ഇടുക്കി ജില്ലയിൽ പോക്സോ കേസുകൾ വർധിക്കുന്നു
text_fieldsചെറുതോണി: ഒമ്പതു മാസത്തിനുള്ളിൽ ഇടുക്കി പോക്സോ കോടതി ശിക്ഷ വിധിച്ചത് 12 കേസിൽ. ദേവികുളം, തൊടുപുഴ, കട്ടപ്പന കോടതികളിലെ കേസുകളുടെ വിധി കൂടി കണക്കിലെടുക്കുമ്പോൾ നാലിരട്ടി വരും ഇതിൽ ഒരു വധശിക്ഷയും ഉൾപ്പെടും.
ജില്ലയിൽ കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തിൽ വൻ വർധനയാണുണ്ടായത്. ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പാകെ വന്ന കേസുകൾ വേറെ. എന്നാൽ, റിപ്പോർട്ടു ചെയ്യപ്പെടാത്ത കണക്കുകൾ കൂടി നോക്കുമ്പോൾ വൻ വർധനയാണുണ്ടായത്. ഗവ. സ്കൂളുകളിൽ നിന്നുള്ളതാണ് മിക്ക കേസുകളും. എന്നാൽ, സ്വകാര്യ സ്കൂളുകളിൽനിന്നുള്ള സമാന സംഭവങ്ങൾ ഉണ്ടെങ്കിലും അധികൃതർ ഒതുക്കിത്തീർക്കുന്നതായി ആക്ഷേപമുണ്ട്.
റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഭൂരിപക്ഷവും കുട്ടികളെ സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ളവർ തന്നെയാണ് പ്രതിസ്ഥാനത്തുള്ളത്. പോക്സോ കേസുകളിൽ മിക്കതിലും അയൽവാസികളോ പരിചയക്കാരോ സ്കൂളിലെത്തിക്കുന്ന ഡ്രൈവർമാരോ ആണ് പ്രതികൾ. പെൺകുട്ടികളെ പീഡിപ്പിക്കുന്നവരിൽ രണ്ടാനച്ഛൻ, അടുത്ത ബന്ധുക്കൾ എന്നിവരും കുറവല്ല.
ടൂറിസത്തിന്റെ മറവിൽ നടക്കുന്ന പല സംഭവങ്ങളും പുറത്തു വരാറില്ല. ഒരു പ്ലസ് വൺ വിദ്യാർഥിനി മാതാപിതാക്കളറിയാതെ മൂന്നാറിലെത്തിയത് നാല് ആൺകുട്ടികളോടൊപ്പം. പൊലീസ് പിടിയിലായ ഇവരെ മാതാപിതാക്കളെ വരുത്തി പറഞ്ഞയച്ചു. കുട്ടികൾതന്നെ പ്രതികളാകുന്ന കേസുകളുമുണ്ട്. പെൺകുട്ടികൾ പോലും ലഹരിക്കടിമകളാകുന്നതായി റിപ്പോർട്ടുകളുണ്ട്.
തൊടുപുഴയിൽ മുത്തശ്ശി തീകൊളുത്തി പെൺകുട്ടിയെ കൊന്നത് മനഃസാക്ഷിയെ ഞെട്ടിച്ചതായിരുന്നു. അധ്യാപകൻ കുട്ടികളെ പീഡിപ്പിച്ച കേസും ലിസ്റ്റിലുണ്ട്. 13നു മുകളിൽ പ്രായമുള്ള പെൺകുട്ടികൾ മൊബൈൽ പ്രണയത്തിൽ കുരുങ്ങി കാമുകൻ കൊണ്ടുപോയി പീഡിപ്പിച്ച കേസുകളും കുറവല്ല.
പിതാക്കളുടെ മദ്യപാനവും തകർന്ന കുടുംബവും മാതാപിതാക്കളുടെ അശ്രദ്ധയുമാണ് കുട്ടികൾ ചൂഷണത്തിനിരയാവാൻ കാരണമെന്ന് ചുണ്ടിക്കാണിക്കപ്പെടുന്നു. ജില്ലയിലെ അമ്പതോളം സർക്കാർ സ്കൂളിൽ കൗൺസലർമാരുടെ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. ബി.പി.എൽ കുടുംബങ്ങളിൽനിന്നും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുമാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മുന്നിൽ വന്ന കേസുകളിൽ കൂടുതലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.