ദൈനംദിന ചെലവുകൾക്ക് വരുമാനമില്ല; എന്നിട്ടും നശിപ്പിക്കുന്നത് ലക്ഷങ്ങൾ
text_fieldsചെറുതോണി: ദൈനംദിന ചെലവുകൾക്കു പോലും വരുമാനമില്ലാത്ത മരിയാപുരം പഞ്ചായത്തിലെ ഭരണസമിതിയുടെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലം നഷ്ടം ലക്ഷങ്ങൾ. പഞ്ചായത്ത് പരിധിയിൽ സ്ഥാപിച്ച ബോർഡുകളും കമാനങ്ങളും ആറുമാസം മുമ്പ് പഞ്ചായത്തിലെ ചില ജീവനക്കാരുടെ നേതൃത്വത്തിൽ എടുത്തു മാറ്റിയിരുന്നു. ബോർഡുകളും കമാനങ്ങളും സ്ഥാപിച്ചവർക്ക് എടുത്തുമാറ്റാൻ അവസരം നൽകുകയോ മുൻകൂട്ടി അറിയിക്കുകയോ ചെയ്യാതെയായിരുന്നു നടപടി.
വളരെ ചെറിയ ബോർഡ് സ്ഥാപിച്ചവർക്കുപോലും ആയിരക്കണക്കിന് രൂപ പിഴയും ഈടാക്കിയ ഈ നടപടിക്കെതിരെ അന്ന് വൻ ആക്ഷേപം ഉയർന്നു. സ്വന്തമായി എടുത്തുമാറ്റാൻ രണ്ടു മണിക്കൂർ ആവശ്യപ്പെട്ടിട്ടു പോലും അനുവദിക്കാതെ ബോർഡുകളും, കമാനങ്ങളുമെല്ലാം അപ്പോൾ തന്നെ പൊളിച്ചു വാഹനത്തിൽ കയറ്റി പഞ്ചായത്തിൽ എത്തിക്കുകയായിരുന്നുവെന്ന് പറയുന്നു.
എടുത്തുമാറ്റിയ ഈ ഇരുമ്പ് സാധനങ്ങൾ എല്ലാം പഞ്ചായത്ത് ഓഫീസിന്റെ പിന്നിലാണ് കൂട്ടിയിട്ടത്. മാസങ്ങളായി ഇത്തരത്തിൽ കൂട്ടിയിട്ട ഇരുമ്പ് വസ്തുക്കൾ തുരുമ്പുപിടിച്ചും കാടുകയറിയും നശിക്കുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ ഇരുമ്പ് സാമഗ്രികളാണ് നശിക്കുന്നത്. ഇവ ലേലം ചെയ്ത് പഞ്ചായത്തിന്റെ ആസ്തിയിലേക്ക് ചേർക്കണമെന്ന് ഭരണ പ്രതിപക്ഷ അംഗങ്ങൾ നിരവധി തവണ ആവശ്യപ്പെട്ടിട്ടും പ്രസിഡന്റ് അനുകൂല നിലപാട് സ്വീകരിച്ചില്ലെന്ന് പറയുന്നു. ബോർഡുകളും കമാനങ്ങളും ഉൾപ്പെടെയുള്ള ഈ വസ്തുക്കൾ എടുത്തുമാറ്റുന്നതിനായി 39000 രൂപ ചെലവ് എഴുതിമാറാൻ ശ്രമിച്ചെങ്കിലും അംഗങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് 36000 രൂപയായി തീരുമാനിക്കുകയായിരുന്നു. പഞ്ചായത്തിലെ മൂന്നു ജീവനക്കാരും ഡ്രൈവറും പുറമേ നിന്ന് ദിവസക്കൂലിക്ക് വിളിച്ച മറ്റൊരാളുമാണ് ബോർഡുകൾ എടുത്തു മാറ്റാനായി വിവിധ സ്ഥലങ്ങളിൽ പോയത്.
രണ്ടുദിവസം കൊണ്ട് ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കിയെങ്കിലും 36000 രൂപ ചെലവ് വന്നത് എങ്ങനെ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. ജില്ലയിലെതന്നെ ഏറ്റവും വരുമാനം കുറഞ്ഞ പഞ്ചായത്താണ് മരിയാപുരം. പഞ്ചായത്ത് വാഹനത്തിന് ഡീസൽ അടിക്കാനും പണമില്ലാതെ പ്രതിസന്ധിയിലാണ്. അടിയന്തിര പ്രാധാന്യമില്ലാത്ത പല യാത്രകൾക്കും വാഹനം ഉപയോഗിക്കുന്നതായി മുമ്പ് ആക്ഷേപം ഉയർന്നിരുന്നു. പണമില്ലാത്തതിനാൽ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കുന്ന അംഗങ്ങൾക്ക് മാസങ്ങളായി ഉച്ചഭക്ഷണം പോലും നൽകാറില്ല.
ഇത്തരത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോഴും പഞ്ചായത്തിന് നല്ലൊരു തുക വരുമാനമായി ലഭിക്കേണ്ട ഈ ഇരുമ്പ് സാധനങ്ങൾ ലേലം ചെയ്ത് മുതൽക്കൂട്ടേണ്ടതിനു പകരം ഭരണസമിതിയിൽ ചിലരുടെ പിടിവാശിയും കെടുകാര്യസ്ഥതയും കൊണ്ട് ലക്ഷക്കണക്കിന് രൂപ നഷ്ടമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.