരുമാനം ടൂറിസം പദ്ധതികളുടെ സുഗമ നടത്തിപ്പിനും മേൽനോട്ടത്തിനും ഉപകരിക്കുമെന്ന് വകുപ്പധികൃതർ പറയുന്നു. സർക്കാർ ഫണ്ടനുവദിക്കാത്തതിനാൽ നിലവിലുള്ള വാഹനങ്ങൾ നവീകരിക്കുന്നതിനോ പുതിയതു വാങ്ങാനോ ഇതുവരെ ടൂറിസം വകുപ്പിനു കഴിഞ്ഞിട്ടില്ല. കാലപ്പഴക്കം ചെന്ന വാഹനങ്ങളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.
ഇതിനിടെ വെള്ളാപ്പാറ ബോട്ട് ലാന്റിങിൽ നിന്ന് വൈരമണിക്ക് ബോട്ടനുവദിക്കണമെന്നും പദ്ധതി റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. ഇത് നടപ്പിലായാൽ ഇടുക്കി ആർച്ചുഡാം, ചെറുതോണി, കുളമാവ് അണക്കെട്ടുകൾ അടുത്തു കാണാനും അണക്കെട്ടിൽ നിന്നുള്ള പ്രകൃതി ഭംഗി ടുറിസ്റ്റുകൾക്കാസ്വദിക്കാനും കഴിയും. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി ഇക്കോ ഷോപ്പ്, ഫ്ലോട്ടിങ് എന്നിവ നിർമിക്കുന്നതിന് പ്രാരംഭ നടപടികൾ നടത്തിയെങ്കിലും അന്നത്തെ കലക്ടർ മാറിയതോടെ പദ്ധതി ഫയലിലുറങ്ങാൻ തുടങ്ങി. പദ്ധതി നടപ്പാക്കാൻ വനം വികസന സമിതി തയ്യാറായി വന്നിരുന്നു. ഇതിൽ നിന്നുള്ള വരുമാനം ചെറുകിട ടൂറിസം വികസന പദ്ധതികൾക്കായി വിനിയോഗിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. ടൂറിസം പദ്ധതിയുടെ ഭാഗമായി വനത്തിനുള്ളിൽ താമസിക്കുന്ന ആദിവാസികൾക്കും വനാതിർത്തിയിൽ താമസിക്കുന്ന മറ്റു വിഭാഗങ്ങൾക്കും സ്വയംതൊഴിൽ പദ്ധതികൾ ആരംഭിക്കുന്നതിനും ടൂറിസം വകുപ്പ് നിർദ്ദേശം വെച്ചിരുന്നു. പദ്ധതികൾ നടപ്പാക്കാത്തതുമൂലം കോടിക്കണക്കിന് രൂപയാണ് ടൂറിസം വകുപ്പിന് നഷ്ടമായിക്കൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.