കാലവർഷം; ഭീതിയുടെ നിഴലിൽ ഒരു കുടുംബം
text_fieldsചെറുതോണി: ഏത് നിമിഷവും വലിയ പാറക്കഷണങ്ങൾ അടർന്ന് വീടിന് മുകളിൽ പതിച്ചേക്കാമെന്ന ഭീതിയിലാണ് മൈലാടുംപാറയിൽ പ്രേംകുമാറും കുടുംബവും. അടിമാലി-കുമളി ദേശീയപാതയിൽ ചേലച്ചുവട് കട്ടിങ് ഭാഗത്താണ് പ്രേംകുമാറിന്റെ വീട്. മാസങ്ങൾക്ക് മുമ്പ് ഭീമൻ പാറക്കഷണം അടർന്ന് ഇവരുടെ കൃഷി ദേഹണ്ഡങ്ങൾ നശിച്ചിരുന്നു.
പാറക്കഷണം ദേശീയപാതയിൽ പതിക്കുകയും ചെയ്തിരുന്നു. അന്ന് കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽനിന്ന് ഒഴിവായത് തലനാരിഴക്കാണ്. റോഡിൽ പതിച്ച പാറക്കഷണത്തിന്റെ ചില ഭാഗങ്ങൾ ഇപ്പോഴും അപകട നിലയിലാണ്.
ഈ പാറക്കഷണങ്ങളാണ് കുടുംബത്തിന്റെ ഉറക്കംകെടുത്തുന്നത്. കാലവർഷം ശക്തമാകുന്നതോടെ അടിയിലെ മണ്ണ് ഒലിച്ചുപോകാനും കല്ലുകൾ താഴേക്ക് പതിക്കാനും സാധ്യതയുണ്ടെന്നാണ് പ്രേംകുമാറും കുടുംബവും ആശങ്കപ്പെടുന്നത്. പാറക്കഷണങ്ങൾ അടർന്ന് വീണപ്പോൾതന്നെ വിവരം അധികൃതരെ അറിയിച്ചിരുന്നു. തുടർന്ന് കുടുംബത്തെ മാറ്റിപ്പാർപ്പിക്കാനും പാറക്കഷണങ്ങൾ പൊട്ടിച്ച് മാറ്റാനും കലക്ടർ ഷീബ ജോർജ് നിർദേശം നൽകിയിരുന്നു.
എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന് ഇദ്ദേഹം പറയുന്നു. 17ന് രാത്രി 12.30ഓടെ ഏതാനും പാറക്കഷണങ്ങൾ അടർന്ന് വീടിന് സമീപത്തേക്ക് ഉരുണ്ട് വന്നിരുന്നു.
വൻ കൃഷിനാശവും സംഭവിച്ചിരുന്നു. കൃഷിയിടത്തിലെ റബർ മരത്തിലും കൊക്കോയിലുമൊക്കെയായി പാറകൾ തങ്ങിനിൽക്കുയാണ്. റോഡിൽ പതിച്ചാലും വൻ ദുരന്തങ്ങൾക്ക് കാരണമായേക്കാമെന്നാണ് നാട്ടുകാരും പറയുന്നത്. അടിയന്തരമായി കുടുംബത്തെ മാറ്റിപ്പാർപ്പിക്കുകയും പാറക്കഷണങ്ങൾ പൊട്ടിച്ച് മാറ്റുകയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.