വനം വകുപ്പിന്റെ തടസ്സം; ഇഞ്ചി, മഞ്ഞൾ ഉണക്കൽ പ്രതിസന്ധിയിൽ
text_fieldsചെറുതോണി: വനം വകുപ്പിന്റെ തടസ്സം മൂലം ഇഞ്ചി, മഞ്ഞൾ ഉണക്കൽ പ്രതിസന്ധിയിൽ. ഇഞ്ചിയും മഞ്ഞളുമൊക്കെ ഉണക്കുന്നതിന് ഒരു കാലത്ത് ഹൈറേഞ്ചിലെ കർഷകർ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് തലക്കോടിന് സമീപത്തെ ഇഞ്ചിപ്പാറയെ ആയിരുന്നു.
ഇടുക്കി-എറണാകുളം ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് തലക്കോട് ഇഞ്ചിപ്പാറ, മലരുപാറ പ്രദേശങ്ങൾ. ഇവിടെ മാത്രമാണ് വിശാലമായ പാറകളുള്ളത്. പതിറ്റാണ്ടുകളായി കര്‍ഷകര്‍ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിക്കുന്ന ലോഡ്കണക്കിന് മഞ്ഞളും ഇഞ്ചിയും ഇവിടെ ഉണങ്ങി വില്‍ക്കുകയാണ് പതിവ്. മുന്‍വര്‍ഷങ്ങളില്‍ ഷെഡുകെട്ടി അതിനുതാഴെ ഇരുന്നാണ് ഇവര്‍ ഇഞ്ചി ചുരണ്ടിയിരുന്നത്.
രാത്രി ഉണങ്ങാന്‍ ഇട്ടിരിക്കുന്ന ഇഞ്ചിക്കും മഞ്ഞളിനും കാവല്‍ കിടന്നിരുന്നതും ഈ ഷെഡുകളിലാണ്. എന്നാല്‍, ഇത്തവണ ഷെഡ് കെട്ടുന്നത് വനം വകുപ്പ് തടഞ്ഞിരിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിവാശിമൂലം ഷെഡ് കെട്ടാനാകാതെ മഴയും വെയിലും മഞ്ഞുമേറ്റ് രാത്രിയും പകലും ഇവിടെ കഴിച്ചുകൂട്ടേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍.
ഒരു പടുതപോലും കെട്ടാന്‍ കഴിയാതെ ചുട്ടുപൊള്ളുന്ന വെയിലിലും ഇവിടെ കര്‍ഷകരും തൊഴിലാളികളും ജോലി ചെയ്യുകയാണ്. ഇത്രയധികം പീഡനങ്ങള്‍ സഹിച്ചു ഉണങ്ങുന്ന മഞ്ഞളിനും ഇഞ്ചിക്കും ന്യായവില ലഭിക്കുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു.
ഗുണനിലവാരം കുറഞ്ഞ മഞ്ഞള്‍ വിദേശ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്താണ് ഇവിടത്തെ കമ്പനികള്‍ ഉപയോഗിക്കുന്നത്. വേനല്‍കാലത്ത് മഞ്ഞള്‍, ഇഞ്ചി എന്നിവ ഉണങ്ങുന്നതിന് താല്‍ക്കാലിക അനുമതി ലഭിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.