പഴയരിക്കണ്ടം ബസ് സ്റ്റാൻഡല്ല; നിർമാണ സാമഗ്രി സൂക്ഷിപ്പുകേന്ദ്രം
text_fieldsചെറുതോണി: ലക്ഷങ്ങൾ മുടക്കി നിർമിച്ച ബസ്സ്റ്റാൻഡും ഷോപ്പിങ് കോംപ്ലക്സും അധികാരികളുടെ അവഗണനയിൽ നശിക്കുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി പഴയരിക്കണ്ടത്ത് നിർമിച്ച ബസ് സ്റ്റാൻഡിനും ഷോപ്പിങ് കോംപ്ലക്സിനുമാണ് ഈ അവസ്ഥ. തൊഴിലുറപ്പ് പദ്ധതിക്കായി കൊണ്ടുവന്ന നിർമാണ സാമഗ്രികൾ സൂക്ഷിക്കുന്ന കേന്ദ്രമാണ് ഇപ്പോൾ ബസ് സ്റ്റാൻഡ്.
2005ൽ പഴയരിക്കണ്ടം നിവാസികൾ പൊതുജനങ്ങളിൽനിന്ന് പിരിവെടുത്ത് 13 സെൻറ് സ്ഥലം വാങ്ങി ബസ് സ്റ്റാൻഡിനായി പഞ്ചായത്തിന് നൽകി. ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റിെൻറയും പഞ്ചായത്തിെൻറയും ഫണ്ട് ഉപയോഗിച്ചാണ് ബസ് സ്റ്റാൻഡും ഷോപ്പിങ് കോംപ്ലക്സും ബസ് കാത്തിരിപ്പ് കേന്ദ്രവും നിർമിച്ചത്.
എന്നാൽ, സ്റ്റാൻഡിൽ ഇതുവരെ ബസ് കയറിയിട്ടില്ല. ആലപ്പുഴ -മധുര സംസ്ഥാനപാത കടന്നുപോകുന്ന പഴയരിക്കണ്ടം ഈട്ടിക്കവലയിൽ നിന്ന് അര കിലോമീറ്റർ മാറി പള്ളി സിറ്റിയിലാണ് ബസ് സ്റ്റാൻഡ് നിർമിച്ചത്. പ്രധാന റോഡിൽനിന്ന് തിരിഞ്ഞ് ബസ് സ്റ്റാൻഡുവരെ കടന്നുചെന്ന് യാത്രക്കാരെ കയറ്റണമെന്ന പഞ്ചായത്തിെൻറ നിർദേശം ബസുടമകൾ പാലിക്കുന്നില്ല.
പഴയരിക്കണ്ടം ഗവ. ഹൈസ്കൂൾ, പള്ളി, അമ്പലം, സർക്കാർ ഹോമിയോ ആശുപത്രി എന്നിവക്ക് സമീപമായി നിർമിച്ച ബസ് സ്റ്റാൻഡിൽ ബസ് വരാത്തത് മൂലം ജനങ്ങളും ദുരിതത്തിലാണ്. ഇപ്പോൾ സാധന സമഗ്രികൾ കൂട്ടിയിട്ടതിെൻറ മറവിൽ സാമൂഹികവിരുദ്ധ ശല്യവുമുണ്ട്. സ്റ്റാൻഡിൽ ബസ് കയറണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ വ്യാപാരികളും പ്രദേശവാസികളും പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും, ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.