സേവനത്തിന് സല്യൂട്ട്; ‘ജെനി’ക്ക് ഇനി വിശ്രമജീവിതം
text_fieldsചെറുതോണി: ഇടുക്കി ഡോഗ് സ്ക്വാഡിലെ ട്രാക്കർ ഡോഗ് 10 വയസ്സുകാരി ജെനി സർവിസിൽനിന്ന് വിരമിച്ചു. നിരവധി കേസ് തെളിയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഇടുക്കി കെ.9 ഡോഗ് സ്ക്വാഡിലെ ഡോഗ് ജെനിക്ക് ഇനി വിശ്രമജീവിതമാണ്. വിരമിക്കൽ ചടങ്ങുകൾ ഡോഗ് സ്ക്വാഡിൽ നടന്നു.
ഇനി ഡോഗ് സ്ക്വാഡിലെ ഹാൻഡ്ലറായ എ.എസ്.ഐ സാബുവിനൊപ്പം തങ്കമണിയിലെ വീട്ടിലാകും ജെനി വിശ്രമജീവിതം നയിക്കുക. ജില്ല പൊലീസ് മേധാവി വി.യു. കുര്യാക്കോസിൽനിന്നാണ് ജെനിയെ ഏറ്റുവാങ്ങിയത്.
2014-15ൽ കേരള പൊലീസ് അക്കാദമിയിൽനിന്ന് പ്രാഥമിക പരിശീലനം പൂർത്തീകരിച്ച ജെനി 2015 ജനുവരി മുതൽ 2023 ജൂലൈ വരെ ജില്ലയിൽ സേവനം ചെയ്തു. 2015ൽ അടിമാലിയിലെ പ്രമാദമായ രാജധാനി കൊലക്കേസിൽ പ്രതികളെ കണ്ടെത്തുന്നതിൽ ജെനി നിർണായക പങ്കുവഹിച്ചു.
നിരവധി കൊലപാതകം, വ്യക്തികളെ കാണാതെ പോകൽ, മോഷണം തുടങ്ങിയ കേസുകളിൽ തെളിവുകളുണ്ടാക്കി. 2019ൽ ശാന്തൻപാറ പൊലീസ് സ്റ്റേഷൻ പരിധിയിലെ പുത്തടിയിലെ സ്ഥലത്തു റിജോഷിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പരിശോധനക്ക് എത്തിയ ജെനി രണ്ടര കിലോമീറ്റർ സഞ്ചരിച്ച് സ്ഥലം കാണിച്ചുകൊടുക്കുകയും അവിടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയും ചെയ്തു. കരിമണ്ണൂർ സ്റ്റേഷൻ പരിധിയിൽ കൊലക്കേസ് പ്രതി ഒളിച്ചിരുന്ന സ്ഥലം ദുർഘടമായ പാറക്കെട്ടുകളിലൂടെ സഞ്ചരിച്ച് കാണിച്ചുകൊടുത്തതും ജെനിയാണ്. ആദ്യമായാണ് ജില്ലയിൽ വെച്ച് ഒരു ഡോഗിന്റെ വിരമിക്കൽ ചടങ്ങ് നടക്കുന്നത്. ഗംഭീര യാത്രയയപ്പാണ് ജില്ലയിൽ ഒരുക്കിയത്. ഡോഗ് സ്ക്വാഡിൽനിന്ന് വിരമിക്കുന്ന നായ്ക്കളെ തൃശൂരിലെ കേരള പൊലീസ് അക്കാദമിയിൽ ഒരുക്കിയിട്ടുള്ള വിശ്രാന്തി ഹോമിലേക്കാണ് കൊണ്ടുപോകാറുള്ളത്.
എന്നാൽ, സാബുവിന്റെ അപേക്ഷ പ്രകാരം ജെനിയെ ഒപ്പം അയക്കുകയായിരുന്നു. സേനയിലുള്ള ഒരു ഉദ്യോഗസ്ഥന് നൽകുന്ന എല്ലാ ബഹുമതിയും നൽകിയാണ് ജെനിയെ വിശ്രമജീവിതത്തിലേക്ക് വിടുന്നത്. യൂനിഫോമിലെത്തിയ ജെനിയെ ജില്ല പൊലീസ് മേധാവി വി.യു. കുര്യാക്കോസ് മാലയിട്ട് സ്വീകരിച്ചു.
നാർകോട്ടിക് സെൽ ഡിവൈ.എസ്.പി മാത്യു ജോർജ്, ഇടുക്കി സർക്കിൾ ഇൻസ്പെക്ടർ സതീഷ്കുമാർ, എ.എസ്.ഐ ഇൻചാർജ് ജമാൽ, കെ.9 ഡോഗ് സ്ക്വാഡ് ഇൻചാർജ് ഓഫിസർ റോയി തോമസ് തുടങ്ങി ഡോഗ് സ്ക്വാഡിലെ സേന അംഗങ്ങളും ചേർന്നാണ് ജെനിയെ യാത്രയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.