കൈവശരേഖ നൽകുന്നില്ല; ലാൻഡ് അസൈന്മെന്റ് യോഗത്തില്‍ വൻ പ്രതിഷേധം
text_fieldsചെറുതോണി: ലൈഫ് ഭവനനിർമാണ പദ്ധതിയിൽ വീട് നിർമിക്കാൻ കൈവശരേഖ നൽകാത്തതിൽ ഇടുക്കി താലൂക്കിൽ നടന്ന ലാൻഡ് അസൈന്മെന്റ് യോഗത്തിൽ വൻ പ്രതിഷേധം. മുൻ തീരുമാനങ്ങൾ നടപ്പാക്കാത്തിതിനെതിരെയും അംഗങ്ങൾ പ്രതിഷേധിച്ചു.
താലൂക്കിൽ പട്ടയ സംബന്ധമായ ഒരു നടപടിയും നടക്കുന്നില്ല. നിയമ തടസ്സങ്ങളുന്നയിച്ച് ഉദ്യോഗസ്ഥർ മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് അംഗങ്ങൾ ആരോപിച്ചു. പുതിയ നിയമമനുസരിച്ച് പുതിയ പട്ടയങ്ങൾ നല്കാൻ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇടുക്കി, കഞ്ഞിക്കുഴി വില്ലേജുകളിൽ പട്ടയത്തിന് 726 അപേക്ഷ കിട്ടിയിട്ടുണ്ട്. പുതിയ തീരുമാന പ്രകാരം അക്ഷേകൾ വീണ്ടും പരിശോധിക്കാൻ നിർദേശം നല്‍കിയിരിക്കുകയാണ്. ഇടുക്കി വില്ലേജിൽ 319 അപേക്ഷകളാണുള്ളത്. പരിശോധന പൂര്‍ത്തിയായ അപേക്ഷകൾ ഉടൻ പട്ടയ നടപടികള്‍ക്ക് നല്‍കണമെന്നു അംഗങ്ങൾ ആവശ്യപ്പെട്ടു. കഞ്ഞിക്കുഴി വില്ലേജിലെ ബാക്കിയുള്ള അപേക്ഷകൾ ഉടൻ പരിശോധന പൂര്‍ത്തിയാക്കി നല്‍കണമെന്നും ആവശ്യപ്പെട്ടു.
കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന് സർക്കാർ നിയമങ്ങൾ തടസ്സമാണെന്നു ഉദ്യോഗസ്ഥർ പറയുന്നു. 17 വർഷമായി കൈവശത്തിലുള്ളതാണെന്നുള്ള രേഖകകളാണ് വേണ്ടത്. പലരുടെയും സ്ഥലം ഫോറസ്റ്റ് എന്നും ഏലത്തോട്ടം എന്നുമൊക്കെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെയുള്ള സ്ഥലങ്ങള്‍ക്ക് കൈവശ സര്‍ട്ടിഫിക്കറ്റ് നല്കാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇതിന് പുതിയ നിയമനിർമാണമോ സര്‍ക്കാർ ഉത്തരവോ വേണമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. കൈവശ സര്‍ട്ടിഫിക്കറ്റിന് 37 അപേക്ഷ ലഭിച്ചതിൽ 32 എണ്ണം പാസാക്കിയതായി തഹസില്‍ദാർ പറഞ്ഞു.
പട്ടയവും കൈവശരേഖയും സംബന്ധിച്ച് മന്ത്രിയുടെ സാനിധ്യത്തിൽ നടന്ന തീരുമാനം ഉദ്യോഗസ്ഥർ പാലിക്കാത്തതാണ് നിലവിലുള്ള തടസ്സമെന്ന് അംഗങ്ങൾ പറഞ്ഞു. ഇടുക്കി താലൂക്കിലെ പട്ടയ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടാൻ കലക്ടറെ കാണാൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രനെ ചുമതലപ്പെടുത്തി. രാജി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. തഹസില്‍ദാർ ഡിക്സി ഫ്രാന്‍സിസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.