തിരക്കില്ലാതെ ഫോട്ടോഗ്രാഫർമാർ; കഴിഞ്ഞത് പട്ടിണിയോണം
text_fieldsചെറുതോണി: ഓണക്കാലത്ത് നല്ലതിരക്കുണ്ടായിരുന്ന ഫോട്ടോഗ്രാഫർമാർക്ക് ഇപ്പോൾ നിരാശ മാത്രം. ഓരോ വർഷം ചെല്ലുന്തോറുംം ജോലി കുറഞ്ഞുവരുന്നു. ഏതാനും വർഷം മുമ്പ് വരെ അത്തം മുതൽ 10 ദിവസം നല്ലതിരക്കായിരുന്നു ഇവർക്ക്. ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങൾ ഫ്രെയിമിൽ ഒതുക്കി തന്നിരുന്ന ഫോട്ടോഗ്രാഫർമാർ ഇന്ന് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
ഫോട്ടോയും വീഡിയോയുമൊക്കെയായി കല്യാണത്തിനും നിശ്ചയത്തിനും ജന്മദിനത്തിനും ഓണത്തിനുമെല്ലാം നിറം പകർന്നുതന്നിരുന്നവരുടെ ജീവിതത്തിന്റെ നിറം പാടെ മങ്ങി. ജില്ലയിൽ അറുനൂറോളം ഫോട്ടോ, വീഡിയോഗ്രാഫർമാരും അനുബന്ധ തൊഴിൽ ചെയ്യുന്നവരും ദുരിതത്തിലാണ്.
ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങളുടെ കടന്നുകയറ്റം, മൊബൈൽ ഫോണിന്റെ വരവ്, വർഷം തോറും മാറുന്ന ടെക്നോളജി തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഇവർ നേരിടുന്നതു. അഞ്ച് ലക്ഷം രൂപ വരെ കൊടുത്ത് വാങ്ങുന്ന കാമറ ഒരു വർഷം പോലും ഉപയോഗിക്കുന്നതിന് മുമ്പ് കാലഹരണപ്പെടുന്നു. വിലവർധനവും താങ്ങാനാവാത്ത വിധമാണ്. കാമറ, പ്രിന്റർ, ലെൻസ്, കംപ്യൂട്ടർ, പേപ്പർ, മഷി, ലൈറ്റ് എന്നിവക്കെല്ലാം വിലവർധിച്ചു.
കോവിഡുകാലത്ത് രണ്ട് വർഷത്തോളമാണ് സ്റ്റുഡിയോകൾ അടച്ചിടേണ്ടി വന്നത് മാസങ്ങളോളം അടച്ചിടേണ്ടി വന്നതോടെ കാമറകളും അനുബന്ധ സാധനങ്ങളും കേടുപാടുകൾ വന്ന് നശിച്ചു. വൻതുകകൾ വായ്പയെടുത്തു പുതിയ മോഡൽ കാമറയും വാങ്ങി കടത്തിലായവരും ഇക്കൂട്ടത്തിലുണ്ട്. പ്രശ്നങ്ങൾക്ക് നടുവിൽ നട്ടംതിരിയുമ്പോഴും സർക്കാരിൽ നിന്ന് ഒരാനുകൂല്യവും കിട്ടാറില്ലെന്ന് ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.