ഇടുക്കി ജില്ലയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ് സജീവം
text_fieldsചെറുതോണി: ജില്ലയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ് സജീവമായി. ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പാണ് കൂടുതലും. ഓൺലൈൻ ഡേറ്റ എൻട്രിയുടെ പേരിൽ വൻ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.
‘മാസത്തിൽ ലക്ഷങ്ങൾ സമ്പാദിക്കാം’ എന്ന പരസ്യം നൽകിയാണ് ആളുകളെ ആകർഷിക്കുന്നത്. ഫോട്ടോയും തിരിച്ചറിയൽ കാർഡിന്റെ കോപ്പിയും രജിസ്ട്രേഷൻ ഫീസായി നിശ്ചിത തുകയും വാങ്ങും. തുടർന്ന് മാറ്റർ അയച്ചുകൊടുക്കും. ഇത് ശരിയാക്കി അയച്ചു കഴിയുമ്പോൾ ഓരോ കാരണം പറഞ്ഞു നിരാകരിക്കും. ജനങ്ങൾ ഷോപ്പിങ്ങിനും ബിൽ പേയ്ക്കും മറ്റുമായി ഓൺലൈൻ തെരഞ്ഞെടുത്തതോടെയാണ് തട്ടിപ്പ് സജീവമായത്. ദിവസവും പുത്തൻരീതിയിലുള്ള തട്ടിപ്പാണ് അരങ്ങേറുന്നത്.
പണം നഷ്ടപ്പെടുന്ന കേസുകളുടെ എണ്ണം വർധിക്കുമ്പോഴും പ്രതികളെ പിടികൂടാനാകാതെ കുഴയുകയാണ് പൊലീസ്. ഓൺലൈൻ തട്ടിപ്പുകൾക്ക് ഇതുവരെ ഇരയായിരുന്നത് സാധാരണക്കാരും സാങ്കേതികവിഷയങ്ങളിൽ വലിയ അറിവില്ലാത്തവരുമായിരുന്നെങ്കിൽ ഇപ്പോൾ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ വ്യാജ അക്കൗണ്ടുവരെ ഉണ്ടാക്കിയാണ് പണം തട്ടുന്നത്. അടിയന്തരമായി പണം ആവശ്യമുണ്ടെന്നും ഏതാനും ദിവസങ്ങൾക്കകം മടക്കിനൽകാമെന്നുള്ള സന്ദേശമാണ് പലർക്കും വരുന്നത്. തങ്ങളുടെ ഫേസ്ബുക്കും വാട്സ്ആപ്പും വഴി അടുത്ത സുഹൃത്തിന്റെയോ ബന്ധുവിന്റെയോ എന്ന തരത്തിലാണ് സന്ദേശമെത്തുന്നത്. ആവശ്യപ്പെടുന്ന തുക അത്ര വലുതല്ലാത്തതിനാൽ ഉടൻ പണം ഗൂഗിൾപേ വഴിയോ മറ്റോ അയക്കും.
പണം തിരികെ ചോദിച്ച് സുഹൃത്തിനെ വിളിക്കുമ്പോൾ മാത്രമാണ് തട്ടിപ്പിന് ഇരയായെന്ന് അറിയുന്നത്. ഒരു വർഷത്തിനുള്ളിൽ നിരവധി കേസാണ് ഉണ്ടായത്. ഓൺലൈനിലൂടെ ലോൺ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പും വർധിക്കുന്നു. ലളിതമായ വ്യവസ്ഥകൾ എന്ന പരസ്യം കണ്ട് പെട്ടെന്ന് ലോൺ തരപ്പെടുമെന്ന് വിശ്വസിച്ച് തട്ടിപ്പിനിരയാകുന്നത് നൂറുകണക്കിനു പേരാണ്. ഓൺലൈൻ തട്ടിപ്പിന്റെ മറ്റൊരു രൂപമാണ് അക്കൗണ്ടിൽ 2000 രൂപ അയച്ചിട്ടുണ്ടെന്ന സന്ദേശം. ഇതു വിശ്വസിച്ച് ക്ലിക്ക് ചെയ്തവർക്ക് തങ്ങളുടെ അക്കൗണ്ടിലുള്ള പണം നഷ്ടമായി. തട്ടിപ്പുകൾ ഭൂരിഭാഗവും നടത്തുന്നത് ഉത്തരേന്ത്യൻ സംഘമാണെന്നാണ് ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്ന സൈബർ വിഭാഗത്തിലെ ഉദ്യോഗസ്ഥർ പറയുന്നത്. ഇത്തരക്കാരെ കണ്ടുപിടിക്കാൻ പലപ്പോഴും സാധിക്കാറില്ലന്നും പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.