മനക്കരുത്ത് കൊണ്ട് വിധിയെ മറികടന്നോടി രാജ്യാന്തര മാരത്തൺ താരമായ പ്രമോദിന്റെ കഥ
text_fieldsചെറുതോണി: പരസഹായം കൊണ്ട് മാത്രം ജീവിതം തള്ളിനീക്കുന്നതിനിടെ മനക്കരുത്ത് കൊണ്ട് വിധിയെ മറികടന്നോടി മാരത്തണിൽ രാജ്യാന്തര താരമായി മാറിയ കഥയാണ് പ്രമോദിേൻറത്.
ഇടുക്കി കലക്ടറേറ്റിൽ റവന്യൂ വിഭാഗത്തിൽ ജോലി ചെയ്യുന്ന ചുരുളി ആൽപാറയിൽ പള്ളിക്കുന്നേൽ പരേതനായ ദാസിെൻറ മകൻ പ്രമോദിെൻറ ജീവിതം പ്രതിസന്ധികൾക്ക് മുന്നിൽ തളർന്നുനിൽക്കുന്നവർക്ക് പ്രത്യാശയും പ്രചോദനവുമാണ്. പ്രമോദിന് ജന്മനാ ഇടതുകൈ ഇല്ല.
വലത് കൈയാകെട്ട വൈകല്യം ബാധിച്ചതും. കഞ്ഞിക്കുഴി എസ്.എൻ ഹൈസ്കൂളിലെ കായികാധ്യാപികയായിരുന്ന ഓമനയാണ് പ്രമോദിലെ കായികപ്രതിഭയെ തിരിച്ചറിഞ്ഞത്. അധ്യാപികയുടെ ശിക്ഷണത്തിൽ ഓട്ടത്തിൽ പരിശീലനം നേടിയായിരുന്നു തുടക്കം.
എറണാകുളം മഹാരാജാസിൽ പഠിക്കാനെത്തിയത് ജീവിതത്തിൽ വഴിത്തിരിവായെന്ന് 38കാരനായ പ്രമോദ് പറയുന്നു. സർവകലാശാല ഫുട്ബാൾ ടീമിൽ ദേശീയതാരമായും മാരത്തണിൽ പങ്കെടുക്കുന്ന ആദ്യ ഭിന്നശേഷിക്കാരനായും പ്രമോദ് തിളങ്ങി. കൊച്ചി, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ മാരത്തണിൽ പങ്കെടുത്ത് മെഡൽ നേടി.
ഏഷ്യയിൽ ആദ്യമായി ഫിഫ ലെവൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ഫുട്ബാൾ കോച്ചെന്ന ബഹുമതിക്കും അർഹനായി. എയർ ഇന്ത്യയുടെ ഫുട്ബാൾ ലീഗിൽ മത്സരിച്ച ആദ്യ ഭിന്നശേഷിക്കാരനും പ്രമോദ് തന്നെ. ഇതിനുപുറമെ, ടേബിൾ ടെന്നിസിലും നീന്തലിലും കഴിവ് തെളിയിച്ചു. നെടുമ്പാശ്ശേരി എയർപോർട്ട് ടീം, ആലുവ ജനസേവ ശിശുഭവൻ എന്നിവിടങ്ങളിൽ പരിശീലകനായിരുന്നു.
ശാരീരിക വൈകല്യമുള്ളവർക്ക് 2012ൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധാനം ചെയ്തു. 19 ഇനത്തിൽ 17ലും മെഡൽ നേടിയാണ് ഇവരുടെ ടീം മടങ്ങിയത്. ഇടുക്കിയിൽ നടന്ന ജനസമ്പർക്ക പരിപാടിയിൽ പ്രമോദിെൻറ കഥ കേട്ട ഉമ്മൻ ചാണ്ടി ഇടപെട്ടാണ് ജോലി കിട്ടിയത്. ചുരുളി ആൽപാറയിൽ അമ്മ ചിന്നമ്മയോടൊപ്പമാണ് താമസം. അവിവാഹിതനാണ്. രണ്ട് സഹോദരന്മാരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.