ഫണ്ട് വിനിയോഗത്തിൽ വീഴ്ച: ത്രിതല പഞ്ചായത്തുകളിൽ വികസനം സ്തംഭിക്കുന്നു
text_fieldsചെറുതോണി: ഭരണസമിതിയും ഉദ്യോഗസ്ഥരും തമ്മിലെ അഭിപ്രായവ്യത്യാസം മൂലം തദ്ദേശസ്ഥാപനങ്ങളുടെ വികസനം സ്തംഭനാവസ്ഥയിൽ. മാർച്ച് 31 അവസാനിച്ചപ്പോൾ വികസന പദ്ധതികൾക്കായി സർക്കാർ അനുവദിച്ച ഫണ്ടിൽ 15,01,32,868 രൂപ ജില്ല പഞ്ചായത്തും 19,68,20,979 രൂപ ബ്ലോക്ക് പഞ്ചായത്തുകളും 2,38,63,40,111 രൂപ പഞ്ചായത്തുകളും 22,08,05,627 രൂപ നഗരസഭകളും വിനിയോഗിക്കാതെ വീഴ്ചവരുത്തിയിരുന്നു. ഒടുവിൽ ഈ തുക സ്പിൽ ഓവറിലേക്കു മാറ്റിക്കൊടുത്തു. എന്നിട്ടും 50 ശതമാനംപോലും ഇനിയും വിനിയോഗിക്കാത്ത സാഹചര്യമാണ്. തദ്ദേശസ്ഥാപനങ്ങളുടെ വികസനത്തിനായി സർക്കാർ എല്ലാ സാമ്പത്തിക വർഷവും
അനുവദിക്കുന്ന തുക ആവർഷം തന്നെ വിനിയോഗിക്കണമെന്നാണ് വ്യവസ്ഥ. പക്ഷേ, ഇക്കാര്യത്തിൽ മിക്ക ത്രിതല പഞ്ചായത്തുകളും ഉദ്യോഗസ്ഥരും കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. വാർഷിക പദ്ധതികൾ മുൻകൂട്ടി തയാറാക്കി ജില്ല പ്ലാനിങ് കമ്മിറ്റിയിൽ എത്തിക്കുന്നതിലും അംഗീകാരം നേടുന്നതിലും വലിയ കാലതാമസമാണ് വരുത്തുന്നത്. ഇതുമൂലം ടെൻഡർ നടപടിയിലും കാലതാമസമുണ്ടാകും. മിക്ക പഞ്ചായത്തിലും സാമ്പത്തികവർഷം അവസാനിക്കാൻ രണ്ടോ മൂന്നോ മാസം അവശേഷിക്കുമ്പോഴാണ് ടെൻഡർ നടപടികൾ തുടങ്ങുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം ചില സ്ഥലങ്ങളിൽ സെക്രട്ടറി, അസി.സെക്രട്ടറി ഓവർസിയർ തുടങ്ങിയവർ ഇല്ലാത്തത് മൂലവും വികസന പദ്ധതികൾ മുടങ്ങി യന്ത്രസാമഗ്രികളും അസംസ്കൃത വസ്തുക്കളും കിട്ടാനില്ലെന്ന കാരണം പറഞ്ഞ് കരാറുകാർ പദ്ധതി ഏറ്റെടുത്തില്ല. സർക്കാറിന്റെ നിയമമനുസരിച്ച് സ്പിൽ ഓവർ തുക കുറച്ചശേഷമേ പുതിയ സാമ്പത്തിക വർഷത്തേക്ക് പദ്ധതി വിഹിതം അനുവദിക്കുകയുള്ളൂ. ഇതുമൂലം പുതിയ പദ്ധതികൾ നടപ്പാക്കാൻ കഴിയാതെ വരും. ഇതു ജില്ലയുടെ വികസനത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.