ചെക്ക്പോസ്റ്റുകളിൽ പരിശോധനയില്ല; ‘വിഷ പച്ചക്കറി’കൾ അതിർത്തി കടന്നെത്തുന്നു
text_fieldsചെറുതോണി: അതിർത്തിയിൽ പരിശോധന നിർത്തിയതോടെ വൻതോതിൽ വിഷം കലർന്ന പച്ചക്കറികൾ ജില്ലയിൽ എത്തുന്നു. തെങ്കാശി മുതലുള്ള ചെക്ക്പോസ്റ്റുകളിൽ പരിശോധന നടക്കുന്നില്ല.
ഓണവിപണി ലക്ഷ്യമിട്ട് ലക്ഷക്കണക്കിനു രൂപയുടെ പച്ചക്കറികളാണ് തമിഴ്നാട്ടിൽ വിളവെടുപ്പ് തുടങ്ങിയത്. മുൻവർഷങ്ങളിൽ ഓണത്തിനു തമിഴ്നാട്ടിൽനിന്നുകൊണ്ടു വരുന്ന പച്ചക്കറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
രണ്ടു വർഷം മുമ്പ് തമിഴ്നാട്ടിൽനിന്ന് കൊണ്ടുവരുന്ന പച്ചക്കറികളിൽ മാരകമായ കീടനാശിനിയുടെ അളവ് കണ്ടതിനെത്തുടർന്ന് അതിർത്തികളിൽ പരിശോധനക്കുള്ള സംവിധാനം ഏർപ്പെടുത്തുവെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. ഇടുക്കിയിൽ 70 ശതമാനത്തോളം പച്ചക്കറികൾ എത്തുന്നത് തമിഴ്നാട്ടിൽനിന്നാണ്.
ഏറ്റവും കൂടുതൽ പഴവർഗങ്ങൾ എത്തുന്നതും തമിഴ്നാട്ടിൽനിന്നുതന്നെ. ആപ്പിളും ഓറഞ്ചും മാത്രമാണ് ഇപ്പോൾ കർണാടകത്തിൽ നിന്നുവരുന്നത്. തമിഴ്നാട്ടിലെ തോട്ടങ്ങളിൽ പരിശോധന നടത്താൻ കേരളത്തിൽനിന്നുള്ള ഉദ്യോഗസ്ഥരെ തമിഴ്നാട് അനുവദിക്കില്ല. സംയുക്ത പരിശോധനക്കും അവർ തയാറല്ല. ഓണക്കാലമാകുന്നതോടെ നിരവധി ലോഡ് പച്ചക്കറികൾ വന്നു തുടങ്ങും.
ഇപ്പോൾ കൊണ്ടുപോകുന്ന സാമ്പിൾ പച്ചക്കറികളിൽ വിഷാംശം ഉണ്ടെന്ന് കണ്ടെത്തി നടപടി എടുത്തുവരുമ്പോഴേക്കും പച്ചക്കറികളും പഴവർഗങ്ങളും മലയാളികൾ കഴിച്ചു തീർത്തിട്ടുണ്ടാവും.
പഴവർഗങ്ങളിലും പച്ചക്കറികളിലും കീടനാശിനികളുണ്ടോ എന്നറിയാനുള്ള സംവിധാനം തിരുവനന്തപുരം ഗവ.അനലറ്റിക്കൽ ലാബിലും എറണാകുളം റീജനൽ അനലറ്റിക്കൽ ലാബിലും മാത്രമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.