കസേരകൾ കാലി; പൊടിപിടിച്ച് ഫയലുകൾ
text_fieldsചെറുതോണി: കലക്ടറേറ്റ് വരെ റവന്യൂ വിഭാഗത്തിലെയും മറ്റ് പ്രധാന വകുപ്പുകളിലും ഉദ്യോഗസ്ഥ ക്ഷാമം. വില്ലേജ് ഓഫിസുകൾ മുതൽ ആളില്ലാക്കസേരകൾ അനവധി. പ്രധാനപ്പെട്ട ഫയലുകൾ വരെ പൊടിപിടിച്ചു കിടക്കുന്ന സ്ഥിതിയാണ് ഇതുമൂലം. മാർച്ച് 31ന് നിരവധി പേർ വിരമിച്ചതോടെയാണ് പല പ്രധാനപ്പെട്ട വകുപ്പിലും ആളില്ലാതായത്. ജീവനക്കാരുടെ വിരമിക്കൽ തീയതി സർക്കാർ ഏകീകരിച്ചതിനോടൊപ്പം പുതിയ നിയമനം നടത്താതെ വന്നതുമാണ് കാരണം. ജില്ലയിലെ 52 ഗ്രാമപഞ്ചായത്തിലും ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാൽ ഭരണസ്തംഭനമുണ്ട്.
വില്ലേജ് ഓഫിസുകളിലെ സ്ഥിതിയും മറിച്ചല്ല. ജില്ല സപ്ലൈ ഓഫിസ്, മെഡിക്കൽ ഓഫിസ്, ജില്ല വ്യവസായ കേന്ദ്രം, ടൗൺ പ്ലാനിങ് ഓഫിസ് വനിത കൗൺസിൽ, കുടുംബശ്രീ മിഷൻ, സാക്ഷരത ഓഫിസ്, നിർമിതി കേന്ദ്രം, പൊതുമരാമത്ത് വിഭാഗം, പാസ്പോർട്ട് സെൽ തുടങ്ങി പ്രധാന വകുപ്പിലൊന്നും പ്രധാന തസ്ഥികകളിൽപോലും ആളില്ലാത്ത സ്ഥിതിയുണ്ട്. കലക്ടറേറ്റിലെത്തുന്ന പൊതുജനങ്ങൾ ജീവനക്കാരുടെ അഭാവംമൂലം വൈകീട്ടു വരെ കാത്തുനിൽക്കേണ്ട അവസ്ഥയുമുണ്ട്.
സർവേ ഡിപ്പാർട്മെന്റ്, താലൂക്ക് ഓഫിസ്, ഭൂമി കേരളം ജില്ല പ്രോജക്ട് ഓഫിസ്, തുടങ്ങിയ ഓഫിസുകളിലും ആവശ്യത്തിനു ജീവനക്കാരില്ല. ഹെഡ് ക്ലർക്ക്, യു.ഡി ക്ലർക്ക് തുടങ്ങി അത്യാവശ്യം വേണ്ട പലരുടെയും കസേരകൾ ശൂന്യമാണ്. പട്ടയ നടപടി നടക്കുന്നതിനാൽ സർവേ ഓഫിസിൽ ആവശ്യം വേണ്ട ജീവനക്കാരെ നിയമിക്കാത്തത് കർഷകർക്കു വിനയായി. ജില്ലയിലെ എട്ടു ബ്ലോക്ക് പഞ്ചായത്തുകളിലും ജീവനക്കാർ കുറവായതിനാൽ മന്ദഗതിയിലാണ് കാര്യങ്ങൾ.
പി.എസ്.സി ഓഫിസ്, എംപ്ലോയ്മെന്റ് ഓഫിസ്, ഹൗസിങ് ബോർഡ്, മൈനർ ഇറിഗേഷൻ ഓഫിസ്, അഗ്രി ഇൻകം ടാക്സ് ഓഫിസ്, സോയിൽ കൺസർവേഷൻ, വെയർഹൗസ്, സെയിൽ ടാക്സ് ഡെപ്യൂട്ടി കമീഷണർ, കമേഴ്സ്യൽ ടാക്സ് ഓഫിസ്, ഹെഡ് ലോഡ് വർക്കേഴ്സ് വെൽഫയർ ബോർഡ് എന്നിവിടങ്ങളിലും ജീവനക്കാരുടെ കുറവുണ്ട്.
ലീഗൽ മെട്രോളജി, രജിസ്ട്രാർ ഓഫിസ് ലേബർ ഓഫിസ്, ഡെയറി ഡെവലപ്മെന്റ് സ്റ്റേഷനറി ഓഫിസ്, മൃഗസംരക്ഷണ ഓഫിസ്, കൃഷി ഡയറക്ടറുടെ ഓഫിസ്, ഐ.ടി.ഡി.പി ഓഫിസ്, ആർ.ടി.ഒ തുടങ്ങിയ സ്ഥാപനങ്ങളിലൊന്നും ആവശ്യത്തിനു ജീവനക്കാരില്ല. ഹോമിയോ മെഡിക്കൽ ഓഫിസ്, ലോട്ടറി ഓഫിസ് സെൻട്രൽ എക്സൈസ്, സിവിൽ സപ്ലൈസ് കോർപറേഷൻ, സഹകരണ സംഘം രജിസ്ട്രാർ ഓഫിസ്, റബർ ബോർഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ ഫയലുകൾ പൊടിപിടിച്ചു കിടക്കുന്നു. ക്രമസമാധാന ചുമതലയുള്ള ജില്ലയിലെ 28 പൊലീസ് സ്റ്റേഷനിലും ആവശ്യമുള്ളതിന്റെ 60 ശതമാനത്തിനടുത്തേ പൊലീസുള്ളൂ.
ഇടുക്കി, കട്ടപ്പന, മൂന്നാർ ഫയർഫോഴ്സ് ഓഫിസുകളിൽ ആവശ്യത്തിനു ജീവനക്കാരെ നിയമിച്ചിട്ടില്ല. ഇടുക്കി, വണ്ടിപ്പെരിയാർ, ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഓഫിസുകളിൽ ജീവനക്കാരുടെ കുറവുമൂലം റെയ്ഡുകൾ പോലും ഇഴയുന്ന സ്ഥിതിയാണ്. വനം വകുപ്പിലും സ്ഥിതി വ്യത്യസ്തമല്ല ഡി.എഫ്.ഒ വൈൽഡ് ലൈഫ്, സോഷ്യൽ ഫോറസ്റ്ററി, ഇരവികുളം നാഷനൽ പാർക്ക് റേഞ്ച് ഓഫിസുകളിലും ആവശ്യത്തിനു ജീവനക്കാരില്ല.
ഇടുക്കി മെഡിക്കൽ കോളജിൽ ആവശ്യത്തിനു ഡോക്ടർമാരെ നിയമിച്ചിട്ടുണ്ടെങ്കിലും മിക്കവരും അവധിയിലാണ് ഗൈനക്കോളജിസ്റ്റുകളുടെ ഒഴിവും നികത്തിയിട്ടില്ല. കെ.എസ്.ഇ.ബി.യിലും ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാൽ സമയത്തിനു ടച്ച് വെട്ടുപോലും നടന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.