ഇടുക്കി മെഡിക്കൽ കോളജിൽ ഓക്സിജന് പ്ലാന്റ് പ്രവർത്തനം നിലച്ചു
text_fieldsചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിലെ ഓക്സിജൻ പ്ലാന്റ് പ്രവർത്തനം നിലച്ചു. ഒരുമാസം മുമ്പ് തകരാർ കണ്ടുപിടിച്ചിട്ടും നന്നാക്കാൻ നടപടിയില്ലാത്തതാണ് പ്രശ്നമായത്. ഒരുവർഷമായി എച്ച്.എം.സി യോഗം കൂടിയിട്ട്. കോവിഡ് കാലത്ത് യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റവും പുതിയ പ്ലാന്റാണ് മെഡിക്കൽ കോളജിൽ സ്ഥാപിച്ചിരുന്നത്. കോവിഡ് കാലത്ത് ഓക്സിജൻ ആവശ്യത്തിന് കിട്ടാൻ തടസ്സം നേരിട്ടതിനെത്തുടർന്നാണ് പ്ലാന്റ് സ്ഥാപിച്ചത്. പ്ലാന്റ് കേടയതിനെത്തുടർന്ന് അമിതവില നൽകി സ്വകാര്യ ഏജൻസിയിൽനിന്നാണ് ഇപ്പോൾ ഓക്സിജൻ വാങ്ങുന്നത്.
ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവുമൂലം മെഡിക്കൽ കോളജിന്റെ പ്രവർത്തനം ഭാഗികമാണ്. മഴക്കാലമായതോടെ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് പനിയും മറ്റുപല രോഗങ്ങളുമായി രോഗികൾ എത്തുന്നുണ്ടെങ്കിലും ഗുരുതരമായ രോഗികളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയാണ്. പാവപ്പെട്ട രോഗികൾക്ക് ഇതു ബുദ്ധിമുട്ടുണ്ടാക്കുകയാണ്. കാത്ത്ലാബ് പ്രഖ്യാപിച്ച് ഒരുവർഷം കഴിഞ്ഞിട്ടും നിർമാണം ആരംഭിച്ചിട്ടില്ല. പുതിയ കെട്ടിടത്തിൽ ഓപറേഷൻ തിയറ്റർ ആരംഭിക്കുമെന്ന വാഗ്ദാനവും ഒരുവർഷം കഴിഞ്ഞിട്ടും നടപ്പായില്ല. അടിസ്ഥാന സൗകര്യങ്ങൾ നടപ്പാക്കാത്തതിലും ഹോസ്റ്റലിന്റെ നിർമാണം പൂർത്തിയാക്കാത്തതിലും പ്രതിഷേധിച്ച് വിദ്യാർഥികൾ പഠിപ്പുമുടക്കി രാപ്പകൽ സമരം നടത്തിയിരുന്നു. സമരത്തെ തുടർന്ന് ആരോഗ്യ മന്ത്രിയുടെ ഓഫിസിൽ വിദ്യാർഥി പ്രതിനിധികളെ വിളിച്ചുവരുത്തി ചർച്ച നടത്തുകയും മൂന്ന് മാസത്തിനകം മന്ത്രി ഇടുക്കിയിൽ നേരിട്ടെത്തി കുറവുകൾ പരിഹരിക്കാമെന്നും മൂന്നു മാസത്തിനകം ഹോസ്റ്റൽ നിർമാണം പൂർത്തിയാക്കാമെന്നും ഉറപ്പു നൽകിയിരുന്നു. എന്നാൽ, ആറുമാസം കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് വിദ്യാർഥികൾ പറയുന്നു.
പുതുയതായി 100 കുട്ടികൾകൂടി ഇടുക്കിയിലെത്തും. ഇവർക്ക് താമസിക്കാൻ നിലവിൽ ഒരു സൗകര്യവും ഏർപ്പെടുത്തിയിട്ടില്ല. മെഡിക്കൽ കോളജിൽ അടിസ്ഥാന സൗകര്യങ്ങൾ ചർച്ച ചെയ്യാൻ കലക്ടർ ചെയർമാനായുള്ള എച്ച്.എം.സി കമ്മിറ്റിയെ സർക്കാർ നിയമിച്ചിട്ടുണ്ടെങ്കിലും ഒരുവർഷമായി യോഗം വിളിച്ചിട്ടില്ലെന്ന് അംഗങ്ങൾ ആരോപിക്കുന്നു. അതിനാൽ ഇടുക്കി മെഡിക്കൽ കോളജിൽ അടിയന്തരമായി എച്ച്.എം.സി കമ്മിറ്റി വിളിക്കണമെന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഒന്നടങ്കം ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.