പ്രധാനമന്ത്രി ആവാസ് യോജന: പണം പറ്റിയിട്ടും വീട് നിർമിച്ചില്ല; കേസെടുത്ത് ഓംബുഡ്സ്മാൻ
text_fieldsചെറുതോണി: പ്രധാനമന്ത്രി ആവാസ് യോജനയിൽ പണം പറ്റിയ ശേഷം നിശ്ചിത സമയത്തിനുള്ളിൽ വീട് പണിയുന്നതിൽ വീഴ്ച വരുത്തിയ ഗുണഭോക്താവിനെതിരെ സ്വമേധയ കേസെടുത്തതായി ഓംബുഡ്സ്മാൻ പി. ജി. രാജൻ ബാബു അറിയിച്ചു. കാൽവരി മൗണ്ട് കറുകയിൽ അരവിന്ദാക്ഷനെതിരെയാണ് കേസെടുത്തത്. നാലു ലക്ഷം രൂപയാണ് പദ്ധതി തുക. 160000 രൂപ കൈപ്പറ്റിയതു കൂടാതെ തൊഴിലുറപ്പിൽപെടുത്തി 60 ദിവസം ജോലി ചെയ്യിക്കുകയും ചെയ്തു. എന്നിട്ടും വീടുപണി പൂർത്തിയാക്കാത്തതിനെതിരെയാണു കേസ്.
ഓംബുഡ്സ്മാൻ നടത്തിയ സിറ്റിങിലാണ് നടപടി. കാമാഷി പഞ്ചായത്തിൽ നിന്ന് രണ്ടു പരാതികളാണ് ലഭിച്ചത്. സോഷ്യൽ ഓഡിറ്റ് വൈകുകയാണന്നും നേരത്തെയാക്കണമെന്നും ആശ്യപ്പെട്ട് മേറ്റുമാരായ ഷേർളി സെബാസ്റ്റ്യനും ഗീതാ ചന്ദ്രനും പരാതി നൽകി. ജോലി ചെയ്യുമ്പോഴുള്ള അളവും മാസങ്ങൾ കഴിഞ്ഞ് സോഷ്യൽ ഓഡിറ്റു നടത്തുമ്പോഴുള്ള അളവും തമ്മിൽ വ്യത്യാസം വരുന്നു എന്നുമായിരുന്നു ഇവരുടെ പരാതി. സോഷ്യൽ ഓഡിറ്റിൽ ഓഫിസ് റെക്കാഡും പണിയിടവും പരിശോധിക്കുന്നുണ്ട്. മഴയും മണ്ണൊലിപ്പും കാട്ടുപന്നികളുടെ ശല്യവുമൊക്കെ കാരണം പണികഴിഞ്ഞ് ഏതാനും മാസത്തിനു ശേഷം ഓഡിറ്റ് നടക്കുമ്പോൾ വ്യത്യാസം വരുന്നു എന്നാണു പരാതി. സോഷ്യൽ ഓഡിറ്റ് നടത്തുന്നത് ഒരു പ്രത്യേക ഏജൻസിയാണന്നും ഇത് തങ്ങളുടെ അന്വേഷണപരിധിയിൽ വരുന്നതല്ലെന്നും പരാതി അവരുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും ഓംബുഡ്സ്മാൻ അറിയിച്ചു.
കഞ്ഞിക്കുഴിയിൽ തൊഴിലുറപ്പു പദ്ധതി പ്രകാരം ജോലി ചെയ്ത പട്ടിക വിഭാഗങ്ങൾക്ക് 773917 രൂപ കിട്ടാനുണ്ടെന്ന് പഞ്ചായത്തംഗം പി.കെ. സുകുമാരൻ ഓംബുഡ്സ്മാനു പരാതി നൽകി. 76 പേർക്ക് കൂലി കിട്ടാനുണ്ട് . എസ്.ടി. വിഭാഗത്തിൽപ്പെട്ടവർക്കാണ് കൂലി കിട്ടാനുള്ളത്. സംസ്ഥാന വിഹിതമാണ് കിട്ടാനുള്ളത്. പണം കൊടുക്കാനുള്ളതായി പഞ്ചായത്തും അറിയിച്ചു. തൊഴിലുറപ്പ് മിഷനുമായി ബന്ധപ്പെടാമെന്ന് ഓംബുഡ്സ്മാൻ അറിയിച്ചു.
കൊന്നത്തടി പഞ്ചായത്തിൽ നടത്തിയ സിറ്റിങിൽ രണ്ടു പേർ വീടുപണി പൂർത്തിയാക്കിയില്ലെന്ന് കണ്ടെത്തി. 34 വീടുകളാണ് അനുവദിച്ചിരുന്നത്. 32 വീടുകൾ പൂർത്തിയായി രണ്ടു വീട് ഉൾപ്പടെ ഇനിയും പൂർത്തിയാക്കിയിട്ടില്ല. വീഴ്ച വരുത്തിയ പനം കുട്ടി വട ക്കമറ്റത്തിൽ അനീഷ്, പെരും തടത്തിൽ ഐസക്ക് എന്നിവർക്കെതിരെ ഓംബുഡ്സ്മാൻ കേസെടുത്തു.
പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുത്ത ദിവസം തൊഴിലുറപ്പു വേതനവും; വൈസ് പ്രസിഡന്റിനെതിരെ കേസ്
ചെറുതോണി: കൊന്നത്തടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാലി കുര്യാക്കോസ് ഒരേ സമയം തൊഴിലുറപ്പു ജോലിയും ചെയ്തു പഞ്ചായത്തു കമ്മറ്റിയിലും പങ്കെടുത്തതായി രേഖയുണ്ടാക്കി വേതനം കൈപ്പറ്റിയതായി തെളിഞ്ഞു. ഇവർക്കെതിരെ ഓംബുഡ്സ്മാന് കിട്ടിയ രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇതു സംബന്ധിച്ച് മേറ്റുമാരിൽ നിന്നും പഞ്ചായത്തിൽ നിന്നും തെളിവെടുത്തു. പാറത്തോട് പത്താം വാർഡ് മെമ്പറായ ഇവർക്കെതിരെ നടപടിയെടുക്കുമെന്ന് ഓംബുഡ്സ്മാൻ പറഞ്ഞു. മേരി കുര്യാക്കോസ് എന്ന പേരിലായിരുന്നു തൊഴിൽ കാർഡ് സംഘടിപ്പിച്ചിരുന്നത്. പലപ്പോഴും ഇവർ ജോലിക്കു വരാറില്ലന്നും ഒപ്പിട്ട ശേഷം സ്ഥലം വിടുകയാണ് ചെയ്തിരുന്നതെന്നും തെളിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.