ഭൂമിയും പട്ടയവുമില്ല; ആദിവാസികൾ ആശങ്കയിൽ
text_fieldsചെറുതോണി: ഭൂമിക്കും പട്ടയത്തിനും വനാവകാശരേഖക്കുമായുള്ള ആദിവാസികളുടെ കാത്തിരുപ്പ് നീളുന്നു. ഏറ്റവുമൊടുവിൽ നടന്ന ചർച്ചയിൽ ഭൂരഹിതരായവർക്ക് ഒരേക്കർ ഭൂമി വീതമെങ്കിലും വാങ്ങി നൽകുമെന്ന് വിവിധ ആദിവാസി സംഘടനകളുമായി ചർച്ച നടത്തി മന്ത്രി പ്രഖ്യാപിച്ചെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും പ്രാരംഭ നടപടി പോലും ആയിട്ടില്ല. 2002 ജനുവരി ഒന്നിനാണ് ആദ്യമായി മറയൂരിൽ വെച്ച് അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണി ആദ്യ ലിസ്റ്റിൽപ്പെട്ട ആദിവാസികൾക്ക് ഭൂമി വിതരണം ചെയ്തത്. വിതരണം ചെയ്ത ഭൂമി വനഭൂമിയാണെന്ന് വനം വകുപ്പും റവന്യൂ ഭൂമിയാണെന്ന് റവന്യൂ വകുപ്പും വാദിച്ചതോടെ ആദിവാസികൾക്ക് വിതരണം ചെയ്ത ഭൂമി വിവാദത്തിലായി.
പട്ടയം ലഭിച്ച ആദിവാസികളിൽ 142 കുടുംബങ്ങൾ ഇന്നും അനുയോജ്യമായ ഭൂമി കണ്ടെത്താനാവാതെ പട്ടയം മാത്രം കൈവശം വെച്ചു കാത്തിരിക്കുകയാണ്. ഇതിനിടെ സർവേ പൂർത്തിയാകാത്തതിനാൽ വനാവകാശനിയമപ്രകാരം ജില്ലയിൽ ഭൂമി വിതരണം ചെയ്യാനുള്ള പ്രഖ്യാപനവും വാഗ്ദാനത്തിലൊതുങ്ങി. ആദ്യഘട്ടത്തിന് ശേഷം രണ്ടാം ഘട്ട ഭൂമി വിതരണം അനന്തമായി നീണ്ടതോടെ, ആദിവാസികൾക്കിടയിൽ പ്രതിഷേധമുയർന്നു. ഒടുവിൽ 2010 ഫെബ്രുവരിയിൽ രണ്ടാം ഘട്ട ഭൂമി വിതരണം ചെയ്യുമെന്ന പ്രഖ്യാപനംസർക്കാർ നടത്തി. അതിനു ശേഷം ജില്ലയിൽ എട്ടു പ്രദേശങ്ങളിലായി 1583 ഹെക്ടർ ഭൂമി വിതരണം ചെയ്തു. വനാവകാശരേഖ നൽകുന്നതിന്റെ മുന്നോടിയായി 150 ഓളം സർവേ ഉദ്യോഗസ്ഥരെ വനാവകാശനിയമപ്രകാരമുള്ള സ്ഥലം അളന്നു കണ്ടെത്താൻ ചുമതലപ്പെടുത്തി.
പക്ഷെ സർവേ നടപടികൾ ഭാഗികമായി മാത്രമാണ് പൂർത്തിയാക്കാൻ കഴിഞ്ഞത്. 11 ആദിവാസിക്കോളനികളിലെ സർവേ നടപടികൾ ഇപ്പോഴും പൂർത്തിയാകാതെ കിടക്കുകയാണ്. 2015 ന് മുമ്പ് സർവേ സ്കെച്ച് നടപടികൾ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറെ കലക്ടർ ചുമതലപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. മറയൂർ, കുണ്ടള, സൂര്യനെല്ലി, ചിന്നക്കനാൽ, പൂപ്പാറ , ആലക്കോട്, സിങ്കു കണ്ടം, പത്തടിക്കളം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ആദിവാസികൾക്കു ഭൂമി ലഭിച്ചത്. ഇതിൽ ചിന്നക്കനാലിൽ ഭൂമി ലഭിച്ച 559 കുടുംബങ്ങളിൽ 138 കുടുംബങ്ങളൊഴിച്ച് ബാക്കിയുള്ളവർ ആന ശല്യം മൂലം സ്ഥല മുപേക്ഷിച്ചു പോയി. ഇതിൽ 43 കുടുംബങ്ങൾ പെരിഞ്ചാംകുട്ടി തേക്ക് പ്ലാന്റേറേഷനിൽ കുടിയേറി. ആദിവാസികൾക്ക് വിതരണം ചെയ്ത ഭൂമിയിൽ കാട്ടുമൃഗങ്ങളുടെ ശല്യം ഒഴിവാക്കാൻ സൗരോർജ വേലി നിർമിച്ചു നൽകുമെന്ന് ഉറപ്പു നൽകിയെങ്കിലും ഇതുവരെ പാലിച്ചിട്ടില്ല.
സി.പി.ഐയാണ് റവന്യൂ വകുപ്പു ഭരിക്കുന്നത്. ഇതിനിടെ ഇനി ഭൂമി കിട്ടാനുള്ള ആദിവാസികൾക്ക് വാസയോഗ്യമായതും കൃഷിയോഗ്യമായതുമായ ഭൂമി കണ്ടെത്തി നൽകാൻ സംഘടനാ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി ജില്ല തലസമിതികൾ രൂപവത്കരിക്കുമെന്നും ആറുമാസത്തിലൊരിക്കൽ ആദിവാസി സംഘടന പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി യോഗം വിളിക്കാമെന്നും വകുപ്പുമന്ത്രി നൽകിയ ഉറപ്പും പാലിച്ചില്ല. ഇതിനു മുമ്പുള്ള ഉറപ്പുകളൊന്നും പാലിക്കാത്തതിനാർ ആദിവാസികൾ കടുത്ത ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.