വനിതകൾക്കും കുട്ടികൾക്കും തണലേകി സഖി
text_fieldsചെറുതോണി: അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കരുതലേകുകയാണ് സഖി. വനിത ശിശുവികസന വകുപ്പിന് കീഴിൽ 2019 മുതൽ ജില്ല ആസ്ഥാനമായ പൈനാവിൽ പ്രവർത്തിച്ചുവരുന്ന സഖി വൺ സ്റ്റോപ് സെന്ററാണ് അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളെ സംരക്ഷിച്ച് കൈത്താങ്ങാകുന്നത്.
അതിക്രമങ്ങൾ തടയുന്നതിനൊപ്പം ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പുനരധിവാസം, വൈദ്യസഹായം പൊലീസ് സേവനം, കൗൺസലിങ്, താൽക്കാലിക അഭയം, നിയമസഹായം എന്നിവ ഉറപ്പുവരുത്തുകയും ചെയ്യുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഇതുവരെ 130പേർക്ക് താൽക്കാലിക അഭയം നൽകിയിട്ടുണ്ട്. 75 സ്ത്രീകളും 55 കുട്ടികളും ഉൾപ്പെടുന്നു. 2019 ഡിസംബർ മുതൽ 2022 സെപ്റ്റംബർ 14വരെ 473 കേസുകൾ സഖി വൺ സ്റ്റോപ് സെന്ററിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഊരുവിലക്ക് നേരിട്ട സ്ത്രീക്കും അവരുടെ ഒമ്പതുമാസം പ്രായമായ ആൺകുട്ടിക്കും സഖി സെന്റർ വഴി ഊരിലേക്ക് തിരികെയെത്താൻ കഴിഞ്ഞു. കേരളത്തിൽ ജോലിക്കെത്തിയശേഷം സ്വദേശത്തേക്ക് യാത്ര മുടങ്ങിയ ഒമ്പത് അന്തർ സംസ്ഥാനക്കാരെ വൺ സ്റ്റോപ് സെന്ററിലേക്ക് മാറ്റിപ്പാർപ്പിച്ചു. പിന്നീട് അവരെ നാട്ടിലേക്ക് തിരികെയയച്ചതും സഖി വഴിയാണ്. ഗാർഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ സഖി ആശ്വാസമേകിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 24 മുതൽ സഖി വൺ സ്റ്റോപ് സെന്ററിൽ മൂന്ന് പൊലീസ് ഫെസിലിറ്റേറ്റർമാരുടെ സേവനവും ഉണ്ട്.
അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് പൊലീസിന്റെ സേവനങ്ങളോ സഹായങ്ങളോ ആവശ്യമായിവന്നാൽ അതത് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് തുടർ നടപടികളും സ്ഥാപനം ചെയ്തുനൽകും. അഡ്മിനിസ്ട്രേറ്റർ, സൈക്കോ സോഷ്യൽ കൗൺസിലർ, പൊലീസ് ഫെസിലിറ്റേറ്റർ, ഐ.ടി സ്റ്റാഫ്, മൾട്ടിപർപ്പസ് വർക്കർ, സെക്യൂരിറ്റി സ്റ്റാഫ് തുടങ്ങി ഒമ്പത് വനിത ജീവനക്കാരാണ് സഖി വൺ സ്റ്റോപ് സെന്ററിന്റെ ചുക്കാൻ പിടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.