ഒരു സഹായവും ലഭിച്ചില്ല; ഇവിടെയുണ്ട്, മറക്കാനാകാത്ത ഓർമകളുമായി ടോമി
text_fieldsചെറുതോണി: ബുധനാഴ്ച രാത്രിയുണ്ടായ അഗ്നിബാധയിൽ കട കത്തിനശിച്ച തങ്കമണിയിൽ നിന്ന്, അഞ്ച് കിലോമീറ്റർ അകലെമറക്കാനാകാത്ത ഓർമകളുമായി ടോമിയും. ഉദയഗിരിയിലെ പലചരക്കു വ്യാപാരിയായിരുന്നു കോഴിമലയിൽ ടോമി.
2012 നവംബർ രണ്ടിനു പുലർച്ചയുണ്ടായ തീപിടിത്തത്തിൽ ടോമിയുടെ കട അഗ്നിക്കിരയായി. ടോമിയുൾപ്പെടെ അഞ്ചംഗ കുടുംബം രക്ഷപ്പെട്ടെങ്കിലും അർബുദബാധിതനായ ടോമി ചികിത്സക്കായി സൂക്ഷിച്ച രണ്ട് ലക്ഷം രൂപയും പെൺമക്കൾക്കായി കരുതിയ സ്വർണവും ഉൾപ്പെടെ മുഴുവൻ സമ്പാദ്യവും കുട്ടികളുടെ പാഠപുസ്തകങ്ങളും ചാരമായി. കണക്കനുസരിച്ച് 30 ലക്ഷം രൂപയുടെ നഷ്ടമാണ് ടോമിക്കുണ്ടായത്.
2012 ൽ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്തായിരുന്നു സംഭവം. എം.എൽ.എ റോഷി അഗസ്റ്റിൻ കുടുംബത്തെ നേരിൽക്കണ്ട് പുനരധിവാസത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ടോമിയുടെ ചികിത്സക്കായി കാരുണ്യ സഹായ നിധിയിൽനിന്ന് മൂന്ന് ലക്ഷം രൂപയും വാഗ്ദാനം ചെയ്തു. പക്ഷേ, ഒരുരൂപ പോലും സർക്കാർ നൽകിയില്ല.
നാട്ടുകാർ ജനകീയ സമിതിയുണ്ടാക്കി 2,22,150 രൂപ പിരിച്ചു നൽകി. ഉദയഗിരി സെന്റ് മേരീസ് പള്ളി വികാരി തോമസ് ആനിക്കുഴിക്കാട്ടിൽ രക്ഷാധികാരിയായി രൂപവത്കരിച്ച സമിതിയാണ് ഒരു ദിവസം കൊണ്ട് തുക പിരിച്ചു നൽകിയത്. പള്ളിയുടെ കെട്ടിടത്തിന്റെ ഒരു മുറി വീണ്ടും കട ആരംഭിക്കാനും നൽകി. റോഷി ആഗസ്റ്റിൻ 5000 രൂപ കുട്ടികൾക്കു പാഠപുസ്തകങ്ങൾ വാങ്ങാൻ നൽകി. വ്യാപാരി വ്യവസായി സംഘടന രണ്ട് ലക്ഷം നൽകി.
12 വർഷത്തിന് ശേഷം തിരിഞ്ഞു നോക്കുമ്പോൾ ടോമിക്കു പറയാനേറെയുണ്ട്. ടോമി വീണ്ടും കടതുടങ്ങി മൂന്ന് പെൺമക്കളേയും വിവാഹം കഴിച്ചയച്ചു. രോഗം പൂർണമായും വിട്ടുമാറിയിട്ടില്ല. മറക്കാനാകാത്ത ഓർമകളുമായി ടോമിയും ഭാര്യയും ഇപ്പോഴും ഉദയഗിരിയിൽ കടയുമായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.